പത്തനംതിട്ട: പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കാൻ അനുവാദിച്ചില്ലെങ്കിൽ പിന്നെ എന്തു ചെയ്യും? ക്രൈസ്താവാചാര പ്രകാരം മൃതദേഹം അടക്കം ചെയ്യാൻ പള്ളി അധികാരികൾ അനുമതി നൽകാത്തതിനെ തുടർന്ന് വയോധികയുടെ ഹൈന്ദവ ആചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു.

ചെറുകോൽ കോട്ടപ്പാറ ക്ഷേത്രത്തിന് സമീപം കുഴിവേലി മലയിൽ സാറമ്മജോർജിന്റെ മൃതദേഹമാണ് ദഹിപ്പിച്ചത്. സഞ്ചയനവും നടത്തും. പതിനാറ് നടത്തി അസ്ഥി പമ്പയാറ്റിൽ നിമഞ്ജനം ചെയ്യാനാണ് മക്കളുടെ തീരുമാനം. ഒരുമാസമായി കിഡ്‌നി സംബന്ധമായ രോഗം ബാധിച്ച് കഴിയുകയായിരുന്ന സാറാമ്മയാണ് മരിച്ചത്. ഭർത്താവ് ജോർജ് വർഗ്ഗീസ് 20 കൊല്ലം മുമ്പ് മരിച്ചിരുന്നു. അന്ന് കോഴഞ്ചേരി മാർത്തോമാ പള്ളി സെമിത്തേരിയിലാണ് ജോർജ് വർഗ്ഗീസിനെ അടക്കിയത്. സാറമ്മയേയും ഇതേ സെമിത്തേരിയിൽ അടക്കണമെന്നായിരുന്നു മക്കളുടെ ആഗ്രഹം. 

എന്നാൽ പള്ളി അധികാരികൾ സമ്മതിച്ചില്ല. തൊട്ടടുത്തുള്ള മറ്റു പള്ളികളേയും സമീപിച്ചെങ്കിലും അവരും എതിർത്തു. ഇവരുടെ പുരയിടത്തിൽ പാറയായതിനാൽ കുഴിയെടുക്കാൻ കഴിയാത്തതിനാൽ മക്കളും നാട്ടുകാരും പ്രതിസന്ധിയിലായി. തുടർന്ന് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകളും നടത്തി.

ചറുകോൽ കോട്ടപ്പാറ ക്ഷേത്രത്തിന് സമീപം കുഴിവേലി മലയിലാണ് സാറാമ കഴിഞ്ഞിരുന്നത്. മകൾ മിനിയ്‌ക്കൊപ്പമായിരുന്നു താമസം. മിനിക്കും ഭർത്താവിനും അസുഖമായതിനാൽ സാറാമ വീട്ടുജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ഇതിനിടെയാണ് കിഡ്‌നി സംബന്ധമായ രോഗം സാറാമ്മയെ പിടികൂടിയത്. ഒരു മാസത്തിനുള്ളിൽ മരിക്കുകയും ചെയ്തു.

തുടർന്ന് സംസ്‌കാരം നടത്താനായി മകൻ മനു പള്ളി അധികാരികളെ സമീപിച്ചു. ഏറെ നാളായി പള്ളിയിലും മറ്റും പോകാത്ത ഒരാളുടെ സംസ്‌കാരം നടത്തുന്നതിനോട് പള്ളിക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചു. അമ്മ സ്‌നാനം കൊണ്ടിട്ടില്ലെ ന്യായവും മനുവിനോട് പള്ളി അധികാരികൾ പറഞ്ഞു. ഇതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി സംസ്‌കാരം ഹൈന്ദവ ആചാരപ്രകാരം നടത്തിയത്.

അഞ്ചാം ദിനം സഞ്ചയനം നടത്തുമെന്നും അവർ അറിയിച്ചു. ഗ്രാമ പഞ്ചായത്തും എല്ലാ സഹായവുമായി എത്തിയിട്ടുണ്ട്. കോട്ടപ്പറ ക്ഷേത്രത്തിന് സമീപം ചെറ്റക്കുടിലിലാണ് സാറാമ്മയും മകളും കുടുംബവും താമസിച്ചിരുന്നത്. വീടിന് കൈവശ രേഖകളുമില്ല. ഈ സാഹചര്യത്തിൽ ഈ കുടംബത്തെ സഹായിക്കാനും നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്. മകളുടേയും ഭർത്താവിന്റേയും രോഗാവസ്ഥ കണക്കിലെടുത്ത് പുതി വീട് വച്ച് നൽകാനാണ് തീരുമാനം. ഇതിന് എല്ലാ പിന്തുണയും നൽകുമെന്ന് പഞ്ചായത്ത് മെമ്പറും അറിയിച്ചിട്ടുണ്ട്.

മകൻ മനുവിന്റെ തീരുമാന പ്രകാരമാണ് ഹൈന്ദവ ആചാര പ്രകാരം സാറാമ്മയുടെ മൃതദേഹം സംസ്‌കരിച്ചതെന്നും നാട്ടുകാർ പറയുന്നു. പള്ളി അധികാരികളുടെ വാതിൽ മുട്ടി മടുത്തപ്പോഴാണ് മനു ഇത്തരമൊരു തീരുമാനം എടുത്തതെന്നും വിശദീകരിക്കുന്നു.