മുഖ്യമന്ത്രി എന്ന പദവി പോലും നോക്കാതെ ഫോട്ടോഷോപ്പെന്ന സാങ്കേതികതയും മാനസികവൈകല്യവും ചേർത്ത് ശ്രീ പിണറായി വിജയനേയും ലക്ഷ്മി നായരെയും ചേർത്ത് അനാവശ്യചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച് കൊണ്ട് വിഷയത്തിലേക്ക് കടക്കട്ടേ. 'ഏതോ പിള്ളയെന്ന' പരാമർശം കൊണ്ട് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് നമ്മുടെ ചരിത്രവും നാം നിൽക്കുന്ന മണ്ണിനെയും കൂടിയാണ്.

ശ്രീ. പിണറായി വിജയൻ എന്ന നമ്മുടെ കേരളമുഖ്യമന്ത്രിയോട് എല്ലാ ആദരവുകളോടും കൂടിയാണ് ഇത് എഴുതുന്നത്. സാർ, ഈ പരാമർശത്തിലുള്ള പുസ്തകം ഒന്ന് വായിക്കണം. 'മനോന്മണീയം' എന്ന കാവ്യ നാടകം രചിച്ച മഹാ പണ്ഢിതനായിരുന്ന, സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചപ്പോൾ, വീടന്വേഷിച്ച് വന്ന് ദർശനം നല്കി അനുഗ്രഹിച്ച സുപ്രസിദ്ധ ദാർശനികനായ പ്രോഫ.സുന്ദരം പിള്ളയുടെ മകനാണ്, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് ദിവാന്റെ അപ്രീതിയാൽ ദരിദ്രനായി മരിക്കേണ്ടിവന്ന പിഎസ്. അദ്ദേഹത്തെയാണ് വലിയ 'ദിവാന്മാർ' അപകീർത്തിപ്പെടുത്തുന്നത്.

സംശുദ്ധരാഷ്ട്രീയത്തിന്റെ വഴിത്താരയിൽ നടന്നു നീങ്ങിയ നടരാജ പിള്ള. പ്രഗൽഭനായ പാർലമെന്റേറിയൻ,വിദഗ്ദ്ധനായ ഭരണതന്ത്രജ്ഞൻ,ഭരണഘടനാശില്പി,രാഷ്ട്രീയ ഗവേഷകൻ എന്നീ നിലകളിൽ തന്റെ സേവനം രാഷട്രത്തിന് സമർപ്പിച്ച ബഹുമുഖവ്യക്ത്വം .
1943ൽ ദിവാൻ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് നഗര ഹൃദയത്തിലെ നൂറേക്കറോളം പൈതൃക സ്വത്തും ഹാർവ്വിപുരം ബംഗ്ലാവും സിപി രാമസ്വാമി അയ്യർ കണ്ടുകെട്ടി പിള്ളയെ ജയിലിലടച്ചു.

രണ്ട് തവണ മന്ത്രിയും എംപിയും ആറുതവണ മന്ത്രിയുമായിരുന്ന പിഎസ്സ് ഒരിക്കലും ഭൂമി തിരികെ ചോദിച്ചില്ല.പട്ടം മന്ത്രി സഭ തിരികെ നല്കാൻ തീരുമാനിച്ചപ്പൊഴും ധനമന്ത്രി ആയിരുന്ന പിള്ള അതിനെ എതിർത്തെന്നു മാത്രമല്ല അച്ഛന്റെ പേരിലുള്ള സ്‌ക്കൂളും ഗവൺമെന്റിന് എഴുതിക്കൊടുത്തു. അതാണ് പേരൂർക്കട പിഎസ് നടരാജപിള്ള മെമോറിയൽ ഹയർസെക്കന്ററി സ്‌ക്കൂൾ .

കണ്ടുകെട്ടിയ ഭൂമിയിൽ പെടുന്ന 11.49 ഏക്കർ ഭൂമിയാണ് ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത്.ആ ഭൂമി തിരികെ വേണമെന്നല്ല സർക്കാർ ഏറ്റെടുക്കണമെന്ന് കുടുംബാംഗങ്ങൾ പറയുമ്പൊൾ 'ഏതോ ഒരു പിള്ള' എന്ന് അവഹേളിക്കുന്നവർ 1991ൽ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് കേരളീയ മഹാത്മാക്കൾ എന്ന ജീവചരിത്ര പരമ്പരയിലെ പതിമൂന്നാം പ്രസിദ്ധീകരണമായ പി.എസ് നടരാജ പിള്ള എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും.

കൈയെഴുത്ത് പ്രതിയുടെ സൂക്ഷ്മ പരിശോധന നടത്തിയത് സാക്ഷാൽ പി.ഗോവിന്ദ പിള്ള.ജനറൽ എഡിറ്റർ ഡോ.എൻ വി പി ഉണ്ണിത്തിരി. എഡിറ്റർ ആർ കെ പ്രഭാകരൻ പഴശ്ശി. കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരിച്ചതാണ് പി എസ് നടരാജപിള്ള എന്ന ഈ പുസ്തകം.

അന്നത്തെ ഭരണത്തെക്കുറിച്ചും വ്യവസ്ഥികളെക്കുറിച്ചും സിവിൽസർവീസിന് നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും വ്യക്തമായി ഈ ജീവചരിത്രത്തിൽ പറഞ്ഞുവച്ചിട്ടുണ്ട്. പല പ്രമുഖർ പിഎസിന് എഴുതിയ കത്തുകളും അതേപടി പുസ്തകത്തിൽ ചേർത്തിരിക്കുന്നു. പ്രായപൂർത്തിയായവർക്ക് വോട്ടവകാശമെന്നത് നിലവിലായ വർഷത്തിൽ പട്ടം താണുപിള്ളയും പിഎസും ചേർന്ന് നിരവധി ധീരമായ തീരുമാനങ്ങൾ റവന്യൂ വകുപ്പിലും സിവിൽ സർവീസ് ശമ്പള പരിഷ്‌കാരനിയമത്തിലും വകചേർത്തു എന്നത് എടുത്തു പറയേണ്ടതാണ്. ഭരണകർത്താവ് എന്ന നിലയിൽ മറ്റു അധികാരികൾ പി എസ് നടരാജപിള്ളയെ എത്രമാത്രം ബഹുമാനിച്ചിരുന്നു എന്നത് സി അച്യുതമേനോന്റെ ഒറ്റ കത്തിൽ നിന്ന് തന്നെ വ്യക്തമാണ്. അത്രയും അനുഭവജ്ഞാനമുള്ളവനും പൊതുസമ്മതനും ആയിരുന്നു പി എസ്. റവന്യൂ മന്ത്രി എന്ന നിലയിൽ അദ്ദേഹമുണ്ടാക്കിയ പദ്ധതികളായിരുന്നു കേരളൈസെഷൻ പദ്ധതിയും മണ്ണൊലിപ്പ് നിവാരണ പദ്ധതിയും.

കണ്ണൻ ദേവൻ തോട്ടം ഏറ്റെടുക്കാൻ അന്നേ പദ്ധതികൾ അദ്ദേഹം മുൻകൂട്ടി തയ്യാറാക്കിയിരുന്നു. ഒരു സംഘം ഭൂപ്രഭുക്കളുടെ കഠിനമായ അപ്രീതിയുണ്ടായിട്ടും തന്റെ തീരുമാനങ്ങളിൽ നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല എന്നത് സി അച്യുതമേനോൻ പോലും എടുത്തു പറഞ്ഞു നടരാജപിള്ളയെ പ്രശംസിച്ചിട്ടുണ്ട്. ശ്രീ. പി എസ് നടരാജപിള്ള നിയമസഭയിൽ അവതരിപ്പിച്ച ബില്ലുകളിൽ ചിലത് നോക്കൂ. 1) ഭൂമി കൈവശം വയ്ക്കലും ഉടമസ്ഥതയും നിയന്ത്രിക്കുന്ന ബില്ല്. 2) തിരുക്കൊച്ചി വെറും പാട്ടാധാരബില്ല് 3) കാണം ടെനൻസി ബില്ല് 4) ഭൂമിയിൽ പ്രത്യേകവകാശം അവസാനിപ്പിക്കുന്ന ബില്ല്, 5) കുടികിടപ്പുകാരെ ഒഴിപ്പിക്കുന്നത് നിരോധിക്കൽ ബില്ല്, 6) കൂടിയാന് ദേഹണ്ഡ പ്രതിഫലം വ്യവസ്ഥചെയ്യുന്ന ബില്ല്. ഇതിൽ ഒന്നാമത്തെ ബില്ലിനെപ്പറ്റി അന്ന് പ്രതിപക്ഷഅംഗവും പിന്നീട് വിപ്ലവാത്മകമായ ഭൂനയബിൽ അവതരിപ്പിച്ച റവന്യൂമന്ത്രിയുമായ ശ്രീ ഗൗരിയമ്മ അസംബ്ലിയിൽ പറഞ്ഞത് ഇപ്രകാരമാണ്. 'സർ, ബഹുമാനപ്പെട്ട റവന്യൂമന്ത്രിയെ ഞാൻ അനുമോദിക്കുന്നു. കൈവശഭൂമിയുടെ പരിധി നിയന്ത്രിക്കുന്ന നിയമനിര്മ്മാണ പരിപാടികളിൽ ഇന്ത്യയിലേതാദ്യത്തെതാണ് ശ്രീ നടരാജപിള്ള അവതരിപ്പിക്കുന്ന ഭൂമികൈവശം വയ്ക്കലും ഭൂവുടമസ്ഥതയും നിയന്ത്രിക്കുന്ന ഈ ബില്ല്.' വിവിധ സംസ്ഥാനങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റിയതായിരുന്നു ഈ ബില്ല്. ഇതേപ്പറ്റി അറിയാനും പഠിക്കാനുമായി കാശ്മീർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പോലും ആളുകൾ എത്തിയിരുന്നു എന്ന് പുസ്തകം രേഖപ്പെടുത്തുന്നു.

ഇതേ വിഷയം സംബന്ധിച്ച തർക്കമാണ് തലസ്ഥാനത്തെ ലോ അക്കാദമിയിലും നടന്നു കൊണ്ടിരിക്കുന്ന ഭൂമി സംബന്ധിച്ച തർക്കം. നിയമം കൊണ്ടുവന്ന ആളെ തന്നെ 'ഏതോ പിള്ളയെന്നു' പരാമർശിക്കുമ്പോൾ ചരിത്രം കണ്ണുംപൂട്ടി ഉറങ്ങട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കിൽ ഈ പുസ്തകങ്ങൾ എവിടെയെങ്കിലും ഒളിച്ചു വയ്ക്കേണ്ടിവരും. സ്ഥലം കൊടുത്തത് പിള്ള, കണ്ടു കെട്ടപ്പെട്ടതും പിള്ള, തർക്കം വന്നതും ഇപ്പോൾ പുശ്ചിക്കപ്പെട്ടതും പിള്ള, ഭൂമിപരിഷ്‌ക്കരണനിയമം കൊണ്ടുവന്നതും പിള്ളയാകുമ്പോൾ ഇത് 'എജ്ജാതി സൂപ്പർ പിള്ള'. എന്തായാലും ഈ പരാമർശം കൊണ്ട് പി എസ് നടരാജപിള്ള ആരെന്നു ചരിത്രം പൊടികുടഞ്ഞു പുതുതലമുറയ്ക്ക് മുന്നിൽ എത്തിക്കാനായി. വർഷങ്ങൾക്ക് ശേഷം ഇന്ന് തർക്കവിഷയമായിയെങ്കിൽ കൂടി നമ്മുടെ മുന്നിലേയ്ക്ക് പിഎസ് നടരാജപിള്ളയെത്തി എങ്കിൽ അത് അദ്ദേഹം എത്രമാത്രം കേരളത്തിന് വേണ്ടി ആത്മാർത്ഥമായി സ്വജീവിതം ഉഴിഞ്ഞു വച്ചു എന്നതിന്റെ തെളിവാണ്.