തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയെത്തിയ തങ്ങളെ നാട്ടിൽ ആരും സ്വീകരിക്കാനോ ഒന്നും ഉണ്ടായില്ല എന്ന വിവാദത്തിന് മറുപടി നൽകുകയാണ് കേരള ടീം വൈസ് ക്യാപ്റ്റൻ സീസനും സഹതാരം ലിജോയും. തങ്ങളുടെ നാടിനായി കപ്പ് നേടിയിട്ടും തങ്ങളെ നാട് അവഗണിച്ചു എന്ന് ഇരുവരും പറഞ്ഞു. മറ്റ് ജില്ലകളിലെ താരങ്ങളെ അവർ ആദരിക്കുന്നതും മറ്റും കണ്ടപ്പോൾ തങ്ങൾക്കും കിട്ടിയില്ലെന്ന് തോന്നി, എങ്കിലും വിഷമം ഇല്ലെന്നും താരങ്ങൾ പറയുന്നു.

തങ്ങളെ ആരും വിളിച്ചിരുന്നില്ല. ഇവിടെ വന്നതും ഇറങ്ങിയതുമെല്ലാം ഒറ്റയ്ക്ക് തന്നെയായിരുന്നു. തങ്ങളുടെ സുഹൃത്ത് തന്നെയാണ് ആ പോസ്റ്റ് ഇട്ടിരുന്നത്. അവൻ ഞങ്ങളുടെ അവസ്ഥ കണ്ട് ഇട്ടപോസ്റ്റായിരുന്നു. തങ്ങളുടെ നാട് ഫുട്ബോളിന് പേര് കേട്ട നാടാണ്. ഇവിടെ നിന്ന് ഈ സീസണിൽ തന്നെ ഏഴ് താരങ്ങൾ വിവിധ ടീമുകൾക്കായി സന്തോഷ് ട്രോഫി കളിച്ചിരുന്നു. പതിനൊന്ന് പേര് പോലും കളിച്ച വർഷങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇതിൽ ആരേയും കുറ്റം പറയുന്നില്ല, അവർ തങ്ങളെ വലിയ രീതിയിൽ ആദരിക്കാൻ പരിപാടിയിട്ടിരിക്കാം. പക്ഷേ കിട്ടേണ്ട സമയത്ത് കിട്ടിയെങ്കിൽ മാത്രമാണല്ലോ അതനൊരു സുഖമുള്ളത്...

പൊഴിയൂർ സ്വദേശികളായ കേരള ടീം വൈസ് ക്യാപ്റ്റൻ സീസനും പ്രതിരോധ ഭടൻ ലിജോയും ആളും ആരവങ്ങളും ഇല്ലാതെ വീടുകളിലേക്ക് മടങ്ങിയതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബസ്സിറങ്ങി വഴിപോക്കരെ പോലെ തനിയെ റോഡിൽ നിൽക്കുന്ന താരങ്ങളുടെ ഫോട്ടോയാണ് പ്രചരിച്ചത്.

ടീമിലെ മറ്റംഗങ്ങൾക്ക് നാട്ടിൽ ഒരുങ്ങിയ സ്വീകരണങ്ങൾ കണ്ടു കൊതിച്ചു പൊഴിയൂരിലെത്തിയ ഇരുവരെയും സ്വന്തം നാട്ടുകാർ അവഗണിട്ടുവെന്നായിരുന്നു ഇവരുടെ ആക്ഷേപം. മിഥുൻ വിൽവെറ്റ് എന്ന ആരാധകൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആയിരത്തിലധികം പേരാണ് ഈ ചിത്രം ഫേസ്‌ബുക്കിൽ മാത്രം ഷെയർ ചെയ്തിരിക്കുന്നത്.

മിഥുൻ വെൽവെറ്റിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം

ഇത് 2018 സന്തോഷ്ട്രോഫി നേടിയ കേരളടീമിന്റെ വൈസ് ക്യാപ്റ്റൻ സീസനും പ്രതിരോധ ഭടൻ ലിജോയും. നാട്ടിൽ വന്നിറങ്ങുന്ന സമയത്തു സ്വീകരിക്കാൻ ഒരുപാട് പേർ വന്നെത്തുമെന്ന മോഹവുമായി രണ്ടു ചെറുപ്പക്കാർ. പക്ഷെ, ആരും വന്നില്ല, റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാന്റിലും വഴിയോരങ്ങളിലും അവർ തിരഞ്ഞുവത്രേ, ഒരു പ്രമുഖരെയും കണ്ടില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലും ഇപ്പോഴും കേരളം മുഴുവനും ചർച്ച ചെയ്യപ്പെടുന്ന രണ്ടു പൊഴിയൂരുകാർ പൂമാലയും കൊട്ടും കുരവയുമില്ലാതെ വീട്ടിലേക്കു നടന്നു പോകുന്ന ദൃശ്യം നേരിട്ട് കണ്ടതിന്റെ വേദനയിലാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ടീമിലെ മറ്റു കളിക്കാർക്ക് നൽകിയ സ്വീകരണങ്ങൾ നിങ്ങൾക്ക് മീഡിയയിൽ കാണാം. ആദരവ് നൽകേണ്ടത് എങ്ങനെയാണെന്നും എപ്പോഴാണെന്നും ഇനിയും നമ്മുടെ തലസ്ഥാനവും നമ്മുടെ നാട്ടുകാരും പഠിക്കേണ്ടിയിരിക്കുന്നു. ഇനിയുള്ള സ്വീകരണങ്ങൾ ഒരു പ്രഹസനം മാത്രമായി അവർ കാണാതിരിക്കട്ടെ ! ഉറങ്ങുന്നവർ ഏഴുന്നേൽക്കുക