ബെംഗളൂരു: ബെംഗളൂരുവിൽ കുത്തേറ്റ് മരിച്ച മലയാളി യുവാവ് സനു തോംസണിന്റെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉൾപ്പടെയുള്ളവർക്ക് കുടുംബം പരാതി നൽകി. കേസിലെ ഇപ്പോഴത്തെ മുന്നോട്ടു പോക്ക് അത്രയ്ക്ക് ഗുണകരമല്ലെന്നാണ് കുടുംബം പരാതിപ്പെടുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസർകോട് രാജപുരം സ്വദേശി സനുവിനെ ബെംഗളൂരിലെ ജിഗിനിയിൽവെച്ച് മൂന്നംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. ക്വട്ടേഷൻ സംഘം ആളുമാറി കുത്തിയതാവാമെന്ന് സംഭവത്തിന് പിന്നാലെ ജിഗിനി പൊലീസ് അറിയിച്ചെങ്കിലും പിന്നീട് കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിലെ ദുരൂഹത നീക്കാൻവേണ്ടി പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്തത്.

പത്ത് വർഷമായി ജിഗിനിയിലെ ഒരു മെക്കാനിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന സനുവിന് ശത്രുക്കളാരും ഇല്ലെന്നും ആർക്കെങ്കിലും സനുവിനോട് വൈരാഗ്യം തോന്നേണ്ടതായ സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് സനുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായും സനു ആരോടും പറഞ്ഞിട്ടില്ല.

പതിവുപോലെ രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ ജോലി ചെയ്യുന്ന കമ്പനിക്ക് ഏകദേശം 150 കിലോമീറ്റർ അകലെ വച്ചാണ് ബൈക്കിൽ എത്തിയ സംഘം സനുവിനെ കുത്തിയ ശേഷം കടന്നുകളഞ്ഞത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ സനു ആശുപത്രിയിൽ എത്തും മുമ്പ് മരിക്കുകയും ചെയ്തു.

കൊലപാതകം നടന്ന ഉടൻ പൊലീസിനെ അറിയിച്ചെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇടപെടലൊന്നും ഉണ്ടായില്ല. ജിഗിനി പൊലീസ് നടത്തിയ ഇൻക്വസ്റ്റും തൃപ്തികരമല്ല. ആശുപത്രിയിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയില്ലെന്നും ബന്ധുക്കൾ പറയുന്നു. പിന്നീട് അന്വേഷണ സംഘവുമായി ബന്ധപ്പെടുമ്പോൾ കിട്ടുന്ന മറുപടിയും തൃപ്തികരമല്ല. അന്വേഷണം വൈകുന്നത് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുമെന്ന ആശങ്കയിലാണ് സനുവിന്റെ കുടുംബം.

അതേസമയം, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ജിഗിനി പൊലീസ് നൽകുന്ന വിവരം.