തിരുവനന്തപുരം: സരിത നായർ അങ്ങനെയാണ്. എവിടെ ചെന്നാലും ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. ആ കരുത്ത് കൂടുതൽ പ്രകടം ആകുന്നത് റോഡിൽ ഇറങ്ങുമ്പോൾ ആണ്. കാർ ഓടിച്ചു പോകുമ്പോൾ ഓവർ ടേക്ക് ചെയ്യുന്നവരും എതിരെ വന്നവരുമൊക്കെ വേണ്ടത്ര ബഹുമാനം കൊടുത്തില്ലെങ്കിൽ സംഗതി പാളും. എത്ര വേഗത്തിൽ പോകുന്ന വാഹനം ആണെങ്കിലും പിന്തുടർന്നു പിടിക്കാനും വഴിയിൽ തടഞ്ഞിട്ട് പൊലീസിനെ വിളിക്കാനും നാട്ടുകാരെ വിളിച്ചു കൂട്ടി വിചാരണ നടത്താനും ഒക്കെ സരിതയ്ക്ക് മിടുക്ക് ഒന്നു വേറെ തന്നെയാണ്. ഇന്നലെ സംഭവിച്ചത് നോക്കൂ.

കാറിലിടിച്ച് നിർത്താതെപോയ മീൻവണ്ടിയെ സരിതാ നായർ പിന്തുടർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു. എം.സി. റോഡിൽ തിരുവനന്തപുരം മണ്ണന്തലയ്ക്കടുത്ത് മരുതൂരിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഹൈക്കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റിനെ കാണാൻ മുട്ടടയിൽനിന്ന് സ്‌കോർപ്പിയോയിൽ എറണാകുളത്തേക്കു പോകുകയായിരുന്നു സരിത. മീൻവണ്ടി കാറിനെ മറികടക്കാൻ ശ്രമിക്കവെ എതിരേവന്ന ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടെ സരിതയുടെ കാറിലിടിച്ചു.

നിർത്താതെപോയ വാഹനം പിന്തുടർന്ന സരിത ചിറ്റാഴയ്ക്കുസമീപം തടഞ്ഞിട്ട് വിവരം വട്ടപ്പാറ പൊലീസിൽ അറിയിച്ചു. തുടർന്ന് വട്ടപ്പാറ എസ്.ഐ: ഇന്ദ്രരാജിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. കാറിൽ സരിതയാണെന്നറിഞ്ഞതോടെ സ്ഥലത്ത് ജനവും തടച്ചുകൂടിയിരുന്നു. എന്നാൽ അതൊന്നും സരിതയെ ആലോസരപ്പെടുത്തിയില്ല. കൃത്യമായി തന്നെ എല്ലാം പൊലീസിനോട് വിശദീകരിച്ചാണ് അവർ മടങ്ങിയത്. അമിത വേഗതയാണ് പ്രശ്‌നകാരണമെന്നാണ് പൊലീസ് വിലയിരുത്തൽ.

മാസങ്ങൾക്ക് മുമ്പ് കൊട്ടാരക്കരയ്ക്ക് അടുത്ത് എം.സി റോഡിൽ കരിക്കത്തിനടുത്തുവച്ച് അർദ്ധരാത്രിയിൽ സരിതാനായരുടെ കാർ തടയാൻ ശ്രമം നടന്നിരുന്നു. അനാശാസ്യം ആരോപിച്ചാണ് കാർ തടയാൻ ശ്രമിച്ചത്. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഇവരിൽ നിന്നും രക്ഷപ്പെടാനായി കാർ മുന്നോട്ടെടുക്കുന്നതിനിടെ കരിക്കത്ത് പ്രദീപ്, അബീഷ് എന്നിവർക്ക് പരിക്കേറ്റു. അതിന് ശേഷം പൊലീസിൽ സരിത പരാതിയും നൽകി. ഇവർക്കെതിരെ സരിത നായർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അതിസമർത്ഥമായാണ് അന്നും സരിത കാര്യങ്ങൾ നീക്കിയത്. അതിന് അപ്പുറത്തേക്കാണ് ഇന്നലെത്തെ സംഭവങ്ങളിൽ സരിത സ്‌കോർ ചെയ്തത്.

സോളാർ കേസിൽ മലപ്പുറം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാകാൻ പോവുകയായിരുന്ന സരിത എസ് നായർ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക് ഏറ്റതും വാർത്തയായിരുന്നു. മണ്ണാർക്കാട് കല്ലിങ്ങൽ സ്വദേശി അനൂപിനാണ്(25) പരിക്കേറ്റത്. ആനമങ്ങാട്ട് വച്ച് സരിതയുടെ കാറും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് സരിത കോടതിയിലേയ്ക്ക് പോയത്.

കേസിന്റെ ആവശ്യാർത്ഥം പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന സരിതനായരും സഹോദരനും സഞ്ചരിച്ചിരുന്ന കാറിനുനേരെ ടിപ്പർ ഇടിച്ചതും വാർത്തയായി. തുടർന്ന് ഡ്രൈവറെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. ഇതിന് പിന്നിൽ കൊലപാതക ശ്രമം പോലും സരിത ആരോപിച്ചിരുന്നു. എറണാകുളം കണ്ടൈനർ റോഡിലൂടെ പോകുകയായിരുന്ന സരിതാ നായർ സഞ്ചരിച്ചിരുന്ന കാറിനുനേരെ ചേരാനെല്ലൂർ ഭാഗത്തുനിന്നും വന്ന ടിപ്പർ ലോറി വലതുവശം ചേർത്തുതന്നെ എടുക്കുകയായിരുന്നു. രണ്ടു കിലോമീറ്ററോളം മരണഭയത്തോടുകൂടി സിനിമയിൽ വെല്ലുന്നതരത്തിൽ കാർ ഡ്രൈവ് ചെയ്യേണ്ടിവന്നെന്ന് കാർ ഡ്രൈവ് ചെയ്ത സരിതയുടെ സഹോദരൻ വിനു പറഞ്ഞിരുന്നു. പിന്നീട് കാർ ലോറിക്ക് കുറുകെയിടുകയും ഡ്രൈവറെ പുറത്തേക്ക് ഇറക്കി പൊലീസിനെ ഏൽപ്പിച്ചു പരാതി എഴുതിക്കൊടുക്കുകയം ചെയ്തു. ഇതിന് സമാനമാണ് കഴിഞ്ഞ ദിവസത്തെ ചെയ്‌സും.

സോളാർ കേസിൽ പ്രതിയായ സരിത ജാമ്യത്തിലാണ് പുറത്തുള്ളത്. സിനിമാ അഭിനയവും മറ്റുമായി സജീവമാകുന്ന സരിതയ്‌ക്കെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലായി നിലവിലുണ്ട്