തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായ വിവാദ വിഡിയോ ദൃശ്യങ്ങൾ സരിത എസ്. നായർ കഴിഞ്ഞ ദിവസം പുറത്തുവിടമെന്നായിരുന്നു അറിയിച്ചിരുന്നത്. മല്ലേലിൽ ശ്രീധരൻ നായരോടൊപ്പം ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നെന്ന ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങളാണ് സരിത വാർത്താസമ്മേളനത്തിൽ പുറത്തുവിടുകയെ്‌നാണ് പറഞ്ഞിരുന്നത്. എന്നാൽ വാക്ക് പാലിക്കാതെ സരിത മുങ്ങുകയാണ് ചെയ്തത്. സോളാർ കമ്മീഷന് രഹസ്യമായി കൈമാറിയെന്ന് പറയുന്ന രേഖകൾ സരിത വോട്ടെടുപ്പിന് തൊട്ടു മുമ്പ് ചർച്ചയാക്കിയില്ല. മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ, മന്ത്രി എ.പി. അനിൽകുമാർ എന്നിവരുൾപ്പെട്ട വിഡിയോകളും മന്ത്രിമാരായ അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ് എന്നിവർ നടത്തുന്ന അശ്ലീല സംഭാഷണങ്ങളും പുറത്തുവിടുെന്നായിരുന്നു പറഞ്ഞിരുന്നത്.

വിവാദ കത്തിലെ വിവരങ്ങൾ സാധൂകരിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും അടങ്ങിയ പെൻഡ്രൈവ്, സീഡി, ചിത്രങ്ങൾ എന്നിവയാണ് സരിത വെള്ളിയാഴ്ച സോളാർ കമീഷന് കൈമാറിയിരുന്നത്. കമീഷന്റെ അനുമതിയോടെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് സരിത വെള്ളിയാഴ്ച പറഞ്ഞിരുന്നത്. എന്നാൽ, രണ്ടാം ശനിയാഴ്ചയായതിനാൽ കമീഷന്റെ സിറ്റിങ് ഇന്ന് ഉണ്ടാവില്ല. ഈ സാഹചര്യത്തിലാണ് കമീഷന്റെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പുറത്തുവിടാൻ സരിത തീരുമാനിച്ചത്. ഇക്കാര്യം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ശനിയാഴ്ച സരിത, എല്ലാം ഞായറാഴ്ച പറയാമെന്നായിരുന്നു വ്യക്തമാക്കിയത്. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് തിരുവനന്തുപരത്ത് വാർത്താ സമ്മേളനം വിളിക്കുമെന്നും സൂചന നൽകി. ഇതോടെ വോട്ടെടുപ്പിന് തലേ ദിവസം രാഷ്ട്രീയ ബോംബുമായി സരിതയെത്തുമെന്ന വാർത്തകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ അതൊന്നും സംഭവിച്ചില്ല.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട് പ്രമുഖ പ്രവാസിയുമായി നടത്തിയ ഇടപാടുകളെ കുറിച്ച് പുറത്തു പറയുമെന്നും അറിയിച്ചിരുന്നു. അതിനിടെ സരിതയുടെ പിന്മാറ്റത്തെ കുറിച്ച് പലതര അഭ്യൂഹം പ്രചരിക്കുകയാണ്. വോട്ടെടുപ്പിന്റെ തലേദിനം തെളിവുകൾ പുറത്തുവിടുന്നത് അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ഇതു കണക്കിലെടുത്ത് വോട്ടെടുപ്പിന് ശേഷം സരിത തെളിവകൾ മാദ്ധ്യമങ്ങൾക്ക് നൽകുമെന്ന് കരുതുന്നവരുണ്ട്. സരിതയുടെ വെളിപ്പെടുത്തലുകൾ ഉമ്മൻ ചാണ്ടി ഏതെങ്കിലും തരത്തിൽ സഹതാപ തരംഗം ഉണ്ടാക്കാൻ വിനിയോഗിക്കുമെന്ന അഭിപ്രായം സിപിഎമ്മിലുമുണ്ടായിരുന്നു. ഇതും സരിതയുടെ പിന്മാറ്റത്തിന് പിന്നിൽ ഉണ്ടെന്ന വിലയിരുത്തലുകൾ സജീവമാണ്.

എന്നാൽ തെളിവ് പുറത്തുവരാതിരിക്കാൻ കോൺഗ്രസിലെ ഉന്നതർ കരുക്കൾ നീക്കിയെന്നും പറഞ്ഞു കേൾക്കുന്നു. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഒന്നും വെളിച്ചം കാണില്ല. പക്ഷേ സോളാർ കമ്മീഷനിൽ പറഞ്ഞതു പോലെ തെളിവുകൾ നൽകിയിട്ടുണ്ടെങ്കിൽ അത് കമ്മീഷന്റെ തീരുമാനത്തെ സ്വാധീനിക്കും. അതിനാൽ അത്തരമൊരു ഒത്തുതീർപ്പിന്റെ സാധ്യത കുറവാണ്. ഏതായാലും തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കാതിരിക്കാൻ ചിലർ കളിച്ചുവെന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെയാണ് സരിത ശനിയും ഞായറും മാദ്ധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയതും. ഇനി നാളെയോ മറ്റെന്നാളോ തെളിവുകൾ പുറത്തുവിട്ടാൽ അതിന് പിന്നിലും ഒരു കോൺഗ്രസ് രാഷ്ട്രീയമുണ്ടാകും.

ബിജെപി-ബിഡിജെസ് സഖ്യം ഏറെ മുന്നോട്ട് പോയതിനാൽ പല മണ്ഡലത്തിലും ത്രികോണ പോരാണ് നടക്കുന്നത്. അതുകൊണ്ട് ആർക്കും അധികാരത്തിലെത്താനുള്ള സാഹചര്യം ഉണ്ട്. അതുകൊണ്ട് തന്നെ സരിതയുടെ വെളിപ്പെടുത്തലുകൾ ഇടതുപക്ഷത്തിന് മുൻതൂക്കം ഉണ്ടാക്കുന്ന സാഹചര്യം ആരും ഇഷ്ടപ്പെടുന്നില്ല. കോൺഗ്രസിന്റേയും യുഡിഎഫിന്റേയും മൊത്തം സാധ്യതകളെ അത് ബാധിക്കും. ഈ ഘട്ടത്തിലാണ് കോൺഗ്രസ് നേതാക്കൾ ഇടപെടൽ നടത്തിയെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷം തെളിവുകൾ പുറത്തുവന്നാലും യുഡിഎഫിനെ അധികാരത്തിൽ എത്തുന്നതിൽ നിന്ന് മാറ്റി നിർത്താൻ ആർക്കും കഴിയില്ല. എന്നാൽ ഗുരുതരമായ ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രി സ്ഥാനം വീണ്ടും ഉമ്മൻ ചാണ്ടിക്ക് നൽകാതിരിക്കാനും കഴിയും.

ഇത്തരമൊരു രാഷ്ട്രീയ നീക്കവും സരിതയുടെ പിന്മാറ്റത്തിന് പിന്നിലുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി വീണ്ടുമതെത്താരിക്കാനുള്ള കരുനീക്കമാണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസുകാരും നൽകുന്ന സൂചന. ഇത്തരമൊരു സാഹചര്യത്തിൽ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാവുകയും ചെയ്യാം. ഇനി കോൺഗ്രസിന് അധികാരം കിട്ടാതിരുന്നാൽ പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പിക്കാനുള്ള നീക്കമായും വിലയിരുത്തുന്നു. അതായത് കോൺഗ്രസിലെ എ-ഐ ഗ്രൂപ്പ് പോരൂം സരിതയുടെ പിന്മാറ്റത്തിന് കാരണമായെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട്. അതുകൊണ്ട് മാത്രമേ തെരഞ്ഞെടുപ്പിന് ശേഷം തെളിവുകൾ പുറത്തുവിടാൻ സരിതയെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. അതിനൊപ്പം തെളിവുകൾക്ക് കൂടുതൽ ആധികാരിക വരികയും ചെയ്യും.

മന്ത്രി എ.പി. അനിൽകുമാറും മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലും ചേർന്ന് തന്നെ കെണിയിൽപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് സരിത എസ്. നായർ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞത്. ഡൽഹിയിലെ കേരള ഹൗസിലും ക്ലിഫ് ഹൗസിലും മന്ത്രി അനിൽകുമാറിന്റെ റോസ് ഹൗസിലും ലെ മെറിഡിയൻ ഹോട്ടലിലുമാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്നും സരിത മാദ്ധ്യമപ്രവർത്തകരോട് തുറന്നടിച്ചു. കെ.സി. വേണുഗോപാലിനുവേണ്ടി മന്ത്രി എ.പി. അനിൽകുമാറാണ് കെണിയൊരുക്കിയത്.

എ.പി. അനിൽകുമാറുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് ചില സോളാർ പദ്ധതികൾക്കായി സമീപിച്ചപ്പോൾ മാന്യമായാണ് അനിൽകുമാർ ഇടപെട്ടിരുന്നത്. ഈ വിശ്വാസമുള്ളതുകൊണ്ടാണ് കമ്പനിയുടെ കോഴിക്കോട് എനർജി മാർട്ടിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയെ വേണമെന്ന് അദ്ദേഹത്തോട് പറഞ്ഞത്. എന്നാൽ, കേന്ദ്രമന്ത്രി ഉദ്ഘാടനച്ചടങ്ങിന് വരണമെങ്കിൽ അദ്ദേഹത്തിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങേണ്ടിവരുമെന്ന് അനിൽകുമാർ പറഞ്ഞു.

എ.പി. അനിൽകുമാറിന്റെ പി.എ തന്നെ ഫോണിൽവിളിച്ച് മന്ത്രിയുടെ വീട്ടിലേക്ക് വരാനാവശ്യപ്പെട്ടതായി അറിയിച്ചു. എ.പി. അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ എത്തിയപ്പോൾ പുറത്ത് രണ്ട് പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. റോസ് ഹൗസിൽ കെ.സി. വേണുഗോപാൽ മാത്രമാണുണ്ടായിരുന്നത്. അവിടെവച്ചാണ് കെ.സി. വേണുഗോപാൽ ശാരീരികമായി ഉപദ്രവിച്ചത്. പിന്നീട് ഡൽഹിയിൽവച്ചും ഉപദ്രവിച്ചു. കൊച്ചിയിലെ ലെ മെറിഡിയനിൽവച്ചും ഉപദ്രവിക്കപ്പെട്ടു. റോസ് ഹൗസിലെ ദൃശ്യങ്ങൾ പകർത്തിയത് അന്ന് കൂടെയുണ്ടായിരുന്ന മാനേജർ ആണ്.

ദൃശ്യം ചിത്രീകരിച്ച മൊബൈൽ ഫോൺ താൻ വാങ്ങിവച്ചതുകൊണ്ടാണ് ഇപ്പോൾ കമ്മിഷനിൽ ആ ദൃശ്യങ്ങൾ സമർപ്പിക്കാനായത്. തനിക്കെതിരേ കെ.സി. വേണുഗോപാൽ മാനനഷ്ടക്കേസ് കൊടുത്തതുകൊണ്ടാണ് സ്വകാര്യതയാണെങ്കിലും മറ്റ് നിവൃത്തിയില്ലാത്തതിനാൽ ഈ തെളിവുകൾ കൈമാറിയതെന്നും സരിത വ്യക്തമാക്കിയത്. കമ്മീഷന് നൽകിയ ഈ തെളിവുകൾ പുറത്തുവിടുമെന്നും അറിയിച്ചിരുന്നു.