പത്തനംതിട്ട: ഇറങ്ങി വരാനാവശ്യപ്പെട്ടപ്പോൾ നിരസിച്ചതിന്റെ പേരിൽ യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ പതിനേഴുകാരി മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് കുരീ ചെറ്റയിൽ കോളനിയിൽ പൊന്നമ്മൾ ശശി ദമ്പതികളുടെ മകൾ ശാരികയാണ് ഇന്നു രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.

76 ശതമാനം പൊള്ളലോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന ശാരികയെ സന്നദ്ധ സംഘം എയർ ആംബുലൻസിൽ വ്യാഴാഴ്ചയാണ് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 14 ന് വൈകിട്ട് ആറരയോടെയാണ് കടമ്മനിട്ട തെക്കുംപുറത്ത് സജിൽ(20) എന്ന യുവാവാണ് കൃത്യം നടത്തിയത്. ഇതിനിടെ ഇയാൾക്കു 48 ശതമാനം പൊള്ളലേറ്റിരുന്നു. ഒളിവിൽ കഴിഞ്ഞ സജി ലി നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

പെൺകുട്ടിയും സജിലുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. പെൺകുട്ടിയുടെ പിതാവ് തെങ്ങു കയറ്റത്തൊഴിലാളിയാണ്. മാതാവ് അയൽ വീടുകളിൽ ജോലിക്ക് പോകുന്നു. പഠനം അവസാനിപ്പിച്ച പെൺകുട്ടി വീട്ടിൽ നിൽക്കുകയാണ്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം. വൈകിട്ട് അഞ്ചരയോടെ വീടിന് സമീപം ചെന്ന് നിന്ന സജിൽ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഇറങ്ങി വരാൻ ആവശ്യപ്പെട്ടു.

പെൺകുട്ടി വഴങ്ങാതെ വന്നപ്പോൾ ഇയാൾ തിരിച്ചു പോയി. ഒരു മണിക്കൂറിന് ശേഷം കന്നാസിൽ പെട്രോളും വാങ്ങി വന്ന സജിൽ പെൺകുട്ടിയുടെ മുത്തശന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടിയുടെ തലയിൽ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നുവെന്നുമാണ് സമീപവാസികൾ പറയുന്നത്.