കോട്ടയം: പ്ലസ് വൺ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് സഹോദരനോടൊപ്പം സ്‌കൂട്ടറിൽ പോകവേ അപകടത്തിൽപെട്ട് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കോട്ടയം കൊല്ലാട് വടവറയിൽ ആലിച്ചൻ-സിസിലി ദമ്പതികളുടെ മകൾ അന്നു സാറ ആലി (17) യാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഒൻപതിന് സഹോദരൻ അഡ്വിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കൊല്ലാട് കളത്തിക്കടവിൽ വച്ച് മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജിലെ വെന്റിലേറ്ററിലായിരുന്ന പെൺകുട്ടി ഇന്ന് പുലർച്ചെ മരിച്ചു.

കോട്ടയം ബേക്കർ മെമോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ ഹെൽമറ്റ് തെറിച്ച് പോയതാണ് തലയ്ക്ക് പരിക്കേൽക്കാൻ കാരണം. പരിക്കേറ്റ സഹോദരൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.