തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണ്? സ്ത്രീസുരക്ഷയെ മുൻനിർത്തി കൂടുതൽ കാര്യങ്ങൾ സർക്കാർ ചെയ്യുമ്പോഴും പലപ്പോഴും സ്ത്രീകൾക്കെതിരെ അതിക്രമം തുടർക്കഥയാകുകയാണ്. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാൻ ഗൂഢാലോചന ആസൂത്രണം ചെയ്തത് സിനിമാക്കാരനായ വ്യക്തി തന്നെയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്നും ശബ്ദമുയർന്നു.

ഏറ്റവും അധികം ഈ വിഷയത്തിൽ പ്രതികരിച്ചത് സോഷ്യൽ മീഡിയ ആയിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ അലമുറയിടുന്നവർ ഒരു പെൺകുട്ടി കൺമുമ്പിൽ അപമാനിക്കപ്പെടുന്നത് കണ്ടാൽ എങ്ങനെ പ്രതികരിക്കും? ഒന്നും മിണ്ടാതെ അവരവരുടെ കാര്യം നോക്കി പോകുന്നവരാണ് ഭൂരിപക്ഷവും. ഇന്നലെ ട്രെയിനിൽ വെച്ച് താൻ അപമാനിക്കപ്പെട്ടപ്പോഴും ഇതു തന്നെയാണ് ഉണ്ടായതെന്നാണ് നടി സനൂഷ മറുനാടനോട് തുറന്നു പറഞ്ഞത്.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ തന്നെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ സഹയാത്രികർ ആരും തന്നെ തിരുഞ്ഞു നോക്കിയില്ലെനനാണ് നടി പരാതിപ്പെട്ടത്. സംഭവം നടക്കുമ്പോൾ ആരും തന്നെ സഹായിക്കാൻ എത്തിയില്ല. സിനിമയിലെ സുഹൃത്തുക്കൾ മാത്രം ആണ് പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ സഹായിച്ചതെന്ന് സനൂഷ പ്രതികരിച്ചു. പലപ്പോഴും മലയാളികളുടെ പ്രതികരണം ഫേസ്‌ബുക്കിലൂടെ മാത്രമാണ്. നമുക്കും ഒരു അനുഭവം ഉണ്ടാകുമ്പോഴാണ് ഒറ്റയ്ക്ക് മാത്രമേ ഉണ്ടാകൂ എന്ന് മനസിലാകുക.

ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുന്ന മലയാളികൾ കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ലെന്നും സനൂഷ സ്വന്തം അനുഭവത്തിൽ നിന്നും പറഞ്ഞു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻവിട്ട ശേഷമാണ് സംഭവമുണ്ടായത്. ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കാൻ ശ്രമിച്ചതായി തോന്നി. കണ്ണു തുറന്നപ്പോൾ എന്റെ ചുണ്ടിൽ അയാളുടെ കൈവിരൽ. ഞാൻ കൈ പിടിച്ചു. ഉടൻ തന്നെ ലൈറ്റ് ഓൺ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. അക്രമിയെ താൻ തടഞ്ഞ് വച്ചു. ഇതിനിടെ ബഹളം കേട്ടെത്തിയ തിരക്കഥാകൃത്ത് ആർ ഉണ്ണിയും സുഹൃത്ത് രഞ്ജിത്തുമാണ് അക്രമിയെ പിടികൂടാനും പൊലീസിനെ വിളിക്കാനും സഹായിച്ചതെന്ന് സനൂഷ പറഞ്ഞു.

''വേറൊരാളും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വളരെ വിഷമം തോന്നി. എനിക്കുണ്ടായ ഈ അനുഭവം ഫേസ്‌ബുക്കിലൂടെ ഞാൻ ഷെയർ ചെയ്തിരുന്നുവെങ്കിൽ നിരവധി പേർ അതിന് കമന്റിട്ടേനെ. സനുഷയ്ക്ക് സപ്പോർട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ നേരിട്ട് നമുക്കൊരു പ്രശ്‌നം ഉണ്ടാകുമ്പോൾ കൂടെ ഒരാളും ഉണ്ടാകില്ല. അതെനിക്ക് ഇന്നുണ്ടായ സംഭവത്തോടെ മനസ്സിലായി. നമുക്കൊരു പ്രശ്‌നം ഉണ്ടായാൽ ആരെങ്കിലും ഒരാൾ എങ്കിലും കൂടെ ഉണ്ടാവും എന്നു വിശ്വസിച്ചു. അതാണ് തകർന്നത്''.

അനുവാദം കൂടാതെ തന്റെ ശരീരത്തിൽ സ്പർശിച്ചാൽ രൂക്ഷമായി പ്രതികരിക്കാനാണ് താൻ ശീലിച്ചിട്ടുള്ളത്. അങ്ങനെയാണ് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതെന്നും സനൂഷ വ്യക്തമാക്കി. നമ്മുടെ കുട്ടികളെ നമ്മൾ ആദ്യം പഠിപ്പിക്കേണ്ടതും പ്രതികരിക്കാനാണ്. ഇപ്പോൾ എനിക്കുണ്ടായ സംഭവത്തിൽ നിയമപരമായി മുന്നോട്ടു പോകും'' സനുഷ പറഞ്ഞു.

നടിയുടെ പരാതിയിൽ തമിഴ്‌നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം മുന്നൂറ്റി അൻപത്തിനാല് വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. സ്വർണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ ഉടൻ ഹാജരാക്കും.