ബോളിവുഡിന്റെ പുത്തൻ നായികയായി മാറിയിരിക്കുകയാണ് സൂപ്പർതാരം സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറാ അലി ഖാൻ. കേദാർനാഥ് എന്ന ആദ്യ ചിത്രത്തിലൂടെ ബോളിവുഡിൽ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച സാറ മെലിഞ്ഞുണങ്ങിയ സുന്ദരിക്കുട്ടിയാണ്.

എന്നാൽ ഏതാനും നാളുകൾക്ക് മുമ്പ് വരെ സാറ അത്ര മെലിഞ്ഞതൊന്നുമായിരുന്നില്ല. 96 കിലോയിൽ നിന്നുമാണ് സാറ ഇന്ന് കാണുന്ന രൂപത്തിലെത്തിയത്. ഭക്ഷണത്തിൽ യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങൾ ഇല്ലാതെയാണ് സാറ വളർന്നത്. കൊളംബിയയിൽ പഠിക്കുന്ന സമയത്ത് 96 കിലോയായിരുന്നു സാറയുടെ ശരീരഭാരം. പി.സി.ഒ.ഡി മൂലമുള്ള ബുദ്ധിമുട്ടുകളും സാറയെ അക്കാലത്ത് വല്ലാതെ അലട്ടിയിരുന്നു.

സിനിമ കുടുംബത്തിലെ തന്റെ കരിയറും അത് തന്നെയാണെന്ന് ഉറപ്പിച്ചതോടെ വണ്ണം കുറയ്ക്കുന്നതിനെപ്പറ്റി സാറയും ഗൗരവമായി ചിന്തിച്ചുതുടങ്ങി. ഒരിക്കൽ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ സ്വന്തം അമ്മയ്ക്കും തിരിച്ചറിയാൻ സാധിക്കാതെ വന്നതോടെ സാറ വണ്ണം കുറയ്ക്കാൻ തന്നെ ഉറപ്പിച്ചു.

കരീന കപൂർ, മലൈക അറോറ എന്നിവരുടെ ട്രെയിനറായ നമ്രിത പുരോഹിത് ആണ് 96 കിലോയിൽ നിന്ന് ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് മാറാൻ സാറയെ സഹായിച്ചത്.