കൊച്ചി: സിനിമാഭിനയം, ജീവിതാഭിലാഷമാണ് ചിലർക്ക്. സിനിമയിൽ വിജയിക്കാൻ ഭാഗ്യം കൂടി വേണമെന്നൊക്കെ പറയുമെങ്കിലും, ഈ രംഗം അത്രമേൽ ആവേശിച്ചുപോയവരെ ചുറ്റും നോക്കിയാൽ കാണാം. മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി ഒരുകാലത്ത് ചാൻസ് ചോദിച്ച് നടന്നിരുന്ന കഥകൾ കേട്ടിട്ടുണ്ട്. ചാൻസ് ചോദിച്ചുനടക്കുന്ന അഭിനയമോഹിയായി 'ബെസ്റ്റ് ആക്ടർ' എന്ന സിനിമയിൽ പിൽക്കാലത്ത് വേഷമിടുകയും ചെയ്തു. സിനിമ അത്രമേൽ ഹരമായവർക്ക് ചിലപ്പോൾ ആഗ്രഹത്തിനൊപ്പിച്ച് അവസരങ്ങൾ കിട്ടണമെന്നില്ല. അവസരങ്ങൾ മുതലാക്കി പടിപടിയായി പിടിച്ചുകയറുന്നവരും ഉണ്ട്. ഏതായാലും അഭിനയിക്കാൻ ചാൻസ് ചോദിച്ച് നടന്നിട്ട് കിട്ടാതെ വന്നതോടെ, മറ്റാരും സ്വീകരിക്കാത്ത വഴി സ്വീകരിച്ചിരിക്കുകയാണ് കോട്ടയം പനച്ചിക്കാട് സ്വദേശി ശരത്.

തന്റെ ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പെടുത്തി ഒരു വലിയ ഹോർഡിങ് സ്ഥാപിച്ചിരിക്കുകയാണ് പനച്ചിക്കാട് കുരുവിക്കാട് വീട്ടിൽ ശരത്. 'സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. പ്രതീക്ഷയോടെ ശരത് പനച്ചിക്കാട്' എന്നാണ് ഹോർഡിങ്സിലെ വാക്കുകൾ. ചിത്രവും ഫോൺ നമ്പറുമുണ്ട്. സിനിമ പ്രവർത്തകർ ഏറെയുള്ള എറണാകുളം ജില്ലയിലാണ് ഹോർഡിങ് സ്ഥാപിച്ചത്. കോട്ടയത്ത് സ്വകാര്യ ബസ് ഡ്രൈവറായ ശരത് മൂന്ന് മാസം സ്വരുകൂട്ടിവെച്ച 25,000 രൂപയാണ് ഈ പരസ്യം സ്ഥാപിക്കാൻ ചെലവാക്കിയത്.

പത്ത് വർഷമായി ശരത് സിനിമയിൽ അവസരം തേടുന്നുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് അവസരം തേടിയുള്ള ഈ ഓട്ടം. നിരവധി ഓഡിഷനുകളിൽ പങ്കെടുക്കുകയും ജൂനിയർ ആർട്ടിസ്റ്റായി ചില സിനിമകളിൽ വേഷമിടുകയും ചെയ്തിട്ടുണ്ട്. ഒരു വലിയ അവസരം തന്നെ തേടി വരുമെന്ന പ്രതീക്ഷയിലാണ് ശരത്. ഫോൺ നമ്പറിൽ വിളിച്ച് ആരെങ്കിലും അവസരം നൽകിയാലോ.

ശരതിന് ഇത് അവസാനത്തെ വഴിയാണ്. മറ്റുവഴികൾ ഇനി മുന്നിലില്ല. പലരും ഇത് കണ്ട് കളിയാക്കിയേക്കാം, ട്രോളിയേക്കാം. അതൊന്നും ശരത് കാര്യമാക്കുന്നില്ല. സിനിമയോട് അത്രയും മോഹമാണ്. അതല്ലെങ്കിൽ താൻ ഈ പണിക്കിറങ്ങുമോ എന്ന് ശരത് ചോദിക്കുന്നു. 40 വർഷം മുൻപ് മമ്മൂക്ക പത്രത്തിൽ ഇതുപോലെ പരസ്യം കൊടുത്തില്ലേ. അദ്ദേഹമാണ് എന്റെ മാതൃക. എന്തായാലും ഇതിനേക്കാൾ നന്നായി ചാൻസ് ചോദിക്കാൻ തനിക്കറിയില്ല എന്ന് പറയുന്നു ശരത്. പ്രതീക്ഷയോടെ കാത്തിരിപ്പാണ് ശരത്, ആ ഫോൺകോളിനായി.