കൊച്ചി: കാല് നഷ്ടപ്പെട്ട് ജീവിത വഴിയിൽ വീണു പോയ ഗൃഹനാഥന് കേരള ബാങ്ക് ജീവനക്കാർ 'സ്വാന്തനം' ചലഞ്ചിലുടെ ബാധ്യതയിൽ നിന്നും മോചനമേകി. കേരള ബാങ്ക് വാഴക്കുളം ശാഖയുടെ നേതൃത്വത്തിൽ വാഴക്കുളം നടുകര മുണ്ടക്കാപ്പടിയിൽ ജോർജ്ജ് എ.കെയുടെ വായ്പ ബാധ്യതയാണ് ജീവനക്കാരും ഇടപാടുകാരും സമാഹരിച്ച തുകയടച്ച് അവസാനിപ്പിച്ചത്. ജോർജ്ജ് ബാങ്കിൽ ഈട് വച്ചിരുന്ന വീട് ഉൾപ്പെടുന്ന നാല് സെന്റ് ഭൂമിയുടെ ആധാരം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ തിരികെ നൽകി.

കേരള ബാങ്ക് വാഴക്കുളം ശാഖയിൽ നിന്ന് വായ്പ എടുത്തിരുന്ന ജോർജ്ജിന്റെ ഇടത്തെ കാൽ പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന 2018ൽ മുട്ടിന് മുകളിൽ വച്ച് മുറിച്ച് മാറ്റിയിരുന്നു. കാൽ മുറിച്ചതോടെ ജീവിതം വഴിമുട്ടിയ ജോർജ്ജിന് മകൻ ജോബി മരുമകൾ മാലിനി എന്നിവർ സഞ്ചരിച്ച ഓട്ടോറിക്ഷ 2019ൽ അപകടത്തിൽ പെട്ടതോടെ ഇരട്ടപ്രഹരമായി. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഇരുവരും ഇപ്പോഴും ചികത്സയിലാണ്. ബാങ്കിൽ നിന്ന് വായ്പ എടുത്ത സംഖ്യ തിരിച്ചടക്കാനാവാതെ വലഞ്ഞ ജോർജ്ജിന്റെ അവസ്ഥ മനസിലാക്കിയാണ് ജീവനക്കാർ സാന്ത്വനം ചലഞ്ചിലുടെ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വന്നത്.

ബ്രാഞ്ച് മാനേജർ മേഴ്സി കെ.ഡിയുടെ നേതൃത്വത്തിൽ ജീവനക്കാർ വായ്പ അവസാനിപ്പിച്ച് ആധാരം തിരികെ നൽകുന്നതിനായി പണം സ്വരൂപിക്കാൻ മുൻകൈയെടുക്കുകയായിരുന്നു. ആവശ്യമായിരുന്ന അര ലക്ഷത്തിലേറെ സംഖ്യയിൽ 22.800 രൂപ ശാഖയിലെ ജീവനക്കാർ സ്വന്തം ശബളത്തിൽ നിന്നും സംഭാവന നൽകി. 28,200 രൂപ സഹായസന്നദ്ധരായ ഇടപാടുകാരും നൽകുകയുണ്ടായി.

വായ്പ അവസാനിപ്പിക്കാൻ പണം തികഞ്ഞതോടെ മുവാറ്റുപുഴ ടൗൺ ബ്രാഞ്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ജോർജ്ജിന് ബാങ്ക് ചെയർമാൻ ആധാരം കൈമാറി. റീജിയണൽ ജനറൽ മാനേജർ ശ്രീ.ജോളി ജോൺ, ഏരിയ മാനേജർ രാജി പി.ബി, സീനിയർ മാനേജർ രാജേഷ് പി.എൻ, മാനേജർ മേഴ്സി എന്നിവർ പങ്കെടുത്തു.