ബംഗളൂരു: കർണ്ണാടക തെരഞ്ഞെടുപ്പിനിടെ കോൺഗ്രസിനെതിരെ വാർത്താസമ്മേളനം നടത്താനായി ബംഗളുരൂവിലെത്തിയ തന്നെ പൊലീസ് തടഞ്ഞെന്ന വാർത്ത തെറ്റെന്ന് സോളർ നായിക സരിത എസ്.നായർ. കർണ്ണാടക കോൺഗ്രിലെ നേതാക്കളുടെ ഭീഷണിയെ തുടർന്നാണ് വാർത്താ സമ്മേളനം വേണ്ടെന്ന് വച്ചതെന്ന് സരിത മറുനാടൻ മലയാളിയോട് പറഞ്ഞു. സരിതയുടെ അപകീർത്തികരമായ പ്രസ്താവനകൾ തടഞ്ഞ് കോടതി ഉത്തരവു നിലവിലുള്ളതിനാലാണു വാർത്താസമ്മേളനത്തിന് അനുമതി നൽകാതിരുന്നതെന്ന പ്രചരണം ശരിയല്ലെന്നും സരിത കൂട്ടിച്ചേർത്തു.

പൊലീസ് ഇടപെട്ട് തടഞ്ഞതല്ല. ഞാൻ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഞാൻ പേപ്പർ കപ്പ് നിർമ്മിക്കാൻ വേണ്ടി മിഷൻ വാങ്ങാനാണ് ഇലക്ട്രോണിക് സിറ്റിയിലെത്തിയത്. അവിടെ ചില പത്രക്കാർ തന്നെ കണ്ടു. അവർ പ്രതികരണം ചോദിച്ചു. ഇതിനൊപ്പം പത്ര സമ്മേളനം നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതിനായി നിശ്ചയിച്ച ഹോട്ടലിലെ മാനേജരെ വിളിച്ച് കർണ്ണാടകയിലെ കോൺഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തി. ആർമ്‌സ് ആക്ട് പ്രകാരം ജയിലിൽ അടയ്ക്കുമെന്നായിരുന്നു ഭീഷണി. ഇതേ തുടർന്ന് ആരേയും സമ്മർദ്ദത്തിലാക്കാൻ പത്ര സമ്മേളനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു-സരിത മറുനാടനോട് കാര്യങ്ങൾ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.

പത്ര സമ്മേളനം നടത്തുന്നതിന് തനിക്ക് ഒരു വിലക്കുമില്ല. മറ്റൊരു കേസിലാണ് കോടതി വിധിയുള്ളത്. അത് കഴിഞ്ഞ മാസം അവസാനിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ഹോട്ടലുകാരെ ജയിലിൽ അടയ്ക്കുമെന്ന ഭീഷണിയാണ് പിന്മാറാൻ കാരണം. ആർക്കെതിരേയും പത്ര സമ്മേളനം നടത്താനല്ല പോയത്. എന്നെ വന്ന് കണ്ട രണ്ട് ചാനലുകൾക്ക് അഭിമുഖവും നൽകി. അവർ അതുകൊടുത്തപ്പോൾ കൂടുതൽ പേരെത്തി. ഈ സാഹചര്യത്തിലാണ് വാർത്താ സമ്മേളനം നടത്തണമെന്ന ആവശ്യം ഉയർന്നതെന്നും സരിത വിശദീകരിച്ചു.

കർണ്ണാടകയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നയിക്കുന്നത് കെസി വേണുഗോപാലാണ്. സഹായിയായി പിസി വിഷ്ണുനാഥും. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെസി വേണുഗോപാലാണ് കർണ്ണാടകയിൽ എല്ലാ കോൺഗ്രസുകാരേയും ഒരുമിച്ച് നിർത്തിയത്. പ്രവർത്തനം ഏകോപിപ്പിച്ചത് വിഷ്ണുനാഥും. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളും കർണ്ണാടകയിൽ നിറഞ്ഞു. ക്രൈസ്തവ മേഖലകളെ കോൺഗ്രസ് പക്ഷത്തേക്ക് നിർത്താനും നേതാക്കൾ കേരളത്തിൽ നിന്ന് കർണ്ണാടകയിലെത്തി. ഇവിടെ ബിജെപിക്കെതിരെ ജീവന്മരണ പോരാട്ടത്തിലാണ് കോൺഗ്രസ്. ഈ സാഹചര്യത്തിൽ സരിത വാർത്താ സമ്മേളനം നടത്തുന്നത് കോൺഗ്രസിന് ക്ഷീണമാകുമായിരുന്നു. ഇത് അറിഞ്ഞാണ് കോൺഗ്രസുകാർ തടസ്സവാദവുമായെത്തിയതെന്നാണ് സരിതയുടെ വിശദീകരണത്തിൽ നിറയുന്നത്.

സരിത ബംഗളൂരുവിലെത്തിയത് കോൺഗ്രസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവരുടെ ഓരോ നീക്കവും നിരീക്ഷിച്ചു. പ്രചരണത്തിന്റെ അവസാന ദിവസം ബിജെപിക്ക് നേട്ടമുണ്ടാക്കാനായി സരിത എത്തുമെന്ന് കോൺഗ്രസുകാർ വിലയിരുത്തിയിരുന്നു. ഈ കണക്കൂകൂട്ടൽ ശരിവച്ചായിരുന്നു വാർത്താ സമ്മേളനത്തിന് സരിത എത്തിയത്. കർണ്ണാടകയിൽ കോൺഗ്രസിന്റെ സിദ്ധരാമയ്യരാണ് മുഖ്യമന്ത്രി. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കാലത്തും പൊലീസിൽ കോൺഗ്രസിന് സ്വാധീനമുണ്ട്. ഇതും സരിതയുടെ വിഷയത്തിൽ കോൺഗ്രസിനെ തുണച്ചു. ഏറെ നാളായി വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന സോളാർ വിവാദത്തിലെ നായിക സരിതാ എസ് നായർ മറ്റ് തിരക്കിലേക്ക് മാറിയിരുന്നു. കോടതികളിൽ നിന്ന് കോടതികളിലേക്ക് യാത്ര ചെയ്യുമ്പോഴും തന്റെ പുതിയ കച്ചവടം ക്ലച്ച് പിടിക്കുന്നതിന്റെ ആശ്വാസത്തിലാണ് സരിത. ഇതിനൊപ്പം മറ്റൊരു ജോലിയുമുണ്ട്.

എങ്ങനേയും സ്വന്തം കാലിൽ നിൽക്കാനാണ് സരിതയുടെ നീക്കങ്ങൾ. സരിതാ നായർ തമിഴ്‌നാട്ടിൽ പുതിയ വ്യവസായ സംരംഭം തുടങ്ങിയത് അഞ്ചാറു മാസം മുമ്പായിരുന്നു. കന്യാകുമാരി ജില്ലയിലെ തക്കലയിൽ കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിർമ്മിച്ച് വിൽക്കുന്നതിനായി രണ്ട് യൂണിറ്റുകളാണ് തുടങ്ങിയത്. പ്ലാസ്റ്റിക് നിരോധനത്തോടെ കടലാസ് ഉൽപ്പനങ്ങൾക്ക് സാധ്യത കൂടി. ഇത് മുന്നിൽ കണ്ടാണ് സരിത ഇത്തരമൊരു പദ്ധതി തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട ആവശ്യത്തിനായിരുന്നു തന്റെ ബംഗളുരൂ യാത്രയെന്നാണ് സരിത വിശദീകരിക്കുന്നത്.