ഹ്യൂസ്റ്റൻ: സപ്തമി ഫൗണ്ടേഷൻ ഒക്‌ടോബറിൽ ഡാളസിൽ വച്ചു നടത്തിയ ക്ലാസ്സിക്കൽ നൃത്തമൽസരങ്ങളിൽ മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും സിങ്കിൾ, ഗ്രൂപ്പ് വിഭാഗങ്ങളിൽ ഹ്യൂസ്റ്റനിൽ നിന്നുള്ള ഷാനാ ജോസഫ് കോണ്ടൂർ മികച്ച പ്രകടനം കാഴ്ചവച്ച് ഒന്നാം സ്ഥാനത്തെത്തി. ടെക്‌സാസ് സ്റ്റേറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 ഓളം മൽസരാർത്ഥികളെ പിന്തള്ളിയാണ് ഷാനാ ഈ നേട്ടം കൈവരിച്ചത്. മുൻവർഷങ്ങളിൽ സപ്തമി ഫൗണ്ടേഷൻ നടത്തിയ മൽസരങ്ങളിലും, ഫൊക്കാനാ, ക്‌നാനായ കൺവൻഷൻ, ക്‌നാനായ ഐഡൽ ഹ്യൂസ്റ്റനിൽ നടത്തിയ മൽസരങ്ങളിൽ ഡാൻസ്, മ്യൂസിക്ക് എന്നീ വിഭാഗങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഈ കൊച്ചുമിടുക്കി രണ്ടു തവണ ക്‌നാനായ ഐഡൽ ട്രോഫിയും നേടിയിട്ടുണ്ട്.

ഹ്യൂസ്റ്റനിലെ ഷുഗർലാൻഡ് ഫോർട്ട് സെറ്റിൽമെന്റ് സ്‌ക്കൂളിൽ 7-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഷാനാ. സ്‌കൂൾ ക്വയറിൽ സജീവമായ ഷാനാ പഠനരംഗത്തും മികച്ച നിലവാരം പുലർത്തുന്നു. അഞ്ചു വയസ്സ് മുതൽ ക്ലാസിക്കൽ നൃത്തം പരിശീലിക്കുന്ന ഷാനയുടെ ഗുരു കേരള സംഗീത നൃത്ത അക്കാദമി അവാർഡുകൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള പ്രസിദ്ധയായ സുനന്ദ നായരാണ്. ഗ്രേറ്റർ
ഹ്യൂസ്റ്റനിലെ സുനന്ദാസ് പെർഫോമിങ് ആർട്‌സ് നൃത്ത വിദ്യാലയത്തിലാണ് ഷാന നൃത്തം അഭ്യസിക്കുന്നത്. ഷാനയുടെ മാതാപിതാക്കൾ സാബു ജോസഫ്, അനിലാ സാബു കോണ്ടൂർ എന്നിവരും ഏക സഹോദരി നിഷയുമാണ്. ഈ കുടുംബം ഗ്രെയിറ്റർ ഹ്യൂസ്റ്റനിൽ താമസിക്കുന്നു.