ഓക്‌ലാൻഡ്: ന്യൂസിലാൻഡിലെ ഇന്ത്യൻ വംശജയായ ആറുവയസ്സുകാരിയുടെ ധൈര്യത്തിന് മുന്നിൽ ലോകത്തിന്റെ പ്രണാമം. അച്ഛൻ സുഹൈലിന്റെ ഇലക്ട്രിക് കടയിൽ അതിസാഹസികമായാണ് കള്ളന്മാരെ നേരിട്ടത്. അച്ഛനും മുത്തച്ഛനുമൊപ്പം കടയിൽ ഇരിക്കുമ്പോഴാണ് മുഖംമൂടിധാരികളായ ഒരു കൂട്ടം കള്ളന്മാർ അപ്രതീക്ഷിതമായി കടയ്ക്കകത്ത് കടന്നത്. കടയിലെ സി.സി.ടി.വിയിൽ എല്ലാ ദൃശ്യങ്ങളും പതിയുന്നത് കള്ളന്മാർ അറിഞ്ഞതുമില്ല.

കയ്യിൽ മഴുവും മറ്റ് ആയുധങ്ങളുമായി എത്തിയ കള്ളന്മാരിൽ ഒരാൾ ജീവനക്കാരിലൊരാളെ ആക്രമിക്കാൻ നോക്കവെ സാറ അയാളുടെ കാലിൽ പിടിച്ച് വലിച്ചു. അക്രമി മഴുവുമായി തിരിയുന്നത് വരെ സാറ കള്ളനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. കടക്കുള്ളിലുണ്ടായിരുന്ന മുത്തച്ഛനേയും കള്ളന്മാരുടെ കണ്ണിൽപ്പെടാതെ പുറത്തെത്തിച്ചതും സാറ തന്നെയാണ്. ഈ വിഡിയോ പുറം ലോകത്ത് എത്തിയതോടെയാണ് സോഷ്യൽ മീഡിയയിലും മറ്റും സാറ താരമായത്.

പക്ഷേ സംഭവത്തിന് ശേഷം ചെറിയൊരു പേടി സാറയെ പിടികൂടി. 'അവൾ ഇപ്പോഴും പേടിച്ചിരിക്കുകയാണ്', സാറയുടെ അമ്മ പറഞ്ഞു. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാറയെ തേടിയെത്തുന്ന അഭിനന്ദനങ്ങളിൽ സാറ ഏറെ സന്തോഷിക്കുന്നുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.

ആയിരക്കണക്കിന് ഡോളർ വിലയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് കള്ളന്മാർ കടയിൽ നിന്ന് മോഷ്ടിച്ചത്. കള്ളന്മാരുടെ സംഘത്തിലെ അഞ്ച് പേരെ ഇതിനകം തന്നെ പൊലീസ് അറസ്റ്റ് ചചെയ്തുകഴിഞ്ഞു. ബാക്കി ഒരാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.