ആലപ്പുഴ: പൊലീസിൽ ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയ ശരണ്യയെ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത് യൂത്ത് കോൺഗ്രസ് നേതാവ് നൈസൽ പല്ലനയെന്ന് സൂചന. പൊലീസ് കസ്റ്റഡിയിലുള്ള ശരണ്യ ഹരിപ്പാട്ടു മജിസ്‌ട്രേറ്റിനു നല്കിയ മൊഴിയിൽ മുഴുവൻ വെളിപ്പെടുത്തിയിട്ടുള്ളത് നൈസലിനെതിരായാണ്.

ആഭ്യന്തര മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട മുഴുവൻ സഹായവും ചെയ്തുകൊടുത്തിരുന്നത് നൈസലാണെന്നാണ് ശരണ്യ വെളിപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫീസിന്റെ മുഴുവൻ ചുക്കാനും നൈസൽ കൈകാര്യം ചെയ്തിരുന്നതായാണ് അറിയാൻ കഴിയുന്നത്.

ശരണ്യ എന്ന നാട്ടിൻപുറത്തുകാരിയെ നൈസൽ തട്ടിപ്പുകാരിയാക്കിയത് ഇങ്ങനെ. വിവാഹശേഷം അരുണാചൽ പ്രദേശിൽ ജോലി ചെയ്തിരുന്ന ശരണ്യയ്ക്ക് നൈസൽ ആദ്യം സഹകരണ ബാങ്കിലും പിന്നീട് പൊലീസിലും ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയിരുന്നു. പിന്നീട് അരുണാചലിൽനിന്നും വിളിച്ചുവരുത്തി ജോലിക്കാര്യത്തിനായി ഹരിപ്പാട്ടുള്ള ആഭ്യന്തര മന്ത്രിയുടെ ക്യാമ്പ് ഓഫിസിൽ കൊണ്ടുവന്നു. ക്യാമ്പ് ഓഫീസിൽ എത്തിയ ശരണ്യയെ നൈസൽ മന്ത്രിക്ക് പരിചയപ്പെടുത്തുകയായിരുന്നു. അതിനുശേഷം പുറത്തിറങ്ങിയ ശരണ്യയോട് വേണ്ട സഹായം ചെയ്യാമെന്ന് മന്ത്രിയുടെ ഓഫീസ് മാനേജർ വേണുനായർ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇന്നലെ വെളിപ്പെടുത്തിയ മൊഴിയിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായപ്പോൾ ശരണ്യ നൈസലിനോട് വിവരങ്ങൾ തിരക്കി. എന്നാൽ കുറഞ്ഞത് 25 പേരെങ്കിലുമുണ്ടെങ്കിലേ ട്രെയിനിങ് നടത്താൻ കഴിയുകയുള്ളുവെന്നും അതിന് കൂടുതൽ ആളുകളെ കണ്ടെത്തണമെന്നും നൈസൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശരണ്യ ആളെ പിടിക്കാൻ തുടങ്ങിയത്. പിന്നീട് ശരണ്യ ചില ബന്ധുക്കളെയും അവർ വഴി മറ്റു ചിലരേയും സംഘടിപ്പിച്ച് 10 പേരിൽ നിന്ന് ഒന്നര ലക്ഷം രൂപവീതം വാങ്ങി സർട്ടിഫിക്കറ്റുകൾക്കൊപ്പം നൈസലിനു കൈമാറി.

പറഞ്ഞ സമയത്ത് ജോലിക്കാര്യം ശരിയാകാതെ വന്നതോടെ പണം നൽകിയവർ ശരണ്യയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണു തൃക്കുന്നപ്പുഴ എസ്‌ഐ സന്ദീപിന് കടന്നുവരാൻ അവസരം ഒരുങ്ങിയത്. പണം തിരികെ കൊടുത്തു പ്രശ്‌നം തീർത്താൽ മതിയെന്നും കേസെടുക്കില്ലെന്നും എസ്‌ഐ പറഞ്ഞു. പകുതിപ്പേരുടെ പണം കൊടുത്ത് പ്രശ്‌നം ഒഴിവാക്കി. ഈ വിവരം എസ്‌ഐയെ അറിയിക്കുകയും ചെയ്തു.

ഇതിനെല്ലാം മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചിരുന്നതായും പറയപ്പെടുന്നു. ഈ വിവരങ്ങൾ പുറത്തുപറഞ്ഞാൽ പുറംലോകം കാണിക്കില്ലെന്ന ഡിവൈ എസ് പി ദേവമനോഹറിന്റെ ഭീഷണിക്ക് പുറമെ ശരണ്യയെ തലകീഴായി കെട്ടിത്തൂക്കി അതിക്രൂരമായി മർദ്ദിച്ചതായുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കായംകുളത്തെ രണ്ട് എസ് ഐമാരായ രതീഷ്, സമദ് എന്നിവരും ശരണ്യയെ മർദ്ദിച്ചതായി പരാതി ഉയരുന്നുണ്ട്. എന്നാൽ ശരണ്യയുടെ പ്രശ്‌നത്തിൽ ഇടപെട്ട എസ് ഐ സന്ദീപ് ഇതോടെ അവസരം മുതലാക്കി തുടങ്ങി. പണം കൊടുത്ത് കാര്യങ്ങൾ തീർത്തുവെന്നറിയിച്ചെങ്കിലും സന്ദീപ് ഇടയ്ക്കിടയ്ക്ക് ശരണ്യയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു.

തന്റെ ആഗ്രഹത്തിനു വഴങ്ങിയില്ലെങ്കിൽ കുടുംബത്തോടെ വിലങ്ങണിയിച്ച് തെരുവിൽ നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി തുടരുകയും ഒരു ദിവസം വീട്ടിൽ അച്ഛനും അമ്മയുമില്ലാത്ത രാത്രി വാഹനവുമായി വന്ന് തന്നെ കയറ്റി അയാളുടെ താമസസ്ഥലത്തെത്തിച്ച് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തു.

പുലർച്ചെ തിരികെ കൊണ്ടുവിടുകയുംചെയ്തു. ഇത് നിരവധി തവണ തുടരുകയും ചെയ്തതായി മൊഴിയിൽ പറയുന്നു. ഇപ്പോൾ ശരണ്യ വാങ്ങിയ പണം യൂത്ത് കോൺഗ്രസ് നേതാവ് തട്ടിയെടുത്തതിലേക്കാണ് കാര്യങ്ങൾ ചെല്ലുന്നത്. നൈസലിന് ആഭ്യന്തരമന്ത്രിയുടെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫിസുമായും മന്ത്രി കെ ബാബു, മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മൻ എന്നിവരുമായും വളരെ അടുത്ത ബന്ധമാണുള്ളത്. നൈസലിന്റെ വിവാഹത്തിന് മന്ത്രി കെ ബാബു, ചാണ്ടി ഉമ്മൻ എന്നിവരടക്കം പ്രമുഖ കോൺഗ്രസ് നേതാക്കളുടെ വൻനിരതന്നെ എത്തിയിരുന്നു. ശരണ്യയെക്കൊണ്ട് പണം മുഴുവൻ വാങ്ങിയെടുത്ത നൈസലിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തതിൽ ദുരൂഹത പടരുകയാണ്.