കണ്ണൂർ: ശരണ്യയെ ഞാൻ ആവോളം സ്നേഹിച്ചിരുന്നു. എന്നിട്ടും അവൾ എന്നേയും കുട്ടികളേയും തനിച്ചാക്കി ജീവൻ ഹോമിക്കുകയായിരുന്നു. സിനിമാ സീരിയൽ സംവിധായകൻ ചെറുപുഴ സ്വദേശി രഞ്ജിത്ത് മൗക്കാട് 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. സ്നേഹം ഏറെ നൽകിയിട്ടും ആത്മഹത്യാ പ്രേരണയുടെ അടിമയായിരുന്നു അവൾ. മുൻ ഭർത്താവിനൊപ്പം കഴിയുമ്പോഴും അവൾ ആത്മഹത്യക്ക് ഒരുങ്ങുകയും പരിയാരം ആശുപത്രിയിൽ കഴിയുകയും ചെയ്തിരുന്നു. അവർ തമ്മിലുള്ള ദാമ്പത്യ പ്രശ്നം മൂർച്ചിച്ച് വിവാഹ മോചനം നേടിയപ്പോൾ അവളുടെ രക്ഷക്കെത്തിയതായിരുന്നു താൻ. തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രത്തിൽ വെച്ച് നാട്ടുകാരുടെ മുമ്പാകെയായിരുന്നു ഒരു കുഞ്ഞുള്ള അവളെ ഞാൻ വിവാഹം കഴിച്ചത്.

ആദ്യ ഭർത്താവിൽ അവൾക്കുണ്ടായ കുഞ്ഞിനെ തുമ്പ എന്നും എനിക്ക് പിറന്ന കുഞ്ഞിനെ തുമ്പിയെന്നുമാണ് ഞാൻ വിളിക്കാറ്. രണ്ടു പേരുടേയും അച്ഛനായാണ് ഞാൻ അവരെ വളർത്തിയത്. ശരണ്യക്ക് എന്നോട് സ്നേഹക്കൂടുതലായിരുന്നു. സിനിമാ ഫീൽഡിലുള്ള മറ്റേതെങ്കിലും സ്ത്രീയോ മറ്റൊ എന്നെ വിളിച്ചാൽ അവൾ പെട്ടെന്ന് ക്ഷോഭിക്കും. എപ്പോഴും അവളുടെ കൂടെ താൻ വേണമെന്നാണ് അവളുടെ ആഗ്രഹം. അതുകൊണ്ടു തന്നെ എന്റെ അച്ഛനോടും അമ്മയോടും അവൾ അടുക്കാറില്ല. അതുകൊണ്ടു തന്നെയാണ് അവളെ തിരുവനന്തപുരത്തുകൊണ്ട് വന്ന് പാർപ്പിച്ചത്.

എന്റെ അമ്മയുടെ ആത്മഹത്യ കണ്ടവനാണ് ഞാൻ. അതുകൊണ്ടു തന്നെ അവളോട് പെരുമാറുന്നതിന് പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. കുടുംബ ആവശ്യത്തിനു വേണ്ടി അവളുടെ സ്വർണം പണയം വെച്ചിരുന്നു. മരിക്കുന്ന ദിവസം പണയ സ്വർണം ഉടൻ തിരിച്ചെടുക്കണമെന്ന് അവൾ ആവശ്യപ്പെട്ടിരുന്നു. പത്ത് മണി കഴിഞ്ഞ് സ്വർണ്ണമെടുക്കാൻ തയ്യാറായി ഞാൻ വീട്ടിൽ നിന്നും പുറത്ത് പോയി വരവേയാണ് അവൾ ആത്മഹത്യ ചെയ്തത്. എന്റെ ഫെയ്സ് ബുക്കും വാട്സാപ്പുമെല്ലാം എത്രയോ കാലമായി അവൾ തന്നെയാണ് ഉപയോഗിക്കാറുള്ളത്. 28 കാരനായ ഞാൻ എന്റെ അതേ പ്രായമുള്ള ശരണ്യയെ സ്നേഹിച്ചു തന്നെയാണ് വിവാഹം ചെയ്തത്.

നിസ്സാര കാര്യങ്ങൾക്ക് പലപ്പോഴും അവൾ ആത്മഹത്യാ ഭീഷണി ഉയർത്താറുണ്ടെങ്കിലും അപ്പോഴെല്ലാം അനുനയത്തിൽ മക്കളുടെ കാര്യം പറഞ്ഞ് കൂടുതൽ സ്നേഹം കൊടുക്കാറാണ് പതിവ്. ഇപ്പോൾ തുമ്പ മോളെ അവളുടെ വീട്ടുകാർ കൊണ്ടു പോയിരിക്കയാണ്. ഇതെന്നെ ഏറെ വിഷമിപ്പിക്കുകയാണ്. എനിക്കെതിരെ വന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്. ഞാനും ആത്മഹത്യയിലേക്ക് പോകേണ്ട അവസ്ഥയാണ് പുറത്ത് പ്രചരിക്കുന്നത്. രഞ്ജിത് മൗക്കാട് പറഞ്ഞു.

സിനിമാ-സീരിയൽ സഹ സംവിധായകൻ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ശരണ്യ നാരായണൻ ആത്മഹത്യ ചെയ്തത് ജീവിത ദുഃഖങ്ങളിൽ മനംനൊന്താണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രഞ്ജിത്തിന്റെ സുഖ ജീവിതമാണ് ശരണ്യയെ ഗതി കേടിലേക്ക് തള്ളിവിട്ടതെന്ന ആരോപണവും സജീവമായി. ഇതോടെയാണ് രഞ്ജിത് വിശദീകരണവുമായെത്തിയത്. പുളിയറക്കോടം മൈലാടി അങ്കൺവാടിക്ക് സമീപത്തെ വീട്ടിൽവച്ച് ശരണ്യ ജീവനൊടുക്കാൻ ശ്രമിച്ചത്. രാവിലെ പത്തുമണിയോടെ ബാത്ത് റൂമിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. തൂങ്ങിയ നിലയിൽ കണ്ടതോടെ രഞ്ജിത് താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കെ കെ രാജീവ് സംവിധാനം ചെയ്യുന്ന അയലത്തെ സുന്ദരി എന്ന സീരിയലിലും മഴവിൽ മനോരമയിലെ സിബിഐ ഡയറി എന്ന പരിപാടിയിലും അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് രഞ്ജിത്ത് മൗക്കോട് ഇപ്പോൾ. ഇവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് രഞ്ജിത്തും ശരണ്യയും തലസ്ഥാനത്തേക്ക് താമസത്തിന് എത്തുന്നത്. അതിനിടെ ശരണ്യ നാരായണന്റെ മരണത്തിൽ ദുരൂഹത എന്ന് ആരോപണവും ശക്തമായി. മരണത്തിന് ഏതാനം നാളുമുമ്പ് ശരണ്യ തന്റെ ഫേസ്‌ബുക്കിൽ ഇട്ട് പോസ്റ്റാണ് ഈ ആരോപണത്തിന് അടിസ്ഥാനം എന്നു പറയുന്നു.

ഭർത്താവ് രഞ്ജിത്തിന്റെ കൂടെയുള്ള ഫോട്ടോ സഹിതം ഡിസംബർ 10 നായിരുന്നു ശരണ്യം ഈ പോസ്റ്റ് ഇട്ടത്. ഇങ്ങനൊരു പരിചയപെടുത്തലിന്റെ ആവശ്യം ഇതുവരെ ഇല്ലായിരുന്നു.. പക്ഷെ ഇന്നെനിക്കു വന്ന ചില പേഴ്‌സണൽ മെസ്സേജ് കാരണം ഞാൻ ഇതിവിടെ പോസ്റ്റ് ചെയ്യുന്നു... ഇതെന്റെ ഭർത്താവ് ... ഇന്നീ നിമിഷം വരെ ഞങ്ങൾ ഭാര്യാഭർത്താവ് തന്നെയാണ്... ഒരുമിച്ചു ജീവിക്കുന്നും ഉണ്ട്... പിരിയുമ്പോൾ അറിയിക്കാം.... അപ്പോൾ കട്ടിലുപിടിക്കാൻ വന്നാമതി.

പോസ്റ്റ് കണ്ട് എന്താണ് ഇങ്ങനെ ഇടാനുള്ള കാരണം എന്നു പല സുഹൃത്തുക്കളും ചോദിച്ചപ്പോൾ അതിനു കാരണം ഉണ്ട് എന്നും പിന്നീടു മനസിലാകും എന്നും ശരണ്യ പറയുന്നുണ്ട്. ഇതിൽ ദുസ്സൂചനയുണ്ടല്ലോ എന്താണ് അത് എന്നും ചോദിച്ച സുഹൃത്തിനോട് എല്ലാം ഫോണിൽ പറയാം ഇവിടെ കുറിക്കാൻ കഴിയില്ല എന്നും ശരണ്യ പറയുന്നു. ഈ ഫേസ്‌ബുക്ക് പോസ്റ്റാണു ശരണ്യയുടെ മരണത്തിലെ ദുരൂഹതയിലേയ്ക്കു വിരൽ ചൂണ്ടുന്നത്. അതുകൊണ്ട് തന്നെ കുടുംബ പ്രശ്നങ്ങൾ സജീവമായിരുന്നുവെന്ന വിലയിരുത്തലും എത്തുകയാണ്. ഇതെല്ലാം വിവാദമാകുമ്പോഴാണ് രഞ്ജിത് സ്വന്തം ഭാഗം ന്യായീകരിക്കുന്നത്.