റെ വർഷങ്ങൾക്കുശേഷം തിരിച്ചുപോരുമ്പോൾ ആ നാട്ടിൽ മറന്നുവച്ചത് എന്തൊക്കെയായിരുന്നു? ഇന്നിപ്പോൾ ആലോചിക്കുമ്പോൾ ഏറെ നഷ്ടബോധം തോന്നുന്നത് എന്തിനെക്കുറിച്ചാണ്? സ്വന്തം മനസ്സ് അലിവോടെ സ്വയം പൂകിത്തന്ന ഏതു സാന്ത്വനമാണു ഞാൻ ഉപേക്ഷിച്ചുപോന്നത്?

ഇന്നല്ലെങ്കിൽ നാളെ യുദ്ധമുണ്ടാവുമെന്ന ഭീതിയിലായിരുന്നു മരുഭൂമി. 'ഇനിയൊരു യുദ്ധം എന്നാൽ സർവ്വനാശം എന്നുതന്നെയർത്ഥം' സത്യമായോ നുണയായോ അങ്ങനെ പറഞ്ഞുപരത്തുകയായിരുന്നു ചെങ്കോലും കിരീടവും ധരിച്ച എല്ലാ ഭരണനായകന്മാരുടേയും മുഖ്യജോലി തന്നെ. ഞാണിന്മേൽക്കളിയെന്ന പോലെ പ്രവാസ ജീവിതത്തിന്റെ നാളുകളെണ്ണി കൊണ്ടേയിരിക്കുന്നു ഞങ്ങളൊക്കെ.

ഇന്റർനെറ്റും ഈമെയിലും എന്തിന്, മൊബൈൽ ഫോണുകൾ പോലും ആഡംബരമായിരുന്നു അക്കാലത്തൊക്കെ. പുകമഞ്ഞുപോലെ തെളിഞ്ഞുകാണാവുന്ന ഒന്നോ രണ്ടോ ഡിഷ് ചാനലുകളാണ് മലയാളിക്കു് നാടിനോടും അമ്മമൊഴിയോടുമുള്ള ഏകബന്ധം. ദിനപ്പത്രങ്ങൾ ഇല്ലെന്നു പറഞ്ഞുകൂടാ. മൂന്നും നാലും ദിവസം മുമ്പു നടന്ന സംഭവങ്ങൾ വാർത്തകളായി മുന്നിലെത്തുമ്പോഴേക്കും പലപ്പോഴും ഒരാഴ്‌ച്ച കൂടി കഴിഞ്ഞിരിക്കും. അഞ്ചു ദിനാർ കൊടുത്താൽ കാൽ മണിക്കൂർ നേരം വിളിക്കാവുന്ന കള്ളഹുണ്ടി ഫോണുകളാണ് അച്ഛനു മക്കളോടും മകന് അമ്മയോടും മധുവിധു തികയാഞ്ഞു പുറപ്പെട്ടുപോന്ന പുത്യാപ്ലക്ക് ബീവിയോടും സുഖദുഃഖവിവരങ്ങളാരായാനുള്ള ഏക മാർഗ്ഗം.

ആ നാളുകളിൽ, ഫർവാനിയയിൽ ആറാം നമ്പർ റിങ് റോഡിനരികേ വിശാലമായി കിടന്നിരുന്ന ഒരു കൊച്ചുമണൽക്കാടിനിപ്പുറം, ഒട്ടൊക്കെ ഒറ്റപ്പെട്ടുനിന്നിരുന്ന ഒരു പഴയ ആറുനിലക്കെട്ടിടത്തിന്റെ ആറാം നിലയിൽ ഒരു അളിയനും അളിയനും കൂടി താമസിച്ചിരുന്നു. ക്രോണിക്ൾ ബാച്ചലർമാരായി നിതാന്തമായി ജീവിച്ചിരുന്ന അവരുടെ സ്വാതന്ത്ര്യത്തിലേക്ക് വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഭടജനം ഇരച്ചുകയറും. അത്രയ്ക്കും സ്വാദിഷ്ഠമായിരുന്നു ശങ്കരേട്ടൻ എന്ന പെരിഞ്ഞനത്തുകാരന്റെ നളപാചകം. ഊണിനു മുമ്പും പിമ്പും പാട്ടും നാടകവും ചർച്ചകളും ഉണ്ടാവും. സതീർത്ഥ്യനും ആത്മമിത്രവുമായ ജയചന്ദ്രന്റെ പാട്ടുകൾ മാത്രം പാടാൻ വാശിപിടിച്ചിരുന്ന ഒരളിയനും നർമ്മത്തിന്റെ ചക്രവർത്തിയും നാടകകേസരിയുമായ മറ്റേ അളിയനും കൂടി മനസ്സിനും മൃഷ്ടാന്നഭോജനം വിളമ്പും.

അതിനിടയിലെ കൊച്ചുവർത്തമാനങ്ങൾക്കിടയിലാണു് നാട്ടിലെ വാർത്താവിശേഷങ്ങൾ കയറിപ്പറ്റുക. പത്രത്തിന്റെ ഏതെങ്കിലുമൊരു കോണിൽ നൂഴ്ന്നുകയറി കടൽ കടന്നെത്തുന്ന ചില മങ്ങിയ ചിത്രങ്ങളിൽ അപ്പോൾ കണ്ണുകളുടക്കും. അവയിൽനിന്നും മൗനമായി മുഖമുയർത്തുമ്പോൾ, 'ഞാൻ വിചാരിക്കുന്നതുതന്നെയാണോ നീയും വിചാരിച്ചതു' എന്ന് ആ ചെറുപ്പക്കാരിൽ പലരും അന്യോന്യം വിസ്മയിക്കും.

കുവൈറ്റിൽ നിന്നു് സ്വന്തം വീട്ടിലേക്കോ അക്കൗണ്ടിലേക്കോ ഒരു ഡ്രാഫ്റ്റ് അയക്കുന്നതുപോലും അര ദിവസത്തെ ജോലിയായിരുന്നു അക്കാലത്തൊക്കെ. ദുരിതജീവിതങ്ങളെപ്പറ്റി നാട്ടിൽ നിന്നും ഏങ്ങലടിച്ചുവരുന്ന പത്രക്കുറിപ്പടികൾ സങ്കടമുണ്ടാക്കുന്നതു് ആ ഒരു കാര്യം കൊണ്ടാണു്. കാര്യമായ ഒരു തുകയൊന്നും അയക്കാനുള്ള പാങ്ങ് പലർക്കുമുണ്ടായിരുന്നില്ല. ഇനി അഥവാ അയക്കണമെന്നുകരുതിയാലും, അതിനുവേണ്ടി മാത്രം ജോലിസമയം അവധിയെടുത്ത് എക്‌സ്‌ചേഞ്ച് കമ്പനികളിലേക്കു പോവുക ഒട്ടും പ്രായോഗികവുമായിരുന്നില്ല. 'എന്തെങ്കിലും ചെയ്യണം. പക്ഷേ, അടുത്ത മുടക്കുദിവസം വരട്ടെ' എന്നു കരുതി നീട്ടിവെക്കുന്ന അത്തരം കാരുണ്യകൃത്യങ്ങൾ മറ്റു ജീവിതസമരത്തിരക്കുകളിൽ അലിഞ്ഞുമാഞ്ഞുപോകുകയായിരുന്നു മിക്കപ്പോഴും പതിവു.

ഒരു ദിവസം, അക്കൂട്ടത്തിലൊരാൾക്കൊരു ഐഡിയ തോന്നി. 'An idea can change your life' എന്ന പരസ്യവാക്യം വരുന്നതിനും മുമ്പേ ആയിരുന്നു അത്. ഒന്നിനു പകരം ഒരുപാടൊരുപാടു ജീവിതങ്ങൾ മാറ്റി മറിക്കുന്നതായി ആ ചെറിയ ഐഡിയ.

'ഓരോരുത്തരും വെവ്വേറെ അയക്കുന്നതിനുപകരം, കുറച്ചുപേർക്ക് ഒത്തുചേർന്ന് ഓരോ മാസവും തെരഞ്ഞെടുക്കുന്ന ഒരാൾക്കെങ്കിലും അത്യാവശ്യം ഉപകരിക്കുന്ന ഒരു തുക അയച്ചുകൊടുത്താലെന്താ? 'പക്ഷേ, എല്ലാർക്കും ഒരേ ശമ്പളമോ ജോലിയോ അല്ല. പലർക്കും എണ്ണിച്ചുട്ട അപ്പം പോലെയാണു് വരുമാനം. ഇത്തരമൊരു കൂട്ടായ്മയിൽ ആർക്കും തങ്ങളുടെ ഓഹരിപ്പണം കൊണ്ടു ഒരു മേൽക്കൈ വരാനും പാടില്ല. വലിയ തുകയേക്കാൾ പ്രധാനം പതിവായി ഈ ദൗത്യം തുടർന്നു പോവുക എന്നതായിരുന്നു.

അതിനാൽ ചില കാര്യങ്ങൾ കൂടി തീരുമാനമായി ഓരോരുത്തരും മാസം ഒരൊറ്റ ദിനാർ മാത്രം (അന്നു് ഏകദേശം 140 ഇന്ത്യൻ രൂപ) പങ്കുപറ്റിയാൽ മതി. മാത്രമല്ല, എത്ര കുറച്ചായാലും കൂടുതലായാലും, ആ തുക മുഴുവൻ നാട്ടിലെത്തിച്ചിരിക്കും. അതിൽ നിന്നും ഒരൊറ്റ ഫിൽസ് പോലും നടത്തിപ്പിനായോ യോഗം കൂടാനോ ചെലവിടില്ല. അംഗങ്ങളുടെ സ്വന്തം നാട്ടിലുള്ളവരെ സ്വയം ശുപാർശ ചെയ്യില്ല. പത്രക്കുറിപ്പുകൾ മാത്രമായിരിക്കും പരിഗണിക്കുക. അവയിൽനിന്നുതന്നെ, കൂട്ടായി ആലോചിച്ചേ അർഹരെ തെരഞ്ഞെടുക്കൂ.
എട്ടോ ഒമ്പതോ പേരായിരുന്നു അന്നത്തെ കൂട്ടത്തിലുണ്ടായിരുന്നതു്. ഏറിവന്നാൽ രണ്ടായിരം രൂപ ഒരു മാസം അയക്കാം. അതെങ്കിൽ അതു് എന്നായിരുന്നു എല്ലാരും സമാധാനിച്ചതു്. പരിപൂർണ്ണരോഗശാന്തിക്കുതകിയില്ലെങ്കിലും വെറുമൊരു സാന്ത്വനമെങ്കിലുമാവട്ടെ തങ്ങളുടെ സഹായം.

എന്നാൽ കാട്ടുതീപോലെയാണു് ആ കൂട്ടായ്മ പടർന്നുപിടിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ അംഗസംഖ്യ പത്തും നൂറുമായി പെരുകി. വലിയ സംഘമായിത്തീർന്നതോടെ, വെറും കൂട്ടായ്മ എന്നതുമാറി ഒരു സംഘടന തന്നെ രൂപീകരിക്കാമെന്നായി.
അതിനു പേരിട്ടതോ? 'സാന്ത്വനം'.

ആ 'ഒരു ദിനാർ അയൽക്കൂട്ടം' ഇന്ന് എത്തിനിൽക്കുന്നതു് 3000ത്തിലധികം അംഗബലത്തിലാണ്. ഓരോ മാസവും തെരഞ്ഞെടുത്ത എഴുപതോളം രോഗികൾക്കു് ഇന്നു സാന്ത്വനം സഹായമെത്തിക്കുന്നു. കൂടാതെ, പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള വിവിധ ആതുരാലയങ്ങളിലും അനാഥാലയങ്ങളിലും മരുന്നും യന്ത്രവും സൗജന്യസത്രങ്ങളും ശുശ്രൂഷകരുമടക്കം വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ശരാശരി മലയാളിക്കു് വെറും കെട്ടുകാഴ്ച മാത്രമായിത്തീർന്ന ഓണവും പെരുന്നാളും അശരണക്കൂട്ടങ്ങൾക്കിടയിൽ ഉത്സവമാക്കി മാറ്റുന്നു.

കാൽ നൂറ്റാണ്ടിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ഒരു പ്രവാസജീവിക്ക് എന്തിനെക്കുറിച്ചാവണം ഏറ്റവും തീവ്രമായ നഷ്ടബോധം? ചോദ്യം എന്നോടാണെങ്കിൽ, ഉത്തരം മരുഭൂമിയിലെ ചൂടിലും നിരന്തരം വീശിക്കൊണ്ടിരുന്ന 'സാന്ത്വനം' എന്ന സുഖശീതളക്കാറ്റിനെക്കുറിച്ചു് എന്നാവും.

മലയാളികളുടെ പതിവുകൾ തെറ്റിച്ച്, ജാതി, മതം, രാഷ്ട്രീയം തുടങ്ങിയ വിഭാഗീയതകളൊന്നും ഏശാതെ പിന്നെയും പിന്നെയും പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുന്ന, ഇപ്പോൾ പതിനഞ്ചാം പിറന്നാളിലെത്തിനിൽക്കുന്ന സാന്ത്വനത്തെക്കുറിച്ചാണ് ഇതോടൊപ്പമുള്ള ഡോക്യുമെന്ററി ചിത്രം. തിരക്കിൽ നിന്നും ഒരിത്തിരി സമയം മാറ്റിവച്ച് നിങ്ങളും ഈ ചിത്രം കാണുമല്ലോ?