- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല കച്ചവടമുള്ളപ്പോഴും മേശയിൽ പണം കുറവ്; കള്ളം പിടിച്ചപ്പോൾ സ്വന്തമായി സ്ഥാപനം തുടങ്ങി; തട്ടിപ്പിന് ഇരയായ പൂണെ മലയാളികളും ഏറെ; ഫ്ളാറ്റ് വാങ്ങാനും കടം വാങ്ങൽ; 11.5 കോടി എവിടെ പോയി എന്നത് ആർക്കും അറിയില്ല; വൈഗയെ കൊന്നത് അച്ഛനോ? സനു മോഹന്റെ തട്ടിപ്പുകൾ പുറത്തുവിട്ട് മഹാരാഷ്ട്രാ ക്രൈംബ്രാഞ്ച്
കൊച്ചി: പതിമൂന്നുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കാണാതായ പിതാവ് തൃക്കുന്നപ്പുഴ സംദേശിയായ കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ താമസിക്കുന്ന സനു മോഹൻ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ മഹാരാഷ്ട്രാ ക്രൈംബ്രാഞ്ച് പുറത്തു വിട്ടു. സനുമോഹന്റെ അമ്മാവന്റെ മക്കളുടെ പൂണെയിലുള്ള കടയിൽ വലിയ സാമ്പത്തിക തിരിമറി നടത്തിയിരുന്നതായുള്ള വിവരമാണ് ക്രൈംബ്രാഞ്ച് സംഘം പുറത്തുവിട്ടത്.
ഏറെ നാളായി സനുമോഹൻ പൂണെയിലെ ബന്ധുവിന്റെ ലോഹ ഉരുപ്പടികൾ വിൽക്കുന്ന സ്ഥാപനത്തിലായിരുന്നു. സ്ഥാപനത്തിലെ മുഴുവൻ ഉത്തരവാദിത്തങ്ങളും ഏൽപ്പിച്ച് പലപ്പോഴും ബന്ധു ബിസിനസ് ആവശ്യങ്ങൾക്കായി പുറത്തു പോകുമ്പോഴായിരുന്നു പണം ഇയാൾ കൈക്കലാക്കിയിരുന്നത്. നല്ല കച്ചവടമുള്ളപ്പോഴും മേശയിൽ പണം കുറവാണെന്ന് കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് സനു ഇവിടെ നിന്നും പണം മോഷ്ടിച്ചെടുക്കുന്ന വിവരം ഇവർ അറിയുന്നത്. ഇതോടെ ബന്ധു സനു മോഹനെ താക്കീത് നൽകി.
കള്ളം പിടിക്കപ്പെട്ടതോടെ സനുമോഹൻ ഇവിടെ നിന്നും മാറി സ്വന്തമായി ലോഹ ഉരുപ്പടികൾ വിൽക്കുന്ന ശ്രീ സായി എന്റർപ്രൈസസ് എന്ന സ്ഥാപനം തുടങ്ങുകയായിരുന്നു. ഇക്കാര്യങ്ങളാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പുറത്ത് വിട്ടിരിക്കുന്നത്. ഇവിടെ നിന്നും ലക്ഷങ്ങൾ ഇയാൾ കളവ് നടത്തിയെന്നും കളവ് നടത്തിയ തുക ഉപയോഗിച്ചാണ് ശ്രീ സായി എന്റർപ്രൈസസ് തുടങ്ങിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇതോടെ സനുമോഹന്റെ കൂടുതൽ തട്ടിപ്പ് കഥകൾ പുറത്ത് വരികയാണ്.
പൂണെയിലെ മലയാളികളുടെ കയ്യിൽ നിന്നും ഇയാൾ ബിസിനസ് ആവശ്യം പറഞ്ഞ് പണം കടംവാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് നടത്തി പണവുമായി ഒളിവിൽ പോയതിനാൽ ആരും പരാതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ തട്ടിപ്പ് കഥകൾ പുറത്ത് വന്നതോടുകൂടി കൂടുതൽ പേർ പരാതിയുമായി ക്രൈംബ്രാഞ്ചിനെ സമീപിക്കുകയാണ്. ഫ്ളാറ്റ് വാങ്ങാനാണ് എന്ന് പറഞ്ഞ് പലരിൽ നിന്നും പണം കടംവാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ 11.5 കോടി രൂപ എന്ത് ചെയ്തു എന്ന് ഇതുവരെയും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൂണെയിലെ ബന്ധുക്കളെ കേന്ദ്രീകരിച്ചും ഇപ്പോൾ അന്വേഷമം നടക്കുന്നുണ്ട്. ഇയാളുടെ സ്വന്തം സഹോദരനെ പലവട്ടം പൂണെ പൊലീസ് ചോദ്യം ചെയ്തെങ്കിലും യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല.
പണെയിലെ കേസ് അന്വേഷിക്കുന്നത് മഹാരാഷ്ട്രാ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വിജയ് ചൗരെയാണ്. സനു മോഹന്റെ സ്ഥാപനത്തിലേക്ക് സാധന സാമഗ്രികൾ ഇറക്കി കൊടുത്തിരുന്നവർക്ക് തിരികെ നൽകാനുള്ള 11.5 കോടി രൂപയുമായി കടന്നു കളഞ്ഞ കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. 11.5 കോടി രൂപയുമായാണ് ഇയാൾ കുടുംബ സമേതം പൂണെയിൽ നിന്നും ഒളിവിൽ പോയത്. ഒളിവിൽ പോയതോടു കൂടി പണം കിട്ടാനുള്ളവർ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി.
ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘം പലതവണ കേരളത്തിലെത്തിയെങ്കിലും സനു മോഹനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ പണം കിട്ടാനുള്ളവർ പൊലീസിനെ വീണ്ടും സമീപിക്കുകയും അന്വേഷണം ഊർജ്ജിതമാക്കാനും ആവശ്യപ്പെട്ടത്. രണ്ടാഴ്ച മുൻപ് ക്രൈംബ്രാഞ്ച് സംഘം കേരളത്തിലേക്ക് വരാനിരിക്കെയാണ് സനുമോഹനെ കാണാതാകുന്നതും മകൾ വൈഗയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയതും.
കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽനിന്നു സനു മോഹനും മകൾ വൈഗയും അപ്രത്യക്ഷരാകുന്നത് കഴിഞ്ഞമാസം 21നാണ്. ബന്ധുക്കൾ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങുന്നത്. ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിൽ ആക്കിയ ശേഷം സനു മോഹനും മകൾ വൈഗയും കാക്കനാടേക്കു മടങ്ങുകയായിരുന്നു. 21ന് രാത്രി ഒൻപതരയോടെ വൈഗയെ, പുതപ്പിൽ പൊതിഞ്ഞു ചുമലിലിട്ടു സനു മോഹൻ കൊണ്ടുപോകുന്നതു കണ്ടവരുണ്ട്. പിറ്റേന്ന്, മുട്ടാർ പുഴയിൽനിന്നു വൈഗയുടെ മൃതദേഹം കണ്ടെത്തി. സനുമോഹനും മരിച്ചിട്ടുണ്ടാകാമെന്ന നിലയിൽ അന്വേഷണം തുടർന്ന തൃക്കാക്കര പൊലീസിനു മുന്നിൽ വെളിപ്പെട്ട കാര്യങ്ങൾ കേസിന്റെ ഗതിയെ കീഴ്മേൽ മറിച്ചു.
കങ്ങരപ്പടിയിലെ ഫ്ലാറ്റിൽനിന്നു ലഭിച്ച രക്തക്കറയുൾപ്പെടെയുള്ള തെളിവുകൾ കേസിനെ സങ്കീർണമാക്കുന്നു. മനുഷ്യരക്തമാണെന്നു തിരിച്ചറിഞ്ഞുവെങ്കിലും ആരുടേതാണെന്നു വ്യക്തമല്ല. ഇതുൾപ്പെടെയുള്ള നിർണായകമായ മറ്റു ചില തെളിവുകളും ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്. രക്തം ആരുടേതാണെന്നു കണ്ടെത്താൻ പരിശോധനകൾ വേണം. സനു മോഹന്റെയോ വൈഗയുടേയോ അല്ല ഇവിടെനിന്നു ലഭിച്ച രക്ത സാംപിളെങ്കിൽ, അന്വേഷണം വീണ്ടും സങ്കീർണമാകും. ഇവരെക്കൂടാതെ, ഫ്ലാറ്റിൽ ആരാണുണ്ടായിരുന്നതെന്ന് അന്വേഷിക്കേണ്ടി വരും. ലഭിച്ച സാംപിളിന്റെ പഴക്കവും
വൈഗയുടേതു മുങ്ങിമരണമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവ പരിശോധന പൂർത്തിയായാൽ മാത്രമേ, കൂടുതൽ വ്യക്തതയുണ്ടാകൂ. വൈഗയുടേത് അപകട മരണമാണോ, സനു മോഹൻ ഉൾപ്പെടെ മറ്റാരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. വൈഗയെ പിതാവ് സനുതന്നെ അപായപ്പെടുത്തിയതാകാമെന്ന ബലമായ സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തുന്നതിനു തലേന്നാൾ ഫ്ലാറ്റിൽ അസ്വാഭാവികമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലാണു പൊലീസ്.
സനുമോഹനെ കണ്ടെത്താനായി കേരളാ പൊലീസും മഹാരാഷ്ട്രാ പൊലീസും അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിലും കർണ്ണാടകയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവിടെയുള്ള എല്ലാ പത്രങ്ങളിലും ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. വൈകാതെ സനുവിനെ കണ്ടെത്തുമെന്നുള്ള പ്രതീക്ഷയിലാണ് പൊലീസ്. ഇയാളെ കണ്ടെത്തിയെങ്കിൽ മാത്രമേ വൈഗയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അറിയുകയുള്ളൂ.