കൊച്ചി: ലാൻഡ് റോവറിന്റെ ഡിഫൻഡർ എച്ച്എസ്ഇ ഗാരിജിലെത്തിച്ച് സൂപ്പർഹിറ്റ് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. അക്‌സസറീസ് അടക്കം ഏകദേശം 1.65 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. റേഞ്ച് റോവർ ഇവോക്, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ വാഹനങ്ങളും സന്തോഷ് ടി കുരുവിളയ്ക്ക് സ്വന്തമായുണ്ട്.

ഡിഫൻഡറിന്റെ മൂന്നു ലീറ്റർ ഡീസൽ എൻജിൻ മോഡലാണ് അദ്ദേഹം സ്വന്തമാക്കിയത്. 221 കിലോവാട്ട് കരുത്തുള്ള എസ്‌യുവി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം 7 സെക്കൻഡിലെത്തും. 191 കിലോമീറ്ററാണ് ഉയർന്ന വേഗം.

ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമെത്തിയ പുതിയ ഡിഫൻഡർ ഏറെ ആരാധകരെ സൃഷ്ടിച്ചു.

ഒറിജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്‌റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു.

291 മി.മീ. ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. 3 ലീറ്റർ ഡീസൽ എൻജിൻ മോഡൽ കൂടാതെ മൂന്നു ലീറ്റർ പെട്രോൾ എൻജിൻ മോഡലും വാഹനത്തിനുണ്ട്. 400 ബിഎച്ച്പി കരുത്ത് നൽകും ഈ എൻജിൻ. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സാണ്.