കൊച്ചി: സോളാറിൽ സരിത കോടതിയിൽ എഴുതി കത്തിന്റെ ഒർജിനൽ ഏതാണ്? നിരവധി കത്തുകൾ സരിതയുടേതായി പുറത്തുവന്നു. ഇതിനൊപ്പം പലതും സരിത പറഞ്ഞു. ഇവയിലൊക്കെ വൈരുദ്ധ്യവുമുണ്ട്. എന്നിട്ടും കമ്മീഷന് മുന്നിലെ മൊഴിയിലും കത്തിലുമൂന്നി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരായ നിഗമനങ്ങളിലേക്കും നടപടികളിലേക്കും സോളർ കമ്മിഷന് എത്തി. ക്മ്മീഷന് മുമ്പിൽ സരിത പറഞ്ഞതാണ് ശരിയെന്ന് കമ്മീഷൻ വിലയിരുത്തിൽ. അപ്പോൾ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളെക്കുറിച്ചു സരിത പറഞ്ഞതെല്ലാം വിസ്മൃതിയിലായി.

2014 മാർച്ചിൽ എ.പി.അബ്ദുല്ലക്കുട്ടിക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ മൊഴി നൽകിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുമ്പോഴാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കു സരിത ക്ലീൻ സർട്ടിഫിക്കറ്റ് നൽകിയത്. ഒരു തെറ്റും ചെയ്യാത്ത മുഖ്യമന്ത്രി കല്ലെറിയപ്പെട്ടെന്നും മുഖ്യമന്ത്രിയെക്കുറിച്ചു മാധ്യമങ്ങൾ പറയുന്നതൊന്നും ശരിയല്ലെന്നുമായിരുന്നു സരിത പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെപ്പോലെ, പിതൃതുല്യനായി എല്ലാവരും കാണുന്ന, ഇത്രയും പ്രായമായ ഒരാളെവരെ ചേർത്തു പറയുന്നതിൽ വലിയ വിഷമമുണ്ടെന്നായിരുന്നു സരിതയുടെ അതിന് മുമ്പത്തെ പ്രതികരണം. കമ്മീഷന് മുന്നിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി പീഡകനായി. അതിന്റെ പേരില്ഡ കേസും വരുന്നു.

സോളർ കമ്മിഷനിൽ ബിജു രാധാകൃഷ്ണൻ സരിതയെ രഹസ്യ നടപടിയിലൂടെ എതിർവിസ്താരം ചെയ്തപ്പോഴും പെരുമാറ്റത്തിന്റെ കാര്യത്തിൽ സരിത ഉമ്മൻ ചാണ്ടിക്കു നൽകിയതു ക്ലീൻ ചിറ്റായിരുന്നു. ഉമ്മൻ ചാണ്ടി ഏതെങ്കിലും തരത്തിൽ തന്നോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നു സരിത പറഞ്ഞതിന്റെ മൊഴിപ്പകർപ്പ് പുറത്തു വന്നിരുന്നു. സരിതയും ഉമ്മൻ ചാണ്ടിയും ഒരുമിച്ചുള്ള സിഡി ഉണ്ടെന്നു സോളർ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചു ബിജു രാധാകൃഷ്ണൻ കോയമ്പത്തൂർ യാത്ര നടത്തിയപ്പോൾ, അങ്ങനെയൊരു സിഡി ഇല്ലെന്നും ആരോപണം തെറ്റാണെന്നും ചാനൽ അഭിമുഖത്തിൽ സരിത പറഞ്ഞു. അങ്ങനെ ഏറെ വൈരുദ്ധ്യങ്ങളിലൂടെയാണ് സരിത സോളാറിൽ മുന്നോട്ട് പോയത്.

എന്നിട്ടം സരിതയുടെ കത്തും മൊഴിയും വിശ്വാസത്തിലെടുത്താണു സോളർ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട്. അതുകൊണ്ടു തന്നെ കത്തിന്റെ ആധികാരികത കോടതിയിൽ ചോദ്യം ചെയ്യും. പണം കൊടുത്തും സ്വാധീനിച്ചും സരിതയെ കൊണ്ട് എഴുതിച്ചതാണ് കത്തെന്ന വാദവും സജീവമാണ്. ഇതൊന്നും കമ്മീഷൻ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. പൊതുജനങ്ങളിൽനിന്നു കോടികൾ പിരിച്ചെന്ന 33 കേസുകളിൽ പ്രതിയായ സരിതയ്ക്ക് എന്തു വിശ്വാസ്യതയാണുള്ളതെന്നു ചോദിച്ചതു കേരള ഹൈക്കോടതിയാണ്. ഇതു പോലും ശിവരാജൻ കമ്മീഷൻ പരിഗണിച്ചില്ല. സോളാർ കമ്മീഷനിൽ പൊലീസ് കേസെടുത്താൽ ഉടൻ ആരോപണ വിധേയർ ഹൈക്കോടതിയിൽ എത്തും. അവിടെ ഈ റിപ്പോർട്ടിലെ ആധികാരികത ചോദ്യം ചെയ്യും.

സോളർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ ആരോപണങ്ങളുന്നയിക്കാൻ സിപിഎമ്മിൽനിന്നു 10 കോടിയും വീടും വാഗ്ദാനമുണ്ടായിരുന്നുവെന്ന സരിതയുടെ പഴയ വെളിപ്പെടുത്തലും കോൺഗ്രസ് ചർച്ചയാക്കുന്നുണ്ട്. ഒരു മലയാളം പ്രസിദ്ധീകരണത്തിൽ 2014 ഏപ്രിലിലെ അഭിമുഖത്തിലാണു ഗൗരവതരമായ വെളിപ്പെടുത്തൽ സരിത നടത്തിയത്. പിന്നീടു സോളർ കമ്മിഷന്റെ മുൻപിലും ഇക്കാര്യം സരിത ആവർത്തിച്ചു. തന്നെയും അഭിഭാഷകനെയും സ്വാധീനിക്കാനാണു സിപിഎമ്മിൽനിന്നു ശ്രമമുണ്ടായതെന്നായിരുന്നു അഭിമുഖത്തിൽ സരിത വെളിപ്പെടുത്തിയത്. ജയ്ഹിന്ദ് ടിവിയും ഈ അഭിമുഖം പുറത്തുവിട്ടിരുന്നു.

ഇപ്പോൾ സരിത എസ് നായർ മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എകെ ആന്റണിയുടെ മകനെതിരേയും ആരോപണവുമായി രംഗത്ത്. അവരുടെ മാഫിയാ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് സരിതയുടെ പുതിയ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത പറഞ്ഞു. സോളാർ കേസുമായി ബന്ധമില്ലാത്ത മറ്റ് ചില കാര്യങ്ങളിലാണ് അവർ തന്നെ ഉപകരണമാക്കിയത്. ഇക്കാര്യങ്ങളെല്ലാം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സോളാറുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ മാത്രമല്ല ഇവർക്ക് ബിസിനസ് ഉള്ളത്. മാഫിയാ ബിസിനസ് ഉണ്ടെന്നും സരിത ആരോപിച്ചു.

ഇതിലെ ഒന്ന് രണ്ട് കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയത്. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ മകൻ മാത്രമല്ല അന്യ സംസ്ഥാനത്തിൽ നിന്നുള്ളവരടക്കം ഇതിൽ ഉൾപെട്ടിട്ടുണ്ട്. തനിക്ക് സോളാർ ബിസിനസ് മാത്രമാണുണ്ടായിരുന്നത്. പക്ഷെ അതോടൊപ്പം നിക്ഷേപകരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഫ്രീലാൻസായി ചെയ്ത് പോരുന്നുണ്ടായിരുന്നു. പലർക്കും തന്റെ ബന്ധം ഉപയോഗിച്ച് ഇന്ത്യക്ക് പുറത്ത് നിന്ന് പോലും നിക്ഷേപകരെ കണ്ടെത്തി നൽകുമായിരുന്നു. അങ്ങനെ താൻ ഇതിൽ കരുവാകുകയായിരുന്നുവെന്നും സരിത പറയുന്നു.