കായംകുളം: ശരണ്യ തട്ടിപ്പു നടത്തിയത് ആഡംബര ജീവിതം നയിക്കാൻ. പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി കുറത്തറ വീട്ടിൽ ശ്രീദേവിയുടെ അടിച്ചു പൊളി ജീവിത കഥകേട്ട് പൊലീസും ഞെട്ടി. തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും സൂത്രധാരകയുമായ ശരണ്യക്കും (23) സഹായി രാജേഷിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.

തട്ടിപ്പിലൂടെ ലഭിച്ച പണം ആഡംബര ജീവിതം നയിക്കാനാണു ശരണ്യ ഉപയോഗിച്ചിരുന്നത്. മൂന്നു കാറുകൾ, വില കൂടിയ ഗൃഹോപകരണങ്ങൾ, സ്ഥവും ഫ്‌ലാറ്റും വാങ്ങാൻ പണം നൽകിയതിന്റെ രേഖകൾ എന്നിവ പൊലീസ് ശരണ്യയുടെ വീട്ടിൽ നിന്നു കണ്ടെടുത്തു. പുതുപ്പള്ളി സ്വദേശികളായ അനീഷ്, അനീഷ് ചന്ദ്രൻ, ദിവ്യ എന്നിവർ കായംകുളം പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണു തട്ടിപ്പു പുറത്തായത്. തട്ടിപ്പിനെ എതിർത്തതിനെ തുടർന്നു വീട്ടിൽ നിന്നു പുറത്തായ ശരണ്യയുടെ സഹോദരൻ ശരത് പരാതിക്കാർക്കു തുണയായി എത്തിയത് അന്വേഷണത്തിനു സഹായകരമായി. എന്നാൽ കേസ് മണത്തറിഞ്ഞ ശരണ്യ സ്ഥലം വിട്ടു.

ഇന്നോവ, ക്വാളിസ്, ഐടെൻ കാറുകളിലായിരുന്നു ശ്രീദേവിയുടെ സഞ്ചാരം. വീട്ടിനുള്ളിൽ എല്ലാ സുഖസൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ തിരുവനന്തപുരത്ത് ഫ്‌ളാറ്റ് വാങ്ങാനും ശ്രമിച്ചു. പത്തനംതിട്ടയിൽ എൺപത് ലക്ഷം രൂപ വിലവരുന്ന ഭൂമിക്ക് ഇരുപത് ലക്ഷത്തിന്റെ ചെക്ക് അഡ്വാൻസായി നൽകിയിട്ടുണ്ട്. ജോലിക്കായി പണം നൽകിയവർ വീട്ടിൽ അന്വേഷിച്ച് വരാൻ തുടങ്ങിയതോടെ സഹോദരൻ ശരത് തട്ടിപ്പിനെ എതിർത്തു. ഇതോടെ ശരത്തിനെ എല്ലാവരും ചേർന്ന് പുറത്താക്കി. ശരത്താണ് തട്ടിപ്പ് സംബന്ധിച്ച് പൊലീസിന് നിർണായക വിവരം നൽകിയതെന്നാണ് സൂചന. ശരണ്യയ്ക്ക് തട്ടിപ്പ് നടത്താൻ പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. രണ്ടുവർഷം മുൻപാണ് സീതത്തോട് സ്വദേശി പ്രദീപിനെ ശരണ്യ വിവാഹം കഴിച്ചത്. ഇയാളും ഒളിവിലാണെന്നാണ് സൂചന. അച്ഛൻ സുരേന്ദ്രനും സഹായവും തട്ടിപ്പിന് ശരണ്യയ്ക്ക് കിട്ടി.

പൊലീസിൽ ജോലി വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഇതുവരെ പരാതി നൽകിയത് അമ്പതോളം പേരാണ്. നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ സ്വദേശികളാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതലും. വനിതാ സിവിൽ പൊലീസ് ഓഫിസർ ചമഞ്ഞാണ് +2 വിദ്യാഭ്യാസമുള്ള ശരണ്യ തട്ടിപ്പിന് കളമൊരുക്കിയത്. ആഭ്യന്തരമന്ത്രിയുടെ ഭാര്യയുമായി അടുപ്പമുണ്ടെന്നും ഇതിലൂടെ പിൻവാതിൽ നിയമനം വാങ്ങിനൽകാമെന്നും വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. വലയിൽ കുടുങ്ങിയവരെ വിശ്വസിപ്പിക്കാനായി കണ്ണൂർ, മണിയാർ, അടൂർ പൊലീസ് ക്യാമ്പുകളിൽ കൊണ്ടുപോയിരുന്നു. ക്യാമ്പിനോടുചേർന്ന പൊലീസ് സ്‌റ്റേഷനിൽ കയറി പരിചയഭാവത്തിൽ ഇടപെട്ടതും ഉദ്യോഗാർഥികളിൽ വിശ്വാസം നേടിയെടുക്കാൻ കാരണമായി. പത്തനംതിട്ട സീതത്തോട് സ്വദേശിയായ പ്രദീപാണ് ശരണ്യയെ വിവാഹം കഴിച്ചിരുന്നത്. ഇയാൾക്ക് ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

പൊലീസിൽ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തു രണ്ടു കോടിയിലേറെ രൂപയാണ് ശരണ്യ തട്ടിപ്പു നടത്തിയത്. ഈ കേസിൽ തൃക്കുന്നപ്പുഴ പാനൂർ കുറത്തറ വീട്ടിൽ സുരേന്ദ്രൻ (56), ഭാര്യ അജിത (48), ബന്ധു തോട്ടപ്പള്ളി ചാലത്തോപ്പിൽ ശുഭു (21) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സുരേന്ദ്രന്റെ മകളാണ് ശരണ്യ. പൊലീസ് തലപ്പത്തുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസിലെ ജീവനക്കാരിയാണെന്നും വിശ്വസിപ്പിച്ചായിരുന്നു ശരണ്യയുടെ നേതൃത്വത്തിൽ തട്ടിപ്പു നടത്തിയത്. പുരുഷ-വനിതാ സിവിൽ പൊലീസ് ഓഫിസർ, സ്റ്റോർ കീപ്പർ, ഡ്രൈവർ എന്നീ തസ്തികകളിൽ പിൻവാതിൽ നിയമനം തരപ്പെടുത്തി നൽകാമെന്നു പറഞ്ഞാണു പണം വാങ്ങുന്നത്. ഒരു വർഷത്തിനുള്ളിൽ നൂറോളം പേർ തട്ടിപ്പിനിരയായതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽ നിന്നു വാങ്ങിയത്.

സർക്കാരിന്റെയും പൊലീസ് സേനയുടെയും വ്യാജ മുദ്രയുള്ളതും ഉദ്യോഗാർഥികളുടെ ഫോട്ടോ പതിച്ചതുമായ ഫയലുകളും നിയമനത്തിനുള്ള വ്യാജരേഖകളും ശരണ്യയും രാജേഷും ചേർന്നു തയാറാക്കി കാണിച്ച് ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കും. നിയമനം ശരിയാക്കുന്ന തിരുവനന്തപുരത്തുള്ള ഡിവൈഎസ്‌പിയാണെന്നു വിശ്വസിപ്പിച്ചു രാധാകൃഷ്ണനെ ഫോണിലൂടെ ഉദ്യോഗാർഥികളെ പരിചയപ്പെടുത്തും. ഉദ്യോഗാർഥികളെ കണ്ണൂർ, മണിയാർ, അടൂർ എന്നിവിടങ്ങളിലെ പൊലീസ് ക്യാംപുകളിൽ സന്ദർശനത്തിനായി കൊണ്ടുപോകുകയും സമീപമുള്ള ലോഡ്ജിൽ താമസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോവുകയും ഒപി ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. സുരേന്ദ്രന്റെ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ 48 വ്യാജ നിയമന ഉത്തരവുകളും ശാരീരിക ക്ഷമതാ പരിശോധന സർട്ടിഫിക്കറ്റ് എന്നിവ കണ്ടെടുത്തു.

എന്നാൽ, തെരച്ചിലിനു തലേന്നു രാത്രി ശരണ്യ വ്യാജ രേഖകൾ ഉണ്ടാക്കാൻ ഉപയോഗിച്ച കംപ്യൂട്ടറും ഒട്ടേറെ വ്യാജ രേഖകളും കടത്തിയതായി പൊലീസ് പറഞ്ഞു. ഇവിടെയാണ് പൊലീസിലെ ചിലരെ സംശയിക്കുന്നത്. റെയ്ഡിന്റെ കാര്യം എങ്ങനെ ശരണ്യ അറിഞ്ഞു എന്നതാണ് ഉയരുന്ന ചോദ്യം. ഇതുകൊണ്ടാണ് പൊലീസിന്റെ വലപൊട്ടിച്ച് ഒളിവിൽ പോകാൻ ഇവർക്ക് കഴിഞ്ഞതും.