- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുടങ്ങിയത് മൂന്ന് മാസത്തെ അടവ്; ഗുണ്ടകൾ വീട്ടിലും ഹോട്ടലിലും കയറി മണിക്കൂറോളം ഇരുന്ന് നടത്തിയത് മോശം പദപ്രയോഗം; ഭാര്യയോട് പറഞ്ഞത് അശ്ലീല ചുവയുള്ള വാചകങ്ങൾ; സരിൻ മോഹന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ ഐഡിഎഫ് സിയും ഹെഡ്ജും അടക്കമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെന്ന് ഭാര്യ; ആ മനോവിഷമക്കഥ രാധു പറയുമ്പോൾ
കോട്ടയം: തവണ മുടങ്ങിയതോടെ ബാങ്കുകാർ വീട്ടിലും ഹോട്ടലിലും കയറി ഭീഷണി തുടങ്ങി. ചിട്ടി നടത്തിപ്പുകാർ മറ്റുള്ളവരുടെ മുന്നിൽ വച്ച് കളിയാക്കുന്നതും പതിവായി. ചെറിയ തുക മാത്രമാണ് നൽകാനുണ്ടായിരുന്നത്. എന്നാൽ മാനസികമായി തകർക്കുന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. വല്ലാത്ത മാനസിക വിഷമത്തിലായിരുന്നു. ഇന്ന് മൂന്ന് പേർക്ക് പണം കൊടുക്കാൻ അവസാന തീയതിയും പറഞ്ഞതായിരുന്നു.
പക്ഷേ അവസാനം ഒരു വാക്കു പോലും മിണ്ടാതെ എന്റെ ചേട്ടൻ പോയി. അതിന് കാരണക്കാർ ഈ ഭീഷണിപ്പെടുത്തിയവർ തന്നെയാണ്. അവർ ഒരിത്തിരി സാവകാശം കൂടി നൽകിയിരുന്നെങ്കിൽ.... കഴിഞ്ഞ ദിവസം കോവിഡ് സാമ്പത്തിക പ്രതിസന്ധിമൂലം ഫെയ്സ് ബുക്കിൽ സർക്കാരിനെതിരെ കുറിപിപെഴുതിയ ശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹന്റെ(42) ഭാര്യ രാധു സരിൻ വിങ്ങിപ്പൊട്ടി മറുനാടനോട് പറഞ്ഞതാണിത്.
സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനായി വിവിധ സ്വകാര്യ ബാങ്കുകളിൽ നിന്നും ചിട്ടിപലിശക്കാരിൽ നിന്നും സരിൻ പണം വായിപയെടുത്തിരുന്നു. കോവിഡ് പ്രതിസന്ധിമൂലം പണം തിരിച്ചടക്കാൻ താമസിച്ചു. ഇതോടെ ഇവർ കൂട്ടമായി വീട്ടിലെത്തി വലിയ ഭീഷണി മുഴക്കിയിരുന്നു എന്ന് രാധു പറയുന്നു. ഐ.ഡി.എഫ്.സി, ഹെഡ്ജ് എന്നീ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നുമാണ് ഗുണ്ടകൾ എത്തി ഭീഷണിപ്പെടുത്തിയത്. വീട്ടിലും ഹോട്ടലിലും കയറി മണിക്കൂറുകളോളം ഇരിക്കും. മോശമായ പദപ്രയോഗങ്ങളാണ് നടത്തിയത്. മൂന്നു മാസത്തെ അടവാണ് തെറ്റിയത്. അതുവരെ കൃത്യമായി തിരിച്ചടച്ചു കൊണ്ടിരുന്നതാണ്. പക്ഷേ അവർക്ക് അതൊന്നും അറിയണ്ട കാര്യമില്ലെന്നായിരുന്നു വാദം. കച്ചവടം കുറവായതിനാൽ പ്രതിസന്ധിയായിരുന്നതാണ് കാരണം എന്ന് പറഞ്ഞിട്ടും അവർക്ക് യാതൊരു കാരുണ്ടവുമില്ലായിരുന്നു.
ചേട്ടൻ വീട്ടിലില്ലാത്ത സമയത്ത് എത്തിയവർ എന്നോട് പറഞ്ഞത്, നീ വിചാരിച്ചാലാണോ പണം കിട്ടാൻ പ്രയാസം എന്നായിരുന്നു. ഇക്കാര്യം ചേട്ടനോട് പറഞ്ഞില്ല. കാരണം, ഇതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാലോ എന്ന് ഭയന്നാണ്. അവർ തനി ഗുണ്ടകാളാണ്. കണ്ണിൽ ചോരയില്ലാത്തവർ. ഞങ്ങളുടെ മക്കളുടെ മുന്നിൽ വച്ചാണ് അപമാനിക്കുന്ന തരത്തിൽ സംസാരിച്ചത്. എങ്ങനെയും കുറച്ചു പണം കടം വാങ്ങി ഈ ബാധ്യതയെല്ലാം അവസാനിപ്പിക്കണമെന്ന് കരുതിയതാണ്.
അതിനായി ചിലരോട് പണം ചോദിച്ചിരുന്നു. അവർ തരാമെന്നും ഏറ്റതാണ്. പക്ഷേ, പലചരക്ക് സാധനങ്ങൾ വാങ്ങിയിരുന്ന കടയിൽ 3,000 രൂപ നൽകാനുണ്ടായിരുന്നതിനാൽ അയാൾ ഞങ്ങളുടെ ഹോട്ടൽ പൊളിഞ്ഞു പോയി എന്ന് പറഞ്ഞു പരത്തി. ഇതോടെ സഹായിക്കാമെന്ന് ഏറ്റവരൊക്കെ പിന്മാറി. അങ്ങനെ ആ വഴികളും അടഞ്ഞു പോയി. മറ്റ് മാർഗ്ഗമൊന്നും മുന്നിൽ കാണാത്തതിന്റെ മനോ വിഷമത്തിലാണ് ഇത്തരം ഒരു കടുംകൈ ചെയ്തത്; - രാധു പറയുന്നു.
കഴിഞ്ഞ ദിവസം വപുലർച്ചെയാണ് സർക്കാരിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ശേഷം സേരിൻ മോഹൻ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യചെയ്തത്. അശാസ്ത്രീയമായി ലോക്ഡൗൺ പ്രഖ്യാപിച്ച സർക്കാരാണ് മരണത്തിന് ഉത്തരവാദിയെന്ന് പോസ്റ്റിൽ പറയുന്നു. ബിവറേജ് തുറക്കുകയും പാർട്ടി പരിപാടി നടത്തി ആളെ കൂട്ടുകയും ചെയ്ത സർക്കാർ ഹോട്ടലുകാരെ പ്രതിസന്ധിയിലാക്കിയെന്നും കുറ്റപ്പെടുത്തുന്നു.
വിദേശത്തായിരുന്ന സരിൻ നാട്ടിലെത്തി കുറിച്ചിയിൽ ഹോട്ടൽ ആരംഭിച്ചു്. ഹോട്ടലിൽ നിന്ന് നന്നായി വരുമാനം ലഭിച്ചതോടെ ഇയാൾ കുറിച്ചിയിൽ ഇതേ കെട്ടിടത്തിൽ തന്നെ ടെക്‌സ്‌റ്റൈൽ ഷോപ്പിനും സ്‌പെയർ പാട്‌സ് കടയ്ക്കുമായി ക്രമീകരണങ്ങൾ നടത്തി. രണ്ടാം കോവിഡ് തരംഗത്തിൽ ലോക്ഡൗൺ വരികയും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം ഇല്ലാതെ വരികയും ചെയ്തു. ഇതോടെ സരിന്റെ ഹോട്ടലിലും പ്രതിസന്ധിയുണ്ടായി. ഹോട്ടലിനും ടെക്‌സ്‌റ്റൈൽസിനും സ്‌പെയർ പാട്‌സ് കടയ്ക്കുമായി ഒരു മാസം 35000 രൂപയായിരുന്നു വാടകയായി നൽകേണ്ടിയിരുന്നത്.
പല സ്ഥലത്തുനിന്നും കടംവാങ്ങിയും പണയംവെച്ചുമാണ് സരിൻ ഹോട്ടലിന്റെയും കെട്ടിടത്തിന്റെയും വാടകക്കും വീട്ടുചെലവിനും പണം കണ്ടെത്തിയിരുന്നത്. ഇതോടെ സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കടംവാങ്ങിയ പണം ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നും ആളുകൾ ശല്യം ചെയ്തു തുടങ്ങിയതോടെ സരിൻ മോഹന് പിടിച്ചു നിൽക്കാനാവാതെ വന്നു. ഇതേ തുടർന്ന് ആത്മഹത്യ ചെയ്തതായാണ് ബന്ധുക്കൾ പറയുന്നത്.
ഇളയ കുട്ടിയായ സിദ്ധാർത്ഥ് ഓട്ടിസം ബാധിതനാണ്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ശേഷം, കുറിച്ചി ലെവൽ ക്രോസിനു സമീപത്തു വച്ച് കോട്ടയം ഭാഗത്തു നിന്നും തിരുവനന്തപുരത്തേയ്ക്കു പോയ ചെന്നൈ സൂപ്പർ ഫാസ്റ്റിനു മുന്നിൽ സരിൻ ചാടുകയായിരുന്നുവെന്നാണ് വിവരം. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ:രാധു മോഹൻ, മക്കൾ: കാർത്തിക (ഒൻപതാം ക്ലാസ് വിദ്യാർത്ഥി), സിദ്ധാർത്ഥ് (കണ്ണൻ).