തിരുവനന്തപുരം: പി എസ് സരിത്തിന്റെ ഫോൺ പ്രാഥമികമായി പരിശോധിച്ചതിൽ നിന്ന് നിർണ്ണായക തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന. ലൈഫ് മിഷൻ കേസിലാണ് ഈ ഫോൺ പിടിച്ചെടുത്തത്. എന്നാൽ സ്വർണ്ണ കടത്തിലെ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ ഗൂഢാലോചന കണ്ടെത്താനാണ് സരിത്തിന്റെ ഫോണിലൂടെ പൊലീസ് ശ്രമിക്കുക. വിജിലൻസ് ഫോൺ പിടിച്ചെടുത്തത് നാടകീയമായാണ്. അതിന്റെ പ്രാഥമിക പരിശോധനയിൽ ചില തെളിവുകൾക്കുള്ള സാധ്യത പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് കെടി ജലീലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തതും എഫ് ഐ ആർ രജിസ്റ്റർ ചെയ്തതും. അന്വേഷണം പൊലീസിലെ ഉന്നതനെ ഏൽപ്പിക്കുമെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിൽ ദിലീപിന്റെ ഫോണിൽ നിന്ന് പല നിർണ്ണായക ഓഡിയോകളും കണ്ടെത്തിയിരുന്നു. ഇതേ വഴയിൽ സരിത്തിന്റെ ഫോണിൽ നിന്ന് റിക്കോർഡുകൾ കണ്ടെത്താനാണ് ശ്രമം. അങ്ങനെ തെളിവു കിട്ടിയാൽ സ്വർണ്ണ കടത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ തളർത്താൻ കഴിയും. ഈ സാഹചര്യത്തിലാണ് സരിത്തിന്റെ ഫോൺ വിശദ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഫോൺ പിടിച്ചെടുത്ത ശേഷം സ്വപ്‌ന നിശബ്ദതയിലേക്ക് പോയത് ഇതുകൊണ്ടാണെന്നും പൊലീസ് കരുതുന്നു. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിന് സമാനമായി ഈ കേസും എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാനാണ് തീരുമാനം.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് പൊലീസ പറയുന്നു. രണ്ട് മാസം മുമ്പ് പി സി ജോർജുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആറിലുള്ളത്.മുൻ മന്ത്രി കെ ടി ജലീലിന്റെ പരാതിയിലാണ് സ്വപ്നയെയും പി സി ജോർജിനെയും പ്രതികളാക്കി കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. അതിൽ നിന്ന് തന്നെ ഉടൻ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ സ്വപ്‌നാ സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളനാണ് സാധ്യത. ഈ കേസിൽ നിലവിൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ല,

തെളിഞ്ഞാൽ ആറു മാസം തടവു ശിക്ഷ കിട്ടാം. കേസന്വേഷണം ഇന്ന് പൂർണമായും പ്രത്യേക സംഘത്തിന് കൈമാറും. എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല.എട്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സരിത്തിന്റേയും മറ്റും ഫോണുകളിൽ നിന്ന് നിർണ്ണായക ഓഡിയോകൾ കിട്ടിയാൽ കുടുതൽ വകുപ്പുകൾ ചേർക്കും. അതിന് ശേഷം ജാമ്യമില്ലാ കേസാക്കി മാറ്റാനാണ് തീരുമാനം. നിലവിൽ കോടതിയിലെ മൊഴി നൽകലിൽ ജാമ്യമില്ലാ കേസെടുത്താൽ അത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. സർക്കാർ മാറിയാൽ നാളെ ഇതേ മാതൃകയിൽ സിപിഎം നേതാക്കളും അഴിക്കുള്ളിലാകാൻ സാധ്യതയുണ്ട്.

മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകൾക്കുമെതിരെയാണ് സ്വപ്‌ന കടന്നാക്രമണം നടത്തിയത്. ജലീലിന്റെ നളിനി നെറ്റോയുടേയും പങ്കും രഹസ്യമൊഴിയിൽ ഉണ്ടെന്നും പറഞ്ഞു. അതുകൊണ്ടു തന്നെ ജലീലിനെതിരെ അപകീർത്തികരമായ ഒന്നും സ്വപ്‌ന പരസ്യമായി ചെയ്തിട്ടില്ലെന്ന വിലയിരുത്തലുമുണ്ട്. ഏതായാലും ജലീലിന്റെ പരാതിയിൽ തുടർ നടപടിയുണ്ടാകും. ജലീലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഡിജിറ്റൽ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോർജിന്റെയും വാർത്താസമ്മേളനങ്ങളും പരിശോധിക്കും.

കൂടാതെ സോളാർ കേസ് പ്രതി സരിതയേയും ചോദ്യം ചെയ്യും.അതേസമയം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. വിവിധ കളക്റ്റ്രേറ്റുകളിലേക്കും കോൺഗ്രസ് മാർച്ച് നടത്തും. ബിരിയാണി ചലഞ്ചടക്കം സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം.