- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഗോവയിൽ നിന്ന് ക്ഷേത്രദർശനത്തിന് എത്തിയതാണ്': കൊല്ലൂർ മൂകാംബികയിൽ സനുമോഹൻ സ്വയം പരിചയപ്പെടുത്തിയത് ചെറുപുഞ്ചിരിയോടെ; കുടുംബം നാട്ടിലാണെന്നും ഒരുമകൾ ഉണ്ടെന്നും പരിചയപ്പെടുത്തൽ; സനു മോഹന്റെ ചതി മറുനാടനോട് വെളിപ്പെടുത്തി കൊല്ലൂർ ബീനാ റെസിഡൻസി മാനേജർ
മംഗളൂരു: ഗോവയിൽ നിന്നും ക്ഷേത്ര ദർശനത്തിനെത്തിയതാണ് എന്ന് പരിചയപ്പെടുത്തിയാണ് കൊല്ലൂരിൽ സനു മോഹൻ മുറിയെടുത്തതെന്ന് ലോഡ്ജ് മാനേജർ അജയ് കുമാർ മറുനാടനോട് പറഞ്ഞു. കുടുംബം നാട്ടിലാണെന്നും ഒരു മകൾ ഉണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു. ഒരു ദിവസത്തേക്കാണ് മുറിയെടുത്തതെങ്കിലും പിന്നീട് നീണ്ടു പോകുകയായിരുന്നു. കൊല്ലൂരിലെ ബീനാ റെസിഡൻസിയിൽ 10 ന് രാവിലെ 9.30 നായിരുന്നു മുറിയെടുത്തത്. ആ സമയം കയ്യിൽ പണമില്ലെന്നും കാർഡ് മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് അഡ്വാൻസ് തുക പോലും നൽകാതെയാണ് മുറിയെടുത്തത്. മുറി ഒഴിയുമ്പോൾ ഒന്നിച്ച് പണം നൽകാമെന്നും പറഞ്ഞിരുന്നു. മാന്യമായ പെരുമാറ്റമായതിനാൽ സംശയം തോന്നിയിരുന്നില്ല എന്നും അജയ് മറുനാടനോട് പറഞ്ഞു.
16 ന് രാവിലെ സൗപർണ്ണികയിൽ കുളിച്ചതിന് ശേഷം ക്ഷേത്ര ദർശനം നടത്തി വരാമെന്നായിരുന്നു റിസപ്ഷനിൽ ഇയാൾ പറഞ്ഞിരുന്നത്. അന്നേ ദിവസം തന്നെ വൈകിട്ട് 4 മണിക്കുള്ള ഫ്ലൈറ്റിൽ ഗോവയിലേക്ക് തിരിച്ചു പോകുമെന്നും മംഗളൂരു എയർപോർട്ടിലേക്ക് പാകാനായി ടാക്സി വിളിച്ചു നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. 8.45 നാണ് ഇയാൾ ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് പോകുന്നത്. പിന്നീട് തിരിച്ചു വന്നില്ല. എയർപോർട്ടിലേക്ക് പോകാനായി വിളിച്ചു വരുത്തിയ ടാക്സി എത്തിയപ്പോഴാണ് സനുമോഹൻ നൽകിയ നമ്പരിലേക്ക് വിളിക്കുന്നത്. എന്നാൽ ആ നമ്പർ പ്രവർത്തന രഹിതമായിരുന്നു. ഏകദേശം നാലര മണിയോടെയാണ് സനുമോഹന്റെ വിശദ വിവരങ്ങൾ പരിശോധിക്കുന്നത്. ഇതോടെയാണ് കൊച്ചിയിൽ നിന്നും കാണാതായ സനു മോഹനാണ് എന്ന് മനസ്സിലാകുന്നത്. തുടർന്ന് വിവരം ലോക്കൽ പൊലീസിൽ അറിയിക്കുകയും പിന്നീട് കൊച്ചി സിറ്റി പൊലീസിന് വിവരം നൽകുകയുമായിരുന്നു.
സനൂ മോഹൻ ചെറിയൊരു ബാഗുമായിട്ടാണ് എത്തിയിരുന്നത്. മുറിയെടുത്തപ്പോൾ ധരിച്ചിരുന്ന പാന്റ്സും ഷർട്ടും തന്നെയാണ് ക്ഷേത്ര ദർശനത്തിനായി പോകുമ്പോഴും ധരിച്ചിരുന്നത്. രാവിലെ 8 മണിയോടെ ക്ഷേത്രത്തിൽ പോയതിന് ശേഷം ഉച്ചയോടെ തിരികെ എത്തും. വൈകുന്നേരം അഞ്ചു മണിയോടെ വീണ്ടും ക്ഷേത്രത്തിലേക്ക് പോകും. അധികമൊന്നും ആരോടും സംസാരിച്ചിരുന്നില്ല. ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ നിന്നാണ് ആഹാരം കഴിച്ചിരുന്നത്. കാണാതാകുന്ന ദിവസം രാവിലെ മലയാലം പത്രം വായിച്ചിരുന്നു. ഈ സമയം വല്ലാതെ അസ്വസ്ഥനായിരുന്നു. പത്രത്തിൽ വൈഗയുടെ മരണത്തെപറ്റിയുള്ള വാർത്തയും സനുമോഹന്റെ തിരോധാനത്തെപറ്റിയുമുള്ള വാർത്ത വന്നിരുന്നു. ഇത് വായിച്ചപ്പോഴാകാം അസ്വസ്ഥനായതെന്ന് ലോഡ്ജ് ജീവനക്കാരൻ പറഞ്ഞു. പിടിക്കപ്പെടും എന്ന തോന്നലിൽ വേഗം കടന്നു കളഞ്ഞതാവാമെന്നാണ് അവരുടെ അനുമാനം.
അതേ സമയം സംഭവമറിഞ്ഞ് തൃക്കാക്കര പൊലീസ് സംഘം കൊല്ലൂരിലെത്തി അന്വേഷണം നടത്തിയപ്പോൾ താമസ സ്ഥലത്ത് നിന്നും അൽപ്പം മാറി ഒരു സംഘം ആളുകളുമായി സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നു എന്ന് കണ്ടെത്തി. കർണ്ണാടക പൊലീസിന്റെ സഹായത്തോടെ ഇവർ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൊല്ലൂരിൽ നിന്നും മംഗളൂരുവിക്ക് പോയതാണെന്ന അമുമാനത്തിലാണ് പൊലീസ്. അതിനാൽ അവിടുത്തെ പ്രാദേശിക ചാനലുകളിൽ സനുമോഹന്റെ ചിത്രങ്ങളടക്കം വാർത്ത നൽകിയിരിക്കുകയാണ്. എത്രയും വേഗം ഇയാൾ പൊലീസിന്റെ വലയിലാകുമെന്നാണ് ലഭിക്കുന്ന വിവരം.
അതേ സമയം സനു മോഹൻ കൊല്ലൂർ വനമേഖലയലിലേക്കു കടന്നതായി സൂചന. ഇതേത്തുടർന്നു വനമേഖലയിലെ അന്വേഷണത്തിനായി കേരള പൊലീസ് കൊല്ലൂർ വനം വകുപ്പ് അധികൃതരുടെ സഹായം തേടി. ഇയാൾ കൊല്ലൂർ വിട്ടിട്ടില്ലെന്ന നിഗമനത്തിലാണു പൊലീസ്. കൊല്ലൂർ ബസ് സ്റ്റാൻഡിൽനിന്നു സ്വകാര്യ ബസിൽ കയറി വനമേഖലയിൽ ഇറങ്ങിയതായാണു പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. സനു മോഹന്റെ ദൃശ്യങ്ങൾ കണ്ട നാട്ടുകാരാണ് ഇതു സംബന്ധിച്ചു പൊലീസിനു വിവരം നൽകിയത്. ഒരു ചെറിയ ബാഗും ഇയാളുടെ കൈയിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ടൂറിസ്റ്റു ഹോമിൽനിന്നു ക്ഷേത്രത്തിലേക്കു പോകുമ്പോൾ ചെറിയ ബാഗ് ഉണ്ടായിരുന്നതായി ഇവിടുത്തെ ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്നു ബസ് കണ്ടക്ടറെയും പൊലീസ് ചോദ്യം ചെയ്തു. നാട്ടുകാർ സനു മോഹനെ കണ്ടെന്നു പറയുന്ന സ്റ്റോപ്പിൽ ഒരാൾ ഇറങ്ങിയതായി കണ്ടക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഫോട്ടോ കണ്ട് ആളെ തിരിച്ചറിയാൻ കണ്ടക്ടർക്കു സാധിച്ചിട്ടില്ല.
ഈ സൂചനകളുടെ അടിസ്ഥാനത്തിലാണു വനം മേഖലയിൽ തിരച്ചിൽ നടത്തുന്നത്. തിരച്ചിലിനു കേരള പൊലീസ് കർണാടക വനം വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. വനമേഖലയിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ അടക്കം വനം വകുപ്പ് പരിശോധിച്ചു വരികയാണ്. മാർച്ച് 20ന് ആണ് സനു മോഹനെയും മകൾ വൈഗയെയും(13) കാണാതായത്.
വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സനു മോഹനെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കാർ കോയമ്പത്തൂർ വരെ എത്തിയതായി കണ്ടെത്തി. തുടർന്നു രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഇയാൾ കൊല്ലൂരിൽ 10 മുതൽ 16 വരെ താമസിച്ചതായി വ്യക്തമായത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.