തിരുവനന്തപുരം: വീണ്ടും സോളാർ പീഡനം ചർച്ചയാകുന്നു. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ ലൈംഗിക ആരോപങ്ങളിൽ പൊലീസ് അന്വേഷണം തുടങ്ങി. സരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് ചർച്ചയാകുമ്പോഴാണ് വീണ്ടും സോളാറിലെ പീഡനം ചർച്ചകളിൽ എത്തിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശ പ്രകാരമാണ് സോളാറിൽ പൊലീസ് അന്വേഷണം വീണ്ടും സജീവമാക്കിയത്.

കേസിൽ പരാതിക്കാരിയായ സരിത എസ്.നായരിൽ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് മൊഴിയെടുക്കുന്നത്. ഡിജിപി ഓഫീസിനോട് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയാണ് സരിത മൊഴി നൽകുന്നത്. സരിത മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർ അന്വേഷണം പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രിക്കെതിരെയും മുൻ മന്ത്രിമാർക്കെതിരെയും മുൻ അന്വേഷണ സംഘത്തിനെതിരെയുമാണ് തുടർ അന്വേഷണം.ആദ്യഘത്തിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും സാമ്പത്തികവും ശാരീരികവുമായ ചൂഷണം നടന്നുവെന്നുമാണ് സരിതയുടെ പരാതി. സോളാർ കേസിൽ അന്വേഷണം നടത്തിയ കമ്മീഷനെ തള്ളിപ്പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോടതിയിൽ മൊഴി നൽകിയ സാഹചര്യത്തിൽ കൂടിയാണ് തുടരന്വേഷണം ഊർജിതമാക്കുന്നത്. തുടരന്വേഷണത്തെ കോടതി തടഞ്ഞിട്ടുമില്ല.

സോളർ കമ്മിഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പ്രചരണങ്ങൾ. റിപ്പോർട്ടിൽ കുടുങ്ങിയ കോൺഗ്രസുകാരെല്ലാം അഴിക്കുള്ളിലാകുമെന്നും ചർച്ചകളെത്തി. ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും ജയിൽ വാസമെന്ന തരത്തിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ വാർത്ത വന്നു. എന്നാൽ ഇതൊന്നും നടന്നിരുന്നില്ല. തുടരന്വേഷണത്തിന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ ഐജി ദിനേന്ദ്ര കശ്യപ് അടങ്ങിയ സംഘത്തെ രൂപീകരിച്ചെങ്കിലും അന്വേഷണം ഏറ്റെടുക്കാൻ ഇരുവരും ആദ്യം വിസമ്മതിച്ചു. ഏപ്രിലിൽ വിരമിക്കാനിരിക്കുന്ന താൻ കുഴപ്പത്തിൽ ചാടാനില്ലെന്നു ദിവാൻ അന്നുതന്നെ ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചു. കശ്യപും താൽപര്യം കാണിച്ചില്ല. ഇതോടെ അന്വേഷണം ഫലത്തിൽ നടക്കാതെയായി. എന്നാൽ ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ സോളാറെന്ന വജ്രായുധം വീണ്ടും സജീവമാവുകയാണ്.

യുഡിഎഫിന് ഭരണം നഷ്ടമാക്കിയത് സോളാർ ആരോപണമായിരുന്നു. പിന്നീട് വേങ്ങര തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സോളാർ റിപ്പോർട്ട് ചർച്ചയാക്കി നേട്ടം ഉണ്ടാക്കാൻ ഇടത് സർക്കാർ ശ്രമിച്ചിരുന്നു. ഇത് ഏറെ വിവാദവുമായി. ഈ തെരഞ്ഞെടുപ്പിന് ശേഷം സോളാറിൽ ഒന്നും നടന്നില്ല. ഇതോടെ വേങ്ങരിയിലെ വോട്ട് ലക്ഷ്യമിട്ടാണ് സോളാർ ചർച്ചയാക്കിയതെന്ന വാദം സജീവമായി. ഇതിന് സമാനമാണ് ഇപ്പോഴത്തെ തെളിവെടുക്കലും. ചെങ്ങന്നൂരിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് പിണറായി സർക്കാർ ഇപ്പോൾ പൊലീസിനെ ഉപയോഗിച്ച് സരിതയുടെ മൊഴി എടുത്തതെന്നാണ് ഉയരുന്ന ആരോപണം. സോളാർ റിപ്പോർട്ട് റദ്ദാക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ നിർണ്ണായകമാവുക സാഹചര്യത്തെളിവുകളെന്ന് സൂചനയാണ് ഉള്ളത്. തന്റെ കൈവശം കൂടുതൽ തെളിവുകൾ ഉണ്ടെന്ന് സരിത അവകാശപ്പെട്ടിരുന്നു. സരിത പുതിയ തെളിവുകൾ രാജേഷ് ദിവാന് കൈമാറും. ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന സരിതയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കാൻ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കുന്നതിനുള്ള സാഹചര്യം നിലവിലില്ലന്നും അതിനാൽ പീഡനക്കേസിൽ നിന്നും ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രതികൾ രക്ഷപ്പെടുമെന്നും വിലയിരുത്തലുണ്ട്. സീ സീ ടിവി ദൃശ്യങ്ങൾ, ഫോൺ സംഭാഷണങ്ങൾ, ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ, റിക്കോർഡ് ചെയ്ത സംഭാഷണങ്ങൾ, ദൃസാക്ഷികൾ തുടങ്ങി സാഹചര്യത്തെളിവുകവുകളായി പരിഗണിക്കപ്പെടാവുന്ന നിരവധി വസ്തുതകൾ ഈ കേസിൽ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സോളാർ പീഡനം വീണ്ടും സർക്കാർ ചർച്ചയാക്കുന്നത്.

സോളാർ ആരോപണത്തിൽ ലെംഗിക സംതൃപ്തി െകെക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമെന്ന് സോളാർ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വിജിലൻസ് അന്വേഷണവും നടത്തണമെന്നായിരുന്നു ശുപാർശ. 2013 ജൂലൈ 19ന് സരിതാ നായർ പുറത്തുവിട്ട കത്തിൽ പരമാർശിച്ചിട്ടുള്ള വ്യക്തികൾ അവരുമായും അവരുടെ അഡ്വക്കേറ്റുമായി ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്ന് ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തിയിരുന്നു. കമ്മിഷൻ മുമ്പാകെ ഹാജരാക്കിയ മൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ സരിതയ്‌ക്കെതിരെ െലെംഗിക പീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നാണ് സർക്കാരിനു ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

സോളാർ കേസിൽ സരിതാ എസ്. നായർ മുഖ്യമന്ത്രി പിണറായി വിജയനും ക്രൈംബ്രാഞ്ചിനും നൽകിയ പരാതികൾ ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘത്തിനു കൈമാറിരുന്നു. സമുന്നത കോൺഗ്രസ് നേതാവിന്റെ മകൻ, സുഹൃത്തായ അമേരിക്കൻ വ്യവസായി, പ്രമുഖ മുസ്ലിം ലീഗ് നേതാവിന്റെ മകൻ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചെന്നാണു സരിതയുടെ പരാതി. ഇതെല്ലാം അന്വേഷിക്കാനും ചർച്ച സജീവമാക്കാനുമാണ് പിണറായിയുടെ തീരുമാനം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ഗൂഢാലോചനയടക്കം തന്റെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇതേപ്പറ്റി പുനരന്വേഷണം വേണമെന്നും സരിത മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സോളാർ പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി പലർക്കും വൻതുക നൽകേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും ആരോപിക്കുന്നു.

സംസ്ഥാനത്തിനകത്തും പുറത്തുംവച്ച് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ്. സർക്കാരിൽനിന്നു നീതി ലഭിക്കില്ലെന്നു വ്യക്തമായതിനാലാണു സോളാർ കമ്മിഷനിൽ വസ്തുതകൾ തുറന്നുപറയാൻ തയാറായതെന്നും വിശദീകരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു സരിത പരാതിയിൽ പറയുന്നു. ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. അതുവഴി നിരവധി ഇടപാടുകാരെ പദ്ധതിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. 1.90 കോടി രൂപ ഉമ്മൻ ചാണ്ടി കൈപ്പറ്റി. 2012-ൽ ക്ലിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിച്ചു. തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിൽ മുൻ എംഎൽഎ: എ.പി. അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തു. ഡൽഹിയിൽ ജോസ് കെ. മാണി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. എ.ഡി.ജി.പി: കെ. പത്മകുമാർ കലൂരിലെ ഫ്‌ളാറ്റിൽ പീഡിപ്പിച്ചു.

എറണാകുളം മുൻ കമ്മിഷണർ എം.ആർ. അജിത്കുമാർ ഫോണിലൂടെ മണിക്കൂറുകളോളം അശ്ലീലസംഭാഷണം നടത്തി. എസ്.എം.എസും അയച്ചു. പെരുമ്പാവൂർ മുൻ ഡിവൈ.എസ്‌പി: കെ. ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗികവസതിയിൽ തന്നെ ബലാത്സംഗം ചെയ്തു എന്നിങ്ങനെയാണു സരിതയുടെ പരാതിയിലെ ആരോപണങ്ങൾ. സരിത എസ്. നായരുടെ കത്തിൽ പരാമർശിക്കുന്ന ഉമ്മൻ ചാണ്ടിയടക്കം 14 ആളുകളുടെ പേരിൽ അഴിമതിക്കും ബലാത്സംഗത്തിനും കേസെടുക്കാനും സോളാർ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.