പ്രത്യാശയുടെ പ്രതിരൂപമായ ഒരു പ്രവാസ കൂട്ടായ്മയാണ് കുവൈറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാന്ത്വനം. കഴിഞ്ഞ 6 മാസ കാലയളവിൽ 500 ഓളം രോഗികൾക്കായി അര കോടിയോളം രൂപയുടെ ചികിത്സാ സഹായമാണ് കേരളത്തിലേയും തമിഴ്‌നാട്ടിലെയും ഒപ്പം കുവൈറ്റിലെയും കഷ്ടത അനുഭവിക്കുന്ന രോഗികൾക്കായ് വിതരണം ചെയ്തത് എന്ന് സാന്ത്വനം കുവൈറ്റിന്റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. സഹായിക്കുക എന്നത് ഔദാര്യമല്ല മറിച്ച് അത് ഓരോ പൗരന്റെയും കടമയാണെന്ന തിരിച്ചറിവിനാലാകണം 2001-ൽ ഏതാനും ഏതാനും മനുഷ്യസ്‌നേഹികൾ ചേർന്ന് തുടങ്ങി വച്ച ഈ ഉദ്യമം ഇന്ന് 3200 ഓളം അംഗങ്ങളുള്ള ഒരു വലിയ കൂട്ടായ്മയായ് മാറിയത്.

വേദനിക്കുന്ന മനസ്സുകളെക്കുറിച്ചുള്ള ആകുലതയാണ് സാന്ത്വനം എന്ന കൂട്ടായ്മ സാദ്ധ്യമാക്കിയത്. കുവൈറ്റിലെ പ്രതികൂല കാലാവസ്ഥയിൽ നാനാതുറയിലും പണിയെടുക്കുന്ന സാധാരണക്കാരിൽ നിന്നും സ്വരൂപിക്കുന്ന ചെറിയ തുകകൾ കൂട്ടിവച്ച് മാസം തോറും ഇന്ത്യയിലും കൂവൈറ്റിലും ചികിത്സക്ക് പണമില്ലാതെ കഷ്ടപ്പെടുന്ന നിർധനരോഗികൾക്ക് മുടക്കം കൂടാതെയെത്തിച്ച് കൊടുത്ത് മാനവസേവനത്തിന്റെ മഹനീയ മാതൃക പിൻതുടരുന്നു.

പ്രതിമാസം 7 ലക്ഷം രൂപയുടെ ചികിത്സാ സഹായമാണ് നമ്മുടെ നാട്ടിലും തമിഴ്‌നാട്ടിലുമായ് എത്തിക്കുന്നത് ഒരു രോഗിക്ക് പതിനായിരം രൂപ എന്ന ക്രമത്തിൽ 70 രോഗികൾക്കാണ് സഹായം എത്തിക്കുന്നത്. കൂടാതെ ശയ്യാവലംബരായ ഒരു നേരത്തെ ആഹാരത്തിനൊ മരുന്നിനൊ പണമില്ലാത്തെ ജീവിതം വഴിമുട്ടി നിൽക്കുന്ന 45ഓളം പേർക്ക് മാസം തോറും അയ്യായിരം രൂപ വീതം സാന്ത്വനം തുടർ ചികിത്സാ പദ്ധതിയിൽപ്പെടുത്തി ഒരു പെൻഷൻ പ്ലാൻ എന്ന നിലയിൽ നൽകി വരുന്നു.

ഇതിന് പുറമെ സാന്ത്വനം വർഷംതോറും നടപ്പിലാക്കുന്ന പ്രത്യേക കർമ്മ പദ്ധതിയിൽ (വിശ്രം സങ്കേത്, തിരുവനന്തപുരം) ഉൾപ്പെടുത്തിയിട്ടുള്ള നിർദ്ധന രോഗികൾക്കുള്ള സൗജന്യ താമസസൗകര്യം, ഈ സൗകര്യം തിരുവനന്തപുരം ആർസിസിയിലും മെഡിക്കൽ കോളജിലുമെത്തുന്ന 300 ൽപരം നിർദ്ധന രോഗികളാണ് പ്രയോജനപ്പെടുത്തുന്നത്. തിരുവനന്തപുരം ഡവലപ്പ്‌മെന്റ് അഥോറിറ്റിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സംരംഭത്തിനായ് സാന്ത്വനം കുവൈറ്റ് 46,000 രൂപയാണ് പ്രതിമാസം വാടക ഇനത്തിൽ നൽകിവരുന്നത്.

കരിമണൽ ഖനനത്താൽ ക്രമാതീതമാം വിധം കാൻസർ രോഗികൾ പെരുകുന്ന കൊല്ലം ജില്ലയിലെ തീരദേശമേഖലയിൽ റീജണൽ കാൻസർ സെന്ററിന്റെ മേൽനോട്ടത്തിൽ നീണ്ടകര താലൂക്കാശുപത്രിയിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് യൂണിറ്റിൽ എത്തുന്ന രോഗികൾക്ക് പോഷകാഹാകാരവും മറ്റ് അവശ്യവസ്തുക്കളും നൽകുന്ന പദ്ധതിയും, കോട്ടയം മെഡിക്കൽ കോളേജിൽ ശുദ്ധജല പ്ലാന്റിനുള്ള സാമ്പത്തിക സഹായങ്ങളും, എൻഡോസൾഫാൻ ദുരിത ബാധിതർക്കായ് കാസർഗോഡ് ബദിയടുക്ക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ഫിസിയോതെറാപ്പി യൂണിറ്റിനായുള്ള സഹായം, കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് മൊബൈൽ മാമോഗ്രാം യൂണിറ്റിനായുള്ള സഹായം, അട്ടപ്പാടി ശാന്തി ഇൻഫർമേഷൻ സെന്ററിൽ ഫിസിയോതെറാപ്പി യൂണിറ്റിനായുള്ള സഹായം മുതലായവ സാന്ത്വനം ഏറ്റെടുത്ത് നടത്തി വരുന്ന സാമൂഹ്യ ദൗത്യങ്ങളിൽ ഉൾപ്പെടുന്നു. തൃശൂരിൽ ഓട്ടിസം ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന അംഹ, മാരക രോഗങ്ങളുടെ പിടിയിലമർന്ന കുട്ടികളെ സംരക്ഷിക്കുന്ന സോലേസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി സഹായം നൽകി വരുന്നു. കുവൈറ്റിലെ ഗാർഹിക - നിർമ്മാണമേഖലയിൽ ചെറിയ വരുമാനത്തിൽ ജോലിക്കായ് എത്തി മാരകമായ അസുഖങ്ങൾ ബാധിച്ച് ഒറ്റപ്പെട്ട് ദുരിത ജീവിതം നയിക്കുന്നവരെ വാസസ്ഥലത്തോ ആശുപത്രിയിലോ കണ്ടെത്തി അവർക്ക് സാമ്പത്തിക സഹായം നൽകി ആവശ്യമെങ്കിൽ വിദഗ്ദ്ധ ചികിത്സക്ക് നാട്ടിൽ എത്തിച്ച് തുടർ ചികിത്സ നൽകുന്ന പദ്ധതി. ഈ സഹായം 2016 - ൽ മാത്രം 30 രോഗികളാണ് പ്രയോജനപ്പെടുത്തിയത്. ഒരു വ്യാഴവട്ടത്തിലേറെക്കാലമായ് മാനവ സേവനത്തിന്റെ സമസ്ത മേഖലകളിൽ മാറ്റി നിർത്താനാകാത്ത ഒരു നാമമായ് പാവപ്പെട്ട രോഗികളിൽ സ്ഥിരപ്രതിഷ്ഠ നേടി സാന്ത്വന യാത്ര തുടരുന്നു.

2001 മുതൽ 2016 വരെയുള്ള ഈ സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനത്താൽ 8600 രോഗികൾക്കായ് 7.4 കോടി രൂപയുടെ സഹായമാണ് എത്തിക്കാനായത്. കരുതലിന്റെ കരുത്തും ആർത്ത ലക്ഷങ്ങളുടെ പ്രാർത്ഥനയും കൈമുതലാക്കി വരും വർഷങ്ങളും സാന്ത്വന വർഷങ്ങളാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.....