ന്യൂഡൽഹി: ഇഞ്ചിയോണിൽ സംഭവിച്ചത് സരിതാ ദേവിക്ക് സഹിക്കാവുന്നതിലും അപ്പുറത്താണ്. ബോക്‌സിങ് റിങ്ങിൽ എതിരാളിയെ ഇടിച്ചിട്ടും ജയം മാത്രം അകന്നു. പൊട്ടിക്കരഞ്ഞ് മടങ്ങിയ സരിതാ മെഡൽ ദാനചടങ്ങലും പ്രതിഷേധിച്ചു. ഈ വനിതാ ബോക്‌സറുടെ വികാരം എല്ലാവരും മനസ്സിലാക്കിയെന്നും കരുതി. മെഡൽ നരസിച്ചതിന് സരിതാ മാപ്പും പറഞ്ഞു. എന്നാൽ അതൊന്നും പ്രശ്‌ന പരിഹാരമല്ലെന്നാണ് അന്താരാഷ്ട്ര അമേച്വർ ബോക്‌സിങ് അസോസിയേഷന്റെ നിലപാട്. 

അതുകൊണ്ട് തന്നെ സരിതാ ദേവിക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തുകയാണ് കായിക സംഘടന. സരിതയുടെ പരിശീലൻ ഗുർബക്ഷ് സിങ് സന്ധു, ഇഞ്ചിയോണിലെ ഇന്ത്യൻ സംഘത്തലവൻ ആദിൽ സുമരിവാല എന്നിവർക്കും വിലക്കുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ സരിതയടക്കം ഇവർക്കാർക്കും അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ വേദികളിൽ പങ്കെടുക്കാനാകില്ല. ഇതോടെ ഈ വർഷം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ സരിതയ്ക്ക് പങ്കെടുക്കാനാകില്ലെന്നും ഉറപ്പായി. 

സരിതയുടെ വിഷയം അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും വരെയാണ് താൽക്കാലിക വിലക്ക്. മെഡൽ നിരസിച്ചത് കടുത്ത അച്ചടക്ക ലംഘനമെന്ന വിലയിരുത്തലാണ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് സമിതി എടുത്തത്. ഈ സാഹചര്യത്തിലാണ് താൽകാലിക സസ്‌പെൻഷൻ ഏർപ്പെടുത്തുന്നത്. 

ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ കൊറിയൻ താരം പാർക്ക് ജീനയുമായുള്ള സെമിഫൈനൽ മത്സരമാണ് വിവാദത്തിന് തുടക്കമിട്ടത്. മത്സരത്തിൽ വ്യക്തമായ മൂൻതൂക്കം സരിതക്കായിരുന്നുവെങ്കിലും പാർക്ക് ജീനയെയാണ് വിധികർത്താക്കൾ വിജയിയായി പ്രഖ്യാപിച്ചത്. തന്നോട് അനീതികാട്ടിയെന്ന ആരോപണവുമായി ഇതോടെ സരിത രംഗത്തെത്തി. അപ്പീൽ പരാജയപ്പെട്ടതോടെ, സരിത തന്റെ എതിർപ്പ് കൂടുതൽ പ്രകടമാക്കുകയായിരുന്നു. 

മെഡൽ ദാനച്ചടങ്ങിൽ വെങ്കലമെഡൽ കഴുത്തിലണിയാൻ വിസമ്മതിച്ച സരിത, കൈയിൽ വാങ്ങിയ മെഡൽ പിന്നീട് പാർക്ക് ജീനയുടെ കഴുത്തിൽ അണിയിച്ചു കൊടുത്തു. സരിതയുടെ ഈ നടപടി കടുത്ത അച്ചടക്കലംഘനമാണൊണ് അന്താരാഷ്ട്ര അമേച്വർ ബോക്‌സിങ് അസോസിയേഷൻ നിരീക്ഷിച്ചു. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ അവകാശമുണ്ടെങ്കിലും, മെഡൽ നിഷേധിക്കാനും മെഡൽ ദാനച്ചടങ്ങ് അലങ്കോലമാക്കാനും ഒരാൾക്കും അധികാരമില്ലെന്ന് കണ്ട അസോസിയേഷൻ സരിതയ്‌ക്കെതിരെ അച്ചടക്ക നടപടിക്കുള്ള നടപടിക്രമങ്ങൾ തുടങ്ങി. 

തൊട്ടുപിന്നാലെ, മാപ്പപേക്ഷയുമായി സരിത രംഗത്തെത്തി. മെഡൽ നിരസിച്ച സംഭവത്തിൽ താൻ നിരാപാധികം മാപ്പുചോദിക്കുതായി കാണിച്ച് സരിതാ ദേവി ബോക്‌സിങ് അസോസിയേഷനും ഒസിഎയ്ക്കും കത്തയച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് സരിത ഉറപ്പും നൽകി. ഇതോടെ വിവാദം കെട്ടടങ്ങിയെന്നാണ് കരുതിയത്. നടപടി എടുക്കില്ലെന്ന സൂചനയും ലഭിച്ചു. ഇതിന് വിരുദ്ധമായാണ് അമേച്വർ ബോക്‌സിങ്ങ് ഫെഡറേഷന്റെ നടപടി.