- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറി വാടക ആശുപത്രി നിർമ്മിക്കുന്ന സ്വകാര്യ വ്യക്തിക്ക്; ചികൽസാ ചെലവുകൾ സർക്കാരും വഹിക്കും; ബിൽ രഹിത ആശുപത്രിക്ക് പിന്നിലുള്ളത് ജനകീയ പങ്കാളിത്തതോടെയുള്ള ആരോഗ്യ പദ്ധതി; യുഡിഎഫ് വാഗ്ദാനം ചെയ്യുന്ന ആരോഗ്യ വിപ്ലവത്തെ കുറിച്ച് സന്തോഷ് വി ജോർജിന് പറയാനുള്ളത്
കൊച്ചി: യുഡിഎഫ് വന്നാൽ ബിൽ രഹിത ആശുപത്രി. ആരോഗ്യ മേഖലയുടെ സമൂല മാറ്റത്തിനായി ശ്രമിക്കുന്ന കുമ്പനാട് സ്വദേശിയായ സന്തോഷ് വി. ജോർജിന്റെ ആശയം യാഥാർത്ഥ്യമാകണമെങ്കിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തണം. അത് സംഭവിക്കുമെന്ന് തന്നെയാണ് സന്തോഷിന്റേയും പ്രതീക്ഷ.
യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ബിൽ രഹിത ആശുപത്രി എന്നത് സന്തോഷിന്റെ കൂടി ആശയമാണ്. മികച്ച ചികിത്സ സൗജന്യമായി എന്ന ആശയവുമായി കഴിഞ്ഞ പത്തു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സന്തോഷിന്റെ കൂടി നിർദ്ദേശം ബെന്നി ബെഹനാനും സി. പി ജോണും ഉൾപ്പെടുന്ന സമിതി അംഗീകരിക്കുകയായിരുന്നു. തിരുവല്ല മാർത്തോമ്മാ കോളജ് ൽ മാഗസിൻ എഡിറ്ററും കോളേജ് യൂണിയൻ ചെയർമാനും ആയിരുന്ന സന്തോഷ് ഈ നിർദ്ദേശം പ്രാവർത്തികമാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
പ്രഖ്യാപനങ്ങൾക്കപ്പുറം ഈ പദ്ധതി സാധ്യമാണ്. ഇതിന് തെളിവാണ് കാസർകോട്ടെ ഇടപെടൽ. കോവിഡ് ഭയം മൂർധന്യത്തിലായ മാർച്ച് മാസം അവസാനം കർണാടക സർക്കാർ കാസർകോട് നിന്നു മംഗലാപുരത്തേക്കുള്ള എല്ലാ വഴികളും അടച്ചപ്പോൾ കാസർകോട് 60 കോടി രൂപ ചെലവിൽ 540 മുറികൾ ഉള്ള ആശുപത്രി ടാറ്റ ഗ്രൂപ്പ് പണിതു നൽകാൻ തയ്യാറാകുകയും 3 - 4 മാസം കൊണ്ട് യാഥാർഥ്യം ആക്കുകയും ചെയ്തു. ആശുപത്രി ഉപകരണങ്ങൾ ഉൾപ്പെടെ ആശുപത്രി നടത്തിപ്പ് ചുമതല സർക്കാരിന്റെതാണ്.
2020 സെപ്റ്റംബർ ആദ്യവാരം കാസർകോട് ടാറ്റ ആശുപത്രി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പൊതു - സ്വകാര്യ പങ്കാളിത്തം ഗുണകരം അടയ്ക്കുന്നതിനുള്ള ഉദാത്ത മാതൃകയാണ് ഇതെന്നാണ്. ഇത് തന്നെയാണ് സംസ്ഥാനത്തുട നീളം ബിൽ രഹിത ആശുപത്രിയെന്ന രീതിയിലേക്ക് അവതരിപ്പിക്കാൻ പദ്ധതി തയ്യാറാക്കുന്നതും. ഈ പൊതു - സ്വകാര്യ പങ്കാളിത്തം ആണ് കോൺഗ്രസിന്റെ എല്ലാവർക്കും ആരോഗ്യം പദ്ധതി. ഇതിനെ ബിൽ രഹിത ആശുപത്രി എന്ന സങ്കൽപ്പത്തിലേക്ക് ഉയർത്തും.
60 കോടി രൂപ മുടക്കി ആശുപത്രി ഭൗതിക സാഹചര്യം ഒരുക്കിയ ടാറ്റ ഗ്രൂപ്പിനെ മുറിവാടക വാങ്ങാൻ അനുവദിച്ചാൽ മാത്രം മതിയെന്ന് സന്തോഷ് പറയുന്നു. ഒപ്പം അനാവശ്യ പരിശോധന, മരുന്ന്, ശസ്ത്രക്രിയ ഒഴിവാക്കുകയും ഉള്ള ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്താൽ മതി. ഇതേ മാതൃകയിൽ ഏതാനും എ ഗ്രേഡ് ആശുപത്രികളും 20 ബി ഗ്രേഡ് ആശുപത്രികളും 30 സി ഗ്രേഡ് ആശുപത്രികളും തുടങ്ങാൻ കഴിയും. ഇതു മുഴുവനും പുതിയ ആശുപത്രികൾ ആവണമെന്നില്ലെന്നും സന്തോഷ് വിശദീകരിക്കുന്നു.
2016 യുഡിഎഫ് പ്രകടനപത്രികയിലും 'എല്ലാവർക്കും ആരോഗ്യം' എന്ന നിർദ്ദേശം സന്തോഷ് നൽകിയിരുന്നു. 2011 മുതൽ ഈ പദ്ധതി നിർദ്ദേശവുമായി സന്തോഷ് രംഗത്തുണ്ട്. കേരളത്തിലെ സാഹചര്യത്തിൽ നിലവിലുള്ള ധാർമികതയുള്ള ആശുപത്രികൾക്ക് ഈ മാതൃകയിലേക്ക് മാറാൻ കഴിയും. ടാറ്റ ഗ്രൂപ്പ് ബജറ്റ് ഹോട്ടൽ നടത്തുന്നവരാണ്. അവർക്ക് രോഗിയെ ചൂഷണം ചെയ്ത് അനാവശ്യ ചികിത്സയോ ശസ്ത്രക്രിയയോ നടത്തി പണം ഉണ്ടാക്കേണ്ട കാര്യമില്ല. ആശുപത്രി നടത്തുന്ന സർക്കാരിനും ഈ ദുരുദ്ദേശ്യം ഇല്ല. ജീവനക്കാരെ ധാർമികമായി നിയന്ത്രിക്കാൻ കഴിയുന്ന ജനകീയ സമിതി ഉണ്ടായാൽ മാത്രം മതി. ടാറ്റായെ പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത പ്രധാനമാണ്-സന്തോഷ് പറയുന്നു.
ഇതിന്റെ ഏറ്റവും വലിയ ഗുണം സർക്കാർ ആശുപത്രികൾ, രോഗികളോടുള്ള സമീപനം ഉൾപ്പെടെ സ്വയം നവീകരിക്കാൻ നിർബന്ധിതരാകും എന്നതാണ്. ക്രമേണ 30% സർക്കാർ ആശുപത്രികൾ, 70% സ്വകാര്യ - സർക്കാർ ആശുപത്രികൾ എന്ന നിലയിലേക്ക് മാറാൻ കഴിയും.ആശുപത്രികളുടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള സർക്കാർ ചെലവ് ഭാവിയിൽ ഇല്ലാതാകുകയും ചെയ്യും. . 2014 മതുൽ ഇന്ത്യയിലെ ആരോഗ്യ മേഖലയിൽ പുതിയൊരു ദിശാ ബോധത്തിന് ശ്രമിക്കുന്ന വ്യക്തിയാണ് സന്തോഷ്.
2014 മാർച്ച് 26നു കോൺഗ്രസ് പുറത്തിറക്കിയ പാർലമെന്റ് തിരഞ്ഞെടുപ്പു പ്രകടനപത്രികയിലാണ് ആരോഗ്യം അവകാശമാക്കണമെന്ന് പ്രഖ്യാപിക്കപ്പെട്ടത്. തൊഴിലുറപ്പു പദ്ധതിയും ഭക്ഷ്യസുരക്ഷാ പദ്ധതിയും നടപ്പാക്കിയ കോൺഗ്രസ് അടുത്തതായി നടപ്പാക്കേണ്ട ക്ഷേമപദ്ധതിയായി കാണുന്ന ആരോഗ്യ രംഗത്തെ ഇടപെടലാണ്. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് സന്തോഷിന്റെ ഇടപെടലാണ്. ആരോഗ്യം ഇലക്ഷൻ വിഷയമാക്കിയതിൽ തനിക്കും ഒരു പങ്കുണ്ടെന്നതിൽ സന്തോഷ് അഭിമാനം കൊള്ളുന്നു. സന്തോഷ് വി. ജോർജ് 2011ലാണ് ഈ ആശയം ചർച്ചയാക്കിയത്. തിരുവല്ല മാർത്തോമ്മാ കോളജ് മുൻ യൂണിയൻ ഭാരവാഹിയും കോൺഗ്രസ് അനുഭാവിയുമായ സന്തോഷ് 1995 മുതൽ കേരളത്തിലെ ഹോട്ടൽ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യക്തിയാണ്. സാമൂഹിക സംഘടനകൾ, കോർപറേറ്റ് കമ്പനികൾ എന്നിവയുടെ സഹായം സ്വീകരിച്ചുകൊണ്ട് ആരോഗ്യകേന്ദ്രങ്ങളെ 'ദത്ത്' എടുത്തുകൊണ്ടുള്ള പരിപാടി ആയിരിക്കണം ആസൂത്രണം ചെയ്യേണ്ടതെന്ന് സന്തോഷ് പറയുന്നു.
മെഡിക്കൽ- പാരാമെഡിക്കൽ സ്റ്റാഫിന് ആവശ്യമായ ആവർത്തന ചെലവുകൾ ഗവൺമെന്റും തദ്ദേശ ഭരണ സ്ഥാപനങ്ങളും സംയുക്തമായി ഏറ്റെടുക്കും. ഇതുവഴി ഗ്രാമപ്രദേശങ്ങളുടെ 50-60% ജനങ്ങളുടെ ആരോഗ്യ ചികിത്സാസഹായം ഇവിടെ ലഭ്യമാകും. കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന പുതിയ മാതൃക ആശുപത്രി നേരിടുന്ന അടിസ്ഥാന ചെലവുകൾക്ക് സർക്കാർ പണമായി പിന്തുണ നൽകുകയെന്ന നൂതനമായ മാതൃകയായിരിക്കും എന്നാണ് സൂചന. ഇങ്ങനെ വരുമ്പോൾ ചികിത്സാ ചെലവ് മരുന്നും മുറിവാടകയുമൊഴിച്ചുള്ളതെല്ലാം മുപ്പതിലൊന്നായി ചുരുങ്ങും. ഉദാഹരണം 150 രൂപാ വരുന്ന ഇസിജി അഞ്ചു രൂപയായി കുറയും. സ്‌കാനിങ് ചെലവ് 100-200 രൂപയായി കുറയും. ഇതിനനുസരണമായി ഇൻഷുറൻസ് പ്രീമിയം കുറഞ്ഞത് ഇരുപതിലൊന്നായി ചുരുങ്ങും. ഇത്തരത്തിൽ ഉള്ളൊരു പദ്ധതിയാണ് സന്തോഷ് വി ജോർജ് മുന്നോട്ട് വച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ