കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ സിഡി ഉണ്ടെന്ന് തുറന്നു പറഞ്ഞ് സരിത എസ് നായർ അതിലെ നായിക താനല്ലെന്നും വ്യക്തമാക്കിയത് തന്റെ പ്രധാന ശത്രുവിനെ ലക്ഷ്യമാക്കി തന്നെയാണ്. സോളാർ കേസിൽ പ്രതിയായ മാറ്റൊരു ആളാണ് ഈ സിഡിയിലെ നായിക എന്നാണ് സരിത പറഞ്ഞുവച്ചത്. ഇതിലൂടെ സരിത ഉന്നമിട്ടത് കേസിലെ പ്രതിയായ സിനിമാ താരം ശാലു മേനോനെ തന്നെയാണെന്നാണ് സൂചന. സോളാർ കേസുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട മറ്റൊരു സ്ത്രീ ശാലു മേനോൻ മാത്രമാണ്. ബിജു രാധാകൃഷ്ണനുമായി വളരെ അടുപ്പമായിരുന്നു ശാലു മേനോന് ഉണ്ടായിരുന്നത്. ശാലുവിനെ വിവാഹം ചെയ്യാനും ബിജു ഒരുങ്ങിയിരുന്നുവെന്നതും ഉമ്മൻ ചാണ്ടിയെ കണ്ട് ബിജു പരാതി പറഞ്ഞുവെന്നതും ചേർത്ത് കൂട്ടി വായിക്കാനാണ് സരിതയുടെ നിർദ്ദേശം.

ഇങ്ങനെ ശാലു മേനോനൊപ്പമാണ് ചാണ്ടി ഉമ്മൻ ദുബായ് യാത്ര നടത്തിയതെന്ന ആരോപണമാണ് പേര് പറയാതെ സരിത പറഞ്ഞുവെക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മകനുമായി തനിക്ക് ഉണ്ടായിരുന്നത് ബിസിനസ് ബന്ധമാണെന്ന് കൂടി സരിത പറഞ്ഞു വെക്കുന്നതോടെ ലൈംഗിക അപവാദം എന്നതിന് അപ്പുറത്തേക്ക് സാമ്പത്തിക തട്ടിപ്പെന്ന വിധത്തിൽ തന്നെ സോളാർ കേസ് കൂടുതൽ വളരുകയാണ്. ഇതിലൂടെ തന്റെ കുട്ടിയുടെ പിതാവിനെ കുറിച്ചുള്ള ആശയക്കുഴപ്പം മാറ്റുക എന്നതുമാണ് സരിത ലക്ഷ്യമിട്ടത്. തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ഒരു രാഷ്ട്രീയ നേതാവാണെന്ന് സരിത നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ സരിതയുമായി അവിഹിത ബന്ധമുണ്ടെന്ന വിധത്തിലുള്ള ആരോപണങ്ങളെ തുടർന്നാണ് ചാണ്ടി ഉമ്മന്റെ വിവാഹം മുടങ്ങിയതെന്ന വിധത്തിലും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് കാരണമായത് ചാണ്ടി ഉമ്മനും സരിതയും വിദേശ രാജ്യങ്ങളിൽ ഒരുമിച്ച് പോയിരുന്നു എന്ന കിംവതന്ദികളായിരുന്നു. എന്നാൽ താനല്ല പോയതെന്നും ശാലുവിനൊപ്പമാണ് വിദേശയാത്രയെന്നുമാണ് സരിത ഇപ്പോൾ പറഞ്ഞു വെക്കുന്നത്. സരിതയുമായുള്ള ആക്ഷേപങ്ങൾ ശക്തമായ വേളയിലായിരുന്നു ചാണ്ടി ഉമ്മന്റെ വിവാഹം മുടങ്ങിയത്. പ്രമുഖ വ്യവസായിയും കോലഞ്ചേരി കടയിരുപ്പ് സ്വദേശിയുമായ ഡോ. വിജു ജേക്കബ്, മിനി ദമ്പതികളുടെ ഇളയ മകളുമായുള്ള വിവാഹം ഉറപ്പിച്ചെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. സോളാർ വിവാദത്തിന് ശേഷമാണ് വിവാഹ ആലോചനകൾ നടന്നത്. എന്നാൽ പിന്നീട് ഇവർ വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്.

അടുത്തിടെ ബിജു രാധാകൃഷ്ണനും ഉമ്മൻ ചാണ്ടിയുടെ സിഡി തന്റെ പക്കലുണ്ടെന്ന ആരോപണം ഉന്നയിച്ചു വന്നിരുന്നു. എന്നാൽ, ഇങ്ങനെയൊരു സിഡി ഉണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ അപമാനിച്ച ബിജു മാദ്ധ്യമങ്ങളെയും കുരങ്ങുകളിപ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ മകന്റെ സിഡിയുണ്ടെന്ന് സരിത പറയുമ്പോൾ അത് എങ്ങനെ മുഖവിലയ്‌ക്കെടുക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. നേരത്തേ യൂത്ത് കോൺഗ്രസ് വേദികളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും സജീവമായിരുന്ന ചാണ്ടി ഉമ്മൻ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളിൽ നിന്നു പോലും വിട്ടുനിന്നിരുന്നു. അടുത്ത കാലത്തായി പൊതുപരിപാടികളിൽ കാണാനില്ലായിരുന്നു.

സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നു എന്ന ആരോപണത്തിലും ചാണ്ടി ഉമ്മന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു. ചാണ്ടി ഉമ്മനുമൊപ്പമള്ള ദൃശ്യങ്ങൾ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കൈയിൽ ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച് തിരുവഞ്ചൂർ മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കിയെന്നും സരിത കമ്മീഷന് മുന്നിൽ നൽകിയിട്ടുണ്ട്. ഇത് തിരുവഞ്ചൂരിനെ കൂടി കടുത്ത പ്രതിരോധത്തിൽ ആക്കുന്നതാണ്. ജൂഡീഷ്യൽ കമ്മീഷൻ മുമ്പാകെ തിരുവഞ്ചൂർ നേരത്തെ ഹാജരായി മൊഴി നൽകിയതാണ്. എന്നാൽ, ചാണ്ടി ഉമ്മൻ എത്തിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ചാണ്ടി ഉമ്മനെ കൂടി വിസ്തരിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.