തിരുവനന്തപുരം: വീണ്ടും രാഷ്ട്രീയക്കളികളുമായി ബിജെപി. അന്തരിച്ച മുൻ ദേശീയ നേതാക്കളെ അനുസ്മരിക്കുന്നതിൽ രാഷ്ട്രീയം കൊണ്ട് വരുന്നതായി ആക്ഷേപം, ഇതിന്റെ പേരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പോരടിക്കുകയാണ്.

ഒക്ടോബർ 31-ന് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും ആദ്യ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനവുമാണ്. എന്നാൽ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനം ആഘോഷമാക്കുമ്പോൾ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തെക്കുറിച്ച് ജന്മശതാബ്ദി വർഷമായിട്ടും കേന്ദ്രം മൗനംപാലിക്കുന്നു. സർദാർ പട്ടേലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിവിധ പരിപാടികൾ നടത്തണമെന്ന് കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ചിട്ടുണ്ട്.

എന്നാൽ കേന്ദ്ര അവഗണന വക വെക്കാതെ സംസ്ഥാനസർക്കാരാകട്ടെ പതിവനുസരിച്ച് ഇന്ദിരാ രക്തസാക്ഷിത്വദിനം രാഷ്ട്രീയ സങ്കല്പ് ദിവസമായി ആചരിക്കണമെന്ന് നിർദ്ദേശിച്ച് ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും 31-നു രാവിലെ 10.15 മുതൽ 10.17 വരെ മൗനമാചരിക്കും. ദേശീയോദ്‌ഗ്രഥന പ്രതിജ്ഞയെടുക്കുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യും. സംസ്ഥാന, ജില്ലാതല സെമിനാറുകളും റാലികളും സംഘടിപ്പിക്കാനും തീരുമാനിച്ചു.

പട്ടേൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരും യുജിസി.യും സംസ്ഥാനങ്ങൾക്കും സർവകലാശാലകൾക്കും നിർദ്ദേശം നൽകിയിരുന്നു. കേന്ദ്രനിർദ്ദേശം സംസ്ഥാനസർക്കാർ കോളേജുകൾക്ക് കൈമാറിയിട്ടുണ്ട്. ഇത് നടപ്പാക്കണമെന്ന നിർബന്ധം സംസ്ഥാന സർക്കാറുകൾക്കില്ല. സ്ഥാപനങ്ങൾ യുക്തിക്കനുസരിച്ച് നടത്തട്ടെ എന്നാണ് സംസ്ഥാനസർക്കാരിന്റെ നിലപാട്.

ഉരുക്കുമനുഷ്യനായ സർദാർ പട്ടേലിനെ അനുസ്മരിക്കാൻ കൂട്ടയോട്ടം, നാടകം, സംഗീതാലാപനം, ഉപന്യാസരചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാനും പരിപാടികൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചിത്രങ്ങൾ അയച്ചുനൽകണമെന്നും നിർദ്ദേശമുണ്ട്. യുജിസി.യും ഇത് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി. സർക്കാർ അധികാരത്തിൽ വന്നതു മുതലാണ് പട്ടേൽ അനുസ്മരണ ചടങ്ങുകൾ ദേശീയതലത്തിൽ സംഘടിപ്പിച്ചു തുടങ്ങിയത്. ആർഎസ്എസ്. സ്ഥാപകനായ ദീനദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആചരിക്കണമെന്ന കേന്ദ്രനിർദ്ദേശം സംസ്ഥാനസർക്കാർ സ്‌കൂളുകൾക്ക് നൽകിയത് അടുത്തിടെ വിവാദമായിരുന്നു.