ലണ്ടൻ: ലൈംഗികാരോപണത്തിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിങ്ങിനെതിരെ ലുധിയാനാ പൊലീസ് കേസ് എടുക്കുമെന്ന് സൂചന.

ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന ഇന്ത്യൻ വംശജയായ ഹോക്കി താരത്തെ ഇന്ത്യയിൽ കൊണ്ടു വന്നും സർദാർ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്നുമുള്ള ആരോപണം പ്രാഥമികമായി നിലനിൽക്കുമെന്ന് പൊലീസ് കണ്ടെത്തിയതായാണ് സൂചന. തെളിവുകളെല്ലാം പഞ്ചാബ് പൊലീസെ ഡിഎസ്‌പി കൂടിയായ സർദാർ സിങ്ങിന് എതിരാണ്. 2012ൽ തന്നെ സർദാർ സിങ്ങും അസ്പാൽ ബോഗലും തമ്മിലുള്ള വിവാഹ നിശ്ചയ വാർത്ത പഞ്ചാബിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ നൽകിയിരുന്നു. ഇതോടെ വിവാഹവാഗ്ദാനം എന്ന ആരോപണം സർദാറിന് നിഷേധിക്കാൻ കഴിയാത്ത സ്ഥിതി വന്നു.

ബ്രിട്ടണിൽ സ്ഥിര താമസമായ അസ്പാൽ ബോഗലും സർദാറും പഞ്ചാബിൽ കറങ്ങിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഈ യാത്രയിലാണ് താൻ പീഡിപ്പിക്ക്‌പ്പെട്ടതാണെന്നാണ് ബോഗലിന്റെ വാദം. ഇതിനോട് ചേർന്ന് നിൽക്കുന്നതാണ് പ്ത്രവാർത്തകളും. അതുകൊണ്ട് തന്നെ സർദാർ സിംഗിനെതിരെ എഫ് ഐ ആർ ഇടേണ്ടി വരും. പറഞ്ഞു പറ്റിച്ച് ലൈംഗിക ചൂഷണമെന്നതാണ് യുവതിയുടെ ആരോപണം. അതുകൊണ്ട് തന്നെ സർദാറിനെതിരെ എഫ് ഐ ആർ ഉറപ്പാണെന്നാണ് സൂചന. അതുകണ്ടായാൽ കളിക്കളത്തിൽ നിന്നും ജോലിയിൽ നിന്നും ഇന്ത്യൻ ഹോക്കി ടീം നായകന് വിട്ടു നിൽക്കേണ്ടി വരും.

പെൺകുട്ടിയെ പരിചയമുണ്ടെന്നും എന്നാൽ പീഡന ആരോപണങ്ങൾ തെറ്റാണെന്നും സർദാർ പറഞ്ഞിരുന്നു. ഇതോടെയാണ് പഞ്ചാബിലെ വിവിധ സ്ഥലങ്ങളിൽ വച്ചും പീഡനം നടന്നു എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നത്. ഇത് തെളിയിക്കാനായി സർദ്ദാറുമൊത്തുള്ള ചിത്രങ്ങളും പെൺകുട്ടി പുറത്തുവിട്ടു. ഇതോടെ പഞ്ചാബിൽ ഇരുവരും കറങ്ങിയിരുന്നുവെന്ന് വ്യക്തമായി. ഇതിനൊപ്പമാണ് 2012ലെ പത്രവാർത്തകളും ഇന്ത്യൻ ഹോക്കി ടീം നായകന് വിനയാകുന്നത്. ഈ സാഹചര്യത്തിൽ ലുധിയാന പൊലീസിനും കേസ് എടുക്കേണ്ടി വരും.

പഞ്ചാബിലെ സിർസ സ്വദേശിയാണ് പരാതിക്കാരിയായ അസ്പാൽ ബോഗൽ. ഇംഗ്ലണ്ടിൽ ജനിച്ച് ആ രാജ്യത്തിനായി രാജ്യാന്തര മത്സരം കളിച്ച യുവതിയാണ് ഇവർ. സർദ്ദാർ സിങ് ഇവരെ നാട്ടിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന ഉറപ്പിലായിരുന്നു ഈ യാത്രകൾ. ലണ്ടൻ ഒളിംപിക്‌സിൽ വച്ചാണ് താൻ സർദാർ സിങ്ങുമായി പരിചയത്തിലായതെന്ന് യുവതി പരാതിയിൽ പറയുന്നു. നാലു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം ഗർഭിണിയുമായി. എന്നാൽ, അതോടെ സർദാർ വിവാഹ തീരുമാനത്തിൽ നിന്ന് പിന്മാറി. പിന്നീട് ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിയായിരുന്നു. ഒടുവിൽ എന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് കഴിഞ്ഞ വർഷം ഗർഭഛിദ്രം നടത്തിയന്നൊണ് പരാതി.

ഈ കാലയളവിൽ സർദാർ തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വർഷം ആൻഡ്‌വർപിൽ ലോക ഹോക്കി ലീഗ് നടക്കുന്നതിനിടെ തന്നെ മർദിച്ച സർദാരിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അതിനുശേഷം സർദാർ എന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതരെ സമീപിച്ച് ലുധിയാന പൊലീസിൽ പരാതി നൽകിയതെന്നാണ് വിശദീരകണം. എന്നാൽ ദേശീയ ചാനലിനോട് ആരോപണങ്ങൾ സർദ്ദാർ സിങ്ങ് നിഷേധിച്ചു. പെൺകുട്ടിയെ അറിയാമെന്നും പീഡന ആരോപണം തെറ്റാണെന്നുമായിരുന്നു വാദം.

ഇതിനൊപ്പം ഇംഗ്ലണ്ടിൽ നടന്ന പീഡനത്തിന് ഇന്ത്യയിൽ എങ്ങനെ കേസ് എടുക്കുമെന്ന വാദവും ശക്തമായി. ഇതിനെ തുടർന്നാണ് പെൺകുട്ടി പേരും ഫോട്ടോയും വെളിപ്പെടുത്തിയത്. പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിന് അടുത്തു കൂടി ഇരുവരും നടക്കുന്ന ചിത്രവുമുണ്ട്. പത്രവാർത്ത കൂടിയെത്തിയതോടെ പെൺകുട്ടിയുടെ ഇന്ത്യയിലേക്കുള്ള വരവിന് സ്ഥിരീകരണമായി. ഇവിടെ പീഡിപ്പിക്കപ്പെട്ടാൽ പൊലീസ് കേസെടുക്കേണ്ടതുമുണ്ട്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായാലും ചതി ആരോപിക്കപ്പെടുന്നുണ്ട്. അബോർഷൻ സ്ഥിരീകരിച്ചാൽ സർദാർ സിംഗിനെതിരെ കുറ്റപത്രവും നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

ബ്രിട്ടീഷ് ജൂനിയർ ഹോക്കി ടീമിൽ കളിച്ച ആദ്യ ഇന്ത്യൻ വംശജയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം സർദാർ സിങ്ങുമൊത്തുള്ള ഫോട്ടോ ഈ യുവതി ട്വിറ്ററിൽ ഇട്ടിരുന്നു. വിവാഹം ഉടനെന്നായിരുന്നു അന്ന് അവകാശപ്പെട്ടിരുന്നത്. 2012 മുതൽ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ് സർദാർ സിങ്. ഹരിയാനയിൽ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റുമാണ്. ലണ്ടൻ ഒളിംപിക്‌സിന്റെ സമയത്ത് യുകെയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ വിവാഹം കഴിക്കുന്നതിന് തീരുമാനിച്ചിരുന്നുവെന്നും എന്നാൽ സിങ് ഇതിൽനിന്ന് പിന്മാറിയെന്നും യുവതി പറയുന്നു.

സിങ് താമസിക്കുന്ന സിർസാ ഗ്രാമത്തിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. അവിടെ വച്ച്, അവരുടെ അനുവാദത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും പറയുന്നു. പല അവസരങ്ങളിലും സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. താൻ ഡിസിപിയാണ്. നീയൊരു വിദേശിയും. നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും സിങ് പറഞ്ഞിരുന്നുതായി യുവതി പറഞ്ഞു. പെൺകുട്ടി തന്നെയാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. അവ ബ്രിട്ടീഷ് മാദ്ധ്യമങ്ങളും പ്രസിദ്ധീകരിച്ചു. ഈ സാഹചര്യത്തിലാണ് സ്ത്രീ പീഡനക്കേസിലെ ഇരയുടെ ചിത്രമായിട്ടും മറുനാടൻ ഇവ പ്രസിദ്ധീകരിക്കുന്നത്.