തിരുവനന്തപുരം: സോളാർ കേസിൽ സരിതാ എസ്. നായർ മുഖ്യമന്ത്രി പിണറായി വിജയനും ക്രൈംബ്രാഞ്ചിനും നൽകിയ പരാതികൾ ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ അന്വേഷണസംഘത്തിനു കൈമാറിയേക്കും. സമുന്നത കോൺഗ്രസ് നേതാവിന്റെ മകൻ, സുഹൃത്തായ അമേരിക്കൻ വ്യവസായി, പ്രമുഖ മുസ്ലിം ലീഗ് നേതാവിന്റെ മകൻ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചെന്നാണു സരിതയുടെ പരാതി. ഇതെല്ലാം അന്വേഷിക്കാനും ചർച്ച സജീവമാക്കാനുമാണ് പിണറായിയുടെ തീരുമാനം. ഈ പരാതിയിൽ എഫ് ഐ ആർ ഇടുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവരെല്ലാം അറസ്റ്റിന്റെ നിഴലിലാകും.

കോവളം എംഎൽഎ: എ. വിൻസെന്റിന്റെ അറസ്റ്റിനു കാരണമായ വകുപ്പുകൾ പ്രയോഗിച്ചാൽ ഈ പരാതിയിൽ പരാമർശിക്കുന്നവരെ പ്രത്യേകസംഘത്തിന് അറസ്റ്റ് ചെയ്യേണ്ടിവരും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ഗൂഢാലോചനയടക്കം തന്റെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇതേപ്പറ്റി പുനരന്വേഷണം വേണമെന്നും സരിത മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സോളാർ പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി പലർക്കും വൻതുക നൽകേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും ആരോപിക്കുന്നു.

സംസ്ഥാനത്തിനകത്തും പുറത്തുംവച്ച് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ്. സർക്കാരിൽനിന്നു നീതി ലഭിക്കില്ലെന്നു വ്യക്തമായതിനാലാണു സോളാർ കമ്മിഷനിൽ വസ്തുതകൾ തുറന്നുപറയാൻ തയാറായതെന്നും വിശദീകരിച്ചിരുന്നു. ഈ വെളിപ്പെടുത്തും മുഖ്യമന്ത്രിക്ക് നൽകിയ കത്തുമാണ് ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ ഭയശങ്കയിലാക്കുന്നത്. ക്രൈംബ്രാഞ്ച് എസ്‌പി: മുഹമ്മദ് ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണു നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്. ഇതും രാജേഷ് ദിവാന് സംഘത്തിന് കൈമാറും. ഡിജിപി റാങ്കിലുള്ള രാജേഷ് ദിവാന് അന്വേഷണം വേഗത്തിലാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു സരിത പരാതിയിൽ പറയുന്നു. ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. അതുവഴി നിരവധി ഇടപാടുകാരെ പദ്ധതിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. 1.90 കോടി രൂപ ഉമ്മൻ ചാണ്ടി കൈപ്പറ്റി. 2012-ൽ ക്ലിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിച്ചു. തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിൽ മുൻ എംഎ‍ൽഎ: എ.പി. അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തു. ഡൽഹിയിൽ ജോസ് കെ. മാണി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. എ.ഡി.ജി.പി: കെ. പത്മകുമാർ കലൂരിലെ ഫ്ളാറ്റിൽ പീഡിപ്പിച്ചു.

എറണാകുളം മുൻ കമ്മിഷണർ എം.ആർ. അജിത്കുമാർ ഫോണിലൂടെ മണിക്കൂറുകളോളം അശ്ലീലസംഭാഷണം നടത്തി. എസ്.എം.എസും അയച്ചു. പെരുമ്പാവൂർ മുൻ ഡിവൈ.എസ്‌പി: കെ. ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗികവസതിയിൽ തന്നെ ബലാത്സംഗം ചെയ്തു എന്നിങ്ങനെയാണു സരിതയുടെ പരാതിയിലെ ആരോപണങ്ങൾ. ഈ ആരോപണത്തിൽ കുടുങ്ങിയവരെല്ലാം പീഡനക്കേസിൽ പ്രതിയാകും.

സരിത എസ്. നായരുടെ കത്തിൽ പരാമർശിക്കുന്ന ഉമ്മൻ ചാണ്ടിയടക്കം 14 ആളുകളുടെ പേരിൽ അഴിമതിക്കും ബലാത്സംഗത്തിനും കേസെടുക്കാനാണ് തീരുമാനം. ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിലെ പ്രമുഖരടങ്ങിയ നീണ്ടനിരയെ സർക്കാർ നിയമക്കുരുക്കിലാക്കിയത്. അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം തേടിയ ശേഷമായിരുന്നു നടപടി. സോളാർ കേസ് വിവാദമായതോടെ 2013 ഒക്ടോബർ 18-നാണ് ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മിഷനായി ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ചത്. നാലുവർഷത്തെ തെളിവെടുപ്പിനും സാക്ഷിവിസ്താരത്തിനും ഒടുവിൽ കഴിഞ്ഞമാസം 26-ന് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.