കുവൈറ്റ്: ആഘോഷങ്ങൾ ആർത്തിരമ്പുന്ന ഓണക്കാലത്ത് അനാഥത്വത്തിന്റെ വ്യഥകൾക്കുമേൽ പങ്കുവയ്ക്കലിന്റെ നല്ല പാഠങ്ങൾ രചിച്ചു സാന്ത്വനം കുവൈറ്റ് ഇത്തവണയും ഓണാഘോഷം പതിവുപോലെ വ്യത്യസ്തമാക്കി.

വയനാട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ പതിമൂന്നിടങ്ങളിലെ അഗതിമന്ദിരങ്ങളിലും അനാഥാലയങ്ങളിലും ആതുരാലയങ്ങളിലും ആദിവാസി തോട്ടം മേഖലയിലെ തൊഴിലാളികളിലും ഓണത്തിന്റെ ആഹ്ലാദാരവങ്ങൾ എത്തിക്കുവാൻ ഇക്കുറി സാന്ത്വനത്തിനു കഴിഞ്ഞു..

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കുഷ്ഠരോഗാശുപത്രിയായ ആലപ്പുഴ നൂറനാട് ലെപ്രസി സെന്ററിലെ രോഗികൾക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിക്കൊണ്ടു തുടങ്ങിവച്ച ആഘോഷപരിപാടികൾ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കരുതലിന്റെയും സന്ദേശം ആയിരങ്ങൾക്ക് പകർന്ന് നൽകി.

ഈ കൂട്ടായ്മ കേരളത്തിലെ നിർദ്ധന രോഗികൾക്ക് നൽകിവരുന്ന പ്രതിമാസ തുടർചികിത്സാ സഹായത്തിന്റെ ഗുണഭോക്താക്കളായ 46 ഓളം രോഗികൾക്ക് 1000 രൂപവീത ഓണത്തിന് അധികമായ നൽകിയത് ആ 46 കുടുംബങ്ങൾക്ക് ആഹ്ലാദകരമായ ഓണസമ്മാനമായി.
വയനാട്ടിലെ തോട്ടം മേഖലയായ തേറ്റമലയിൽ ഒറ്റപ്പെട്ടു താമസിക്കുന്ന മൂന്നു ആദിവാസി ഊരുകളിലെ മുഴുവൻ കുടുംബങ്ങൾക്കും മൂപ്പൻ വില്ലന്റെ സാന്നിദ്ധ്യത്തിൽ ഓണ സദ്യ നൽകി. കണ്ണൂർ പാനേരിയിലെ ശാന്തിദീപം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും പാലക്കാട് ജില്ലയിലെ കരിന്പുഴ അന്ധവിദ്യാലയത്തിലും കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം, കൊല്ലം കരീപ്ര ഗാന്ധിഭവൻ ശരണാലയം, കോഴിക്കോട് ജില്ലയിലെ ഗ്രെയിസ് പാലിയേറ്റീവ് കേന്ദ്രം എന്നിവിടങ്ങളിലെ ആയിരത്തിലധികം അന്തേവാസികൾക്കും കുട്ടികൾക്കും ഓണസദ്യ ഒരുക്കി അവിടങ്ങളിലെല്ലാം സാന്ത്വനത്തിന്റെ പ്രതിനിധികളും ഓണസദ്യയിൽ പങ്കെടുത്തു..

ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ എൺപതേക്കർ ആദിവാസി ഊരുകളിലെ 36 ഓളം കുട്ടികൾക്ക് ഓണ സമ്മാനമായി പഠന മേശയ്ക്കു കസേരയും ഈ അവസരത്തിൽ നൽകുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും വലിയ അഗതിമന്ദിരങ്ങളിൽ ഒന്നായ പത്തനാപുരം ഗാന്ധിഭവനിലെ ഓണസദ്യയിൽ 1200 ൽ അധികം അന്തേവാസികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.



ഓണത്തിന് ശേഷവും മാസങ്ങളോളം ആഘോഷങ്ങളും ഓണസദ്യയും നീണ്ടുപോകുന്ന ഗൾഫുരാജ്യങ്ങളിൽ ആഘോഷങ്ങൾക്ക് വൻതുക ചെലവാക്കുന്ന മലയാളി സംഘടനകൾ മാതൃകയാക്കേണ്ടതാണ് അഗതികൾക്കും അനാഥർക്കും ഓണസദ്യ വിളമ്പുന്ന സാന്ത്വനം കുവൈറ്റിന്റെ നല്ലപാഠം.

മൂവായിരത്തോളം അംഗങ്ങളുള്ള ഈ കൂട്ടായ്മ സദ്യവട്ടങ്ങളുമായി ഓണം ആഘോഷിക്കാറില്ല. കേരളത്തിലെ അഗതിമന്ദിരങ്ങളിലും ആതുരാലയങ്ങളിലും ആദിവാസി തോട്ടം തൊഴിലാളി മേഖലകളിലുമാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി ഓണത്തിന്റെ യഥാർത്ഥ സന്ദേശം ഉൾക്കൊണ്ടു ഓണം ആഘോഷിച്ചു പോരുന്നത്. അംഗങ്ങൾ ഇതിലേക്കായി നൽകുന്ന സംഭാവനകൾ കൊണ്ടാണ് സംഘടന ഈ ദൗത്യം യാഥാർഥ്യമാക്കുന്നത്.