- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സനുമോഹൻ കർണ്ണാടകയിൽ പിടിയിലായി; വലയിലായത് കാർവാറിൽ നിന്ന്;സനു പിടിയിലായത് കൊല്ലൂരിൽ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തിയെന്ന നിർണ്ണായക വിവരത്തിന് പിന്നാലെ; ഇന്ന് രാത്രിയോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും; വഴിത്തിരിവായത് ലോഡ്ജിലെ ജീവനക്കാരുടെ വെളിപ്പെടുത്തൽ
കർണ്ണാടക: ദുരൂഹസാഹചര്യത്തിൽ കാണാതായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്‌ളാറ്റിൽ സനു മോഹൻ പൊലീസ് പിടിയിൽ. ഞായറാഴ്ച, കർണാടകയിൽവച്ചാണ് സനുവിനെ പൊലീസ് പിടികൂടിയത്. കർണ്ണാടകയിലെ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊല്ലൂരിൽ നിന്ന് ഭാരതി എന്ന സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്ക് പോയ സനുമോഹൻ ഇവിടെ നിന്നാണ് കാർവാറിലെത്തിയത്.ഇന്നു രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ കൊച്ചിയിൽ എത്തിക്കും. മാർച്ച് 20ന് ആണു സനു മോഹനെ(40)യും മകൾ വൈഗയെയും (13) കാണാതായത്. പിറ്റേന്ന്, വൈഗയെ മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സനു മോഹൻ കൊല്ലൂരിൽ ഒരു സംഘം ആളുകളുമായി കൂടിക്കാഴ്ച നടത്തിയതായി നിർണ്ണായക വിവരം ലഭിച്ചിരുന്നു. ഇവരെ കണ്ടെത്തി ചോദ്യം ചെയ്്താൽ സനുവിലേക്ക് എളുപ്പം എത്തിച്ചേരാനാകുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. ഇതിനിടയിലാണ് സനു പിടിയിലായെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നത്.
ഈ സാഹചര്യത്തിലാണ് ഒരു സംഘം ആളുകളുമായി നടത്തിയ കൂടിക്കാഴ്ച സംശയം ഉയർത്തുന്നത്. കൊല്ലൂരിൽ സനു മോഹൻ താമസിച്ച ഹോട്ടലിൽനിന്ന് 200 മീറ്റർ മാറി കുടജാദ്രി റോഡിലെ ജംക്ഷനിൽ റോഡരികിൽ ഏറെ നേരം ഈ സംഘവുമായി സംസാരിച്ചു നിന്ന ശേഷം ഇയാൾ അവിടെനിന്ന് ഓട്ടോയിൽ കയറി പോയതായും അൽപസമയത്തിനു ശേഷം തിരിച്ചെത്തിയതായുമാണു വിവരം. സനു മോഹനുമായി സംസാരിച്ച സംഘം ആരാണ്, അവർക്ക് ഇയാളുമായി എന്താണു ബന്ധം, ഇവരുമായി സംസാരിച്ച ശേഷം സനു മോഹൻ ഓട്ടോയിൽ എവിടേക്കാണു പോയത് തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമല്ല.
ഏപ്രിൽ 10 മുതൽ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹൻ ലോഡ്ജിൽ താമസിച്ചിരുന്നതായാണ് ജീവനക്കാർ നൽകിയവിവരം. മാന്യമായാണ് പെരുമാറിയത്. അതിനാൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാർഡ് പെയ്മെന്റിലൂടെ നൽകാമെന്ന് പറഞ്ഞു. ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാൾ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായും ജീവനക്കാർ പറഞ്ഞു.
ഏപ്രിൽ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തിൽ പോകാൻ സനു മോഹൻ ടാക്സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടൽ മാനേജർ ടാക്സി ഏർപ്പാടാക്കുകയും ചെയ്തു. എന്നാൽ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജിൽ തിരികെവന്നില്ല. ഇയാൾ നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാൾ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയിൽ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.
സനു ലോഡ്ജിൽ നൽകിയ തിരിച്ചറിയൽ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തിൽ പൊലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നൽകാതെ മുങ്ങിയതെന്ന് മനസിലായത്.
മാർച്ച് 21-നാണ് സനുമോഹനെയും മകൾ വൈഗയെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാർ കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർധിപ്പിച്ചു. തുടർന്നാണ് സനു മോഹൻ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെടെയാളാണ് സനുമോഹനെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ