- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സനു തെറ്റു ചെയ്തിട്ടുണ്ടാകില്ല.. ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ രക്ഷപെടുന്നതിനിടയിലോ, മാനസിക വിഭ്രാന്തിയാൽ എന്തെങ്കിലും സംഭവിച്ചതാകാം; മകൾ വൈഗയെ ജീവനു തുല്യം സ്നേഹമായിരുന്നു'; സനു മോഹനാകില്ല വൈഗയെ കൊലപ്പെടുത്തിയത് എന്ന വിശ്വാസത്തിൽ കുടുംബം; മൗനം പാലിച്ചു ഭാര്യ രമ്യയും
കൊച്ചി: മകളുടെ ദുരൂഹ മരണത്തിന് പിന്നാലെ ഒളിവിൽ കഴിഞ്ഞിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ താമസിക്കുന്ന സനു മോഹനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞിട്ടും തൃക്കുന്നപ്പുഴയിലെ കുടുംബാംഗങ്ങൾ ഇയാൾ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസത്തിലാണ്. ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ രക്ഷപെടുന്നതിനിടയിലോ, മാനസിക വിഭ്രാന്തിയാൽ എന്തെങ്കിലും സംഭവിച്ചതാകാമെന്നുമുള്ള അനുമാനത്തിലാണ് വീട്ടുകാർ. കാരണം മകൾ വൈഗയെ ജീവനു തുല്യം സ്നേഹമായിരുന്നു. അതിനാൽ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല എന്നാണ് കുടുംബം മറുനാടനോട് പ്രതികരിച്ചത്.
അതേ സമയം സനു മോഹന്റെ ഭാര്യ രമ്യ സംശയിക്കത്തക്കതായ യാതൊരു വിവരങ്ങളും പൊലീസിനോ ബന്ധുക്കൾക്കോ കൈമാറിയിട്ടില്ല. എല്ലാവരോടും മൗനം പാലിച്ചിരിക്കുകയാണ് അവർ. പലവട്ടം രമ്യയെ കാണാൻ മറുനാടൻ പ്രതിനിധി ശ്രമിച്ചെങ്കിലും നടന്നില്ല. മകൾ മരണപ്പെട്ട ആഘാതം ഇതുവരെ വിട്ടുമാറിയിട്ടില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. നിലവിൽ രമ്യയും മാതാവും സനു മോഹന്റെ തൃക്കുന്നപ്പുഴ വലിയപറമ്പിലെ കുടുംബ വീട്ടിൽ തന്നെ കഴിയുകയാണ്. പൊലീസ് സനു മോഹനെ അറസ്റ്റ് ചെയ്തു എന്ന വിവരം രമ്യ അറിഞ്ഞെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല എന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ നാളെ എറണാകുളത്തേക്ക് രമ്യയുമായി ബന്ധുക്കൾ തിരിക്കും.
മാർച്ച് 21നാണ് വൈഗ എന്ന പതിമൂന്നുകാരിയെ ദുരൂഹ സാഹചര്യത്തിൽ മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതും പിതാവ് സനു മോഹനെ കാണാതാകുന്നതും. 28 ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ന് ഉച്ചയോടെ കർണ്ണാടക കാർവാറിൽ നിന്നും സനു മോഹനെ കണ്ടെത്തുകയായിരുന്നു. 6 ദിവസങ്ങളോളം കൊല്ലൂരിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊല്ലൂരിൽ നിന്നും 140 കിലോമീറ്ററോളം അകലെയുള്ള കാർവാറിൽ നിന്നും കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസ് അന്വേഷിച്ച് അടുത്തെത്തി എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും കടന്നു കളഞ്ഞത്.
കൊല്ലൂരിൽ നിന്നും ഒരു വിജയ ലക്ഷ്മി എന്ന സ്വാകാര്യ ബസിൽ ഉഡുപ്പിയിൽ ഇറങ്ങുകയും അവിടെ നിന്നും ഭാരതി എന്ന പോരുള്ള മറ്റൊരു സ്വകാര്യ ബസിൽ കയറി കാർവാറിൽ ഇറങ്ങുകയുമായിരുന്നു. സിസടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് കാർവാറിൽ ഇയാൾ ഉണ്ടെന്ന് പൊലീസിന് കണ്ടെത്താനായത്. തുടർന്ന് കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത സനുമോഹനെ കേരളാ പൊലീസിന് കൈമാറി. പൊലീസ് പ്രാഥമികമായി ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. റോഡ് മാർഗ്ഗം ഇയാളെ ഇന്ന് അർദ്ധരാത്രിയോടെ കേരളാ പൊലീസ് കൊച്ചിയിലെത്തിക്കും. നാളെ ഐജി വിശദമായ പത്രസമ്മേളനം നടത്തും.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.