- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ജീവൻ പോലും നോക്കാതെ ഒഴുക്കിൽപ്പെട്ടയാൾക്കായി തെരച്ചിൽ; ഫയർ ഫോഴ്സ് ഡിങ്കി മറിഞ്ഞ് മരിച്ച ശരത്തിന് പ്രസിഡന്റിന്റെ സർവോത്തം ജീവൻ രക്ഷാപഥക്; മരണാനന്തര ബഹുമതി കിട്ടുക പത്തനംതിട്ട ഫയർ ബ്രിഗേഡിലെ മിടുക്കനായ ചെറുപ്പക്കാരന്
പത്തനംതിട്ട: നദിയിൽ ഒഴുക്കിൽപ്പെട്ടയാൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ ഡിങ്കി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന് മരണാനന്തര ബഹുമതിയായി പ്രസിഡന്റിന്റെ സർവോത്തം ജീവൻ രക്ഷാപഥക്. തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനിൽ രാജേശ്വരൻ-രത്നകുമാരി ദമ്പതികളുടെ മകൻ ആർ ആർ ശരതിനാ(30)ണ് റിപ്പബ്ലിക് ദിനത്തിൽ ബഹുമതിക്ക് ലഭിച്ചത്.
2020 ഒക്ടോബർ 22 ന് വൈകിട്ട് പെരുനാട്ടിൽ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഡിങ്കി മറിഞ്ഞത്. പത്തനംതിട്ട ഫയർ ബ്രിഗേഡിലെ ഫയർമാനായിരുന്നു ശരത്. മാടമൺ ചൂരപ്ലാക്കൽ ശിവനെ (55)യാണ് മാടമൺ പമ്പ് ഹൗസിനു സമീപം ഒഴുക്കിൽ പെട്ടു കാണാതായത്.
അന്ന് രാവിലെ 11 നാണ് വിവരം റാന്നി ഫയർ ഫോഴ്സിൽ ലഭിച്ചത്. 11.57 നാണ് ശരത് ഉൾപ്പെടുന്ന പത്തനംതിട്ട സ്‌കൂബ ടീം സ്ഥലത്ത് ചെന്നത്. വൈകിട്ട് 4.45 ന് തെരച്ചിൽ നടത്തിക്കൊണ്ടിരുന്ന റബർ ഡിങ്കി മുങ്ങി. ശരത് അടക്കം ഏഴു പേർ നദിയിലേക്ക് വീണു. എട്ടു മിനിട്ടിന് ശേഷം 10 മീറ്റർ മാറി ശരത്തിനെ വെള്ളത്തിൽ നിന്നുമെടുത്തു. 5.15 ന് റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചു. പരിശോധനകൾക്ക് ശേഷം ഡോക്ടർ മരിച്ചതായി വിധിയെഴുതി.
മാടമൺ തടയണയ്ക്ക് സമീപം വച്ച് ഡിങ്കിയിൽ വെള്ളം കയറിയാണ് മുങ്ങിയത്. ശരത് ഡിങ്കിക്ക് അടിയിലായിപ്പോയി. രാവിലെ മുതലുള്ള തെരച്ചിലിൽ ക്ഷീണിതനായ ഇദ്ദേഹത്തിന് നീന്തിക്കയറാൻ കഴിയുമായിരുന്നില്ല. ആനത്തോട് ഡാമിന്റെ ഷട്ടർ തുറന്നിട്ടിരുന്നതിനാൽ പമ്പയിൽ ഒഴുക്ക് കൂടുതലായിരുന്നു.
നദിയുടെ അടിത്തട്ടിൽ പാറ നിറഞ്ഞ സ്ഥലമാണ്. ഇവിടെയാണ് അപകടം സംഭവിച്ചത്. ശരത്തിന്റെ പ്രവൃത്തി ധീരന്മാർക്ക് ചേർന്നതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം കിട്ടിയത്. അഖിലയാണ് ശരത്തിന്റെ ഭാര്യ. മകൻ അഥർവ്വ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്