തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് നേതാവിന്റെ ഗുണ്ടായിസം. കെപിസിസി ജനറൽ സെക്രട്ടറി ശരത് ചന്ദ്രപ്രസാദയാണ് തലസ്ഥാനത്ത് ഗുണ്ടായിസം നടത്തിയത്. കിട്ടാനുള്ള പണം തിരികെ ചോദിച്ചതിന് ഫ്‌ളക്‌സ് കടയുടമയെ ആക്രമിക്കുകയായിരുന്നു ശരത് ചന്ദ്രപ്രസാദ. പുതിയ ഫ്‌ളക്‌സ് അടിക്കാൻ കടയിൽ ചെന്ന ശരത് ചന്ദ്ര പ്രസാദിനോട് ഇനി ഫ്ളക്സ് അടിക്കണമെങ്കിൽ കാശ് നൽകണമെന്ന് കടയുടമ പറഞ്ഞതിനായിരുന്നു ഭീഷണിയും ആക്രണവുമെന്ന് കടയുടമ സുരേഷ് പറഞ്ഞു.

ശരത് ചന്ദ്ര പ്രസാദ് കടയുടമയെ ആക്രമിക്കുകയും കടയിലെ കസേരകൾ വലിച്ചെറിയുന്നതിന്റെയും ആക്രമണം നടത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തന്നെയും ഭാര്യയേയും ശരത്ചന്ദ്രപ്രസാദ്് ഭീഷണിപ്പെടുത്തിയതായും സുരേഷ് പറയുന്നു. സംഭവത്തിന് പിന്നാലെ കടയുടമ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ തിരുവനന്തപുരം കവടിയാറുള്ള പ്രിന്റ് വേൾഡെന്ന ഫ്ളക്സ് യൂണിറ്റിന്റെ ഉടമയെയാണ് ശരത് ചന്ദ്ര പ്രസാദ് അക്രമിച്ചത്. ഇയാൾ കടയുടമ സുരേഷിനെ അക്രമിക്കുന്നതും അവിടെയുണ്ടായിരുന്ന കസേര വലിച്ചെറിയുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

പല തവണകളായി ഫള്കസ് അടിച്ച് നൽകിയതിന് ഒരു ലക്ഷം രൂപയോളം ശരത് ചന്ദ്ര പ്രസാദ് നൽകാനുണ്ട്. ഇത് തിരികെ ചോദിച്ചതാണ് ശരത് ചന്ദ്രപ്രസാദിനെ പ്രകോപിതനാക്കിയത്. തിരുവനന്തപുരത്ത് നടക്കുന്ന ശലഭമേള എന്ന പരിപാടിയുടെ ഫ്ളക്സടിക്കാൻ കഴിഞ്ഞ ദിവസം ശരത് ചന്ദ്ര പ്രസാദ് എത്തി. പണം നൽകിയാലെ ഫ്ളകസ് അടിക്കൂ എന്ന് പറഞ്ഞതോടെ ഇയാൾ പ്രകോപിതാനായി തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ സുരേഷ് കെപിസിസി പ്രസിഡന്റിന് നൽകിയ പരാതിയിലുള്ളത്. ഓഫീസിലെ കസേരകളും മറ്റും വലിച്ചെറിഞ്ഞ ശരത് ചന്ദ്രപ്രസാദ് കംപ്യൂട്ടറുകളും കേടുവരുത്തി. ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് തന്നെ മർദ്ദിച്ചതിന് കോൺഗ്രസ് പ്രവർത്തകനായ താൻ പാർട്ടിയിൽ പരാതി നൽകുമെന്നും സുരേഷ് പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങളും സുരേഷ് കെപിസിസി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഗൗരവപരമായി പരിഹാരം ഉണ്ടാകുമെന്ന് പരാതി നൽകിയപ്പോൾ കെപിസിസി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോൾ പരാതി പൊലീസിൽ നൽകുന്നില്ലെന്നും സുരേഷ് പറഞ്ഞു. കോൺഗ്രസ് അനുഭാവികൂടിയാണ് കടയുടമ സുരേഷ്. പണം നൽകാതെ ഫ്‌ളക്‌സ് അടിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്നുള്ള വാക്കേറ്റമാണ് കൈയേറ്റത്തിൽ കലാശിച്ചത്. എന്നാൽ പ്രശ്‌നം ചർച്ച ചെയ്തു പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് കെപിസിസി നേതൃത്വം.