- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ പി സി ജോർജും ക്രൈം നന്ദകുമാറും അടക്കമുള്ള ടീമെന്ന് സരിതയുടെ മൊഴി; ഗൂഢാലോചന ഫെബ്രുവരിയിലോ മെയിലോ; എച്ച്ആർഡിഎസിലെ അജി കൃഷ്ണൻ പറഞ്ഞിട്ടാണ് സ്വപ്ന പി സിയെ കണ്ടതെന്നും സരിത; സ്വപ്നയ്ക്ക് എതിരെ സരിതയെ സാക്ഷിയാക്കി അന്വേഷണ സംഘം
തിരുവനന്തപുരം: സരിത നായരും പി സി ജോർജും തമ്മിലുള്ള ഫോൺ സംഭാഷണ ക്ലിപ് പുറത്തുവന്നതിന് പിന്നാലെ, സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ സരിതയെ സാക്ഷിയാക്കി. കെ ടി ജലീൽ എംഎൽഎ നൽകിയ പരാതിയിൽ സരിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ പി.സി.ജോർജും ക്രൈം നന്ദകുമാറും അടക്കം അഞ്ചംഗ സംഘത്തിന്റെ ഗൂഢാലോചനയുണ്ടെന്നാണ് സരിതയുടെ മൊഴി. സ്വപ്നയുമായി അടുപ്പം പുലർത്തിയ ഷാജ് കിരണിനെ കേസിൽ ഉൾപ്പെടുത്തുന്നതിൽ പൊലീസ് നിയമോപദേശം തേടി.
അടുത്ത ആഴ്ച അന്വേഷണസംഘത്തിന്റെ വിപുലയോഗം ചേർന്ന ശേഷം സ്വപ്നയും ഷാജും ഉൾപ്പെടെയുള്ളവരുടെ ചോദ്യം ചെയ്യുന്നതിൽ തീരുമാനമെടുക്കും.
സ്വപ്നയെ പരാതി നൽകാൻ പ്രേരിപ്പിച്ചതും നിയമസഹായം നൽകിയതും പി.സി.ജോർജാണെന്ന് അറിയാമെന്നാണു സരിത പറഞ്ഞത്. ഫെബ്രൂവരി മുതൽ ഇക്കാര്യം പി.സി.ജോർജും തന്നോടും സംസാരിച്ചിട്ടുണ്ട്. ക്രൈം നന്ദകുമാർ ഉൾപ്പെടെ മറ്റ് ചിലർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമാണ് സരിതയുടെ മൊഴി. സ്വപ്നയുമായി അടുത്ത പരിചയമില്ലെന്നും സരിത പറയുന്നു. ഗൂഢാലോചന ഫെബ്രുവരി, മെയ് മാസങ്ങളിലായിരിക്കാം നടന്നതെന്ന് സരിത പറയുന്നു. ആ ഘട്ടത്തിലാണ് തന്നെ ഇതിൽ ബന്ധപ്പെടുത്തിയത്.
സ്വപ്നയ്ക്ക് ഭയമാണെന്നും സ്വപ്നയ്ക്ക് പറയാനുള്ള കാര്യങ്ങൾ സരിത മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഏറ്റെടുത്ത് സംസാരിക്കണമെന്നുമാണ് പി സി ജോർജ് തന്നോട് ആവശ്യപ്പെട്ടത്. പറയുന്ന എല്ലാ കാര്യത്തിനും അവരുടെ പക്കൽ തെളിവുണ്ടായിരുന്നില്ല. തെളിവില്ലാതെ സർക്കാരിനെതിരെയോ വ്യക്തികൾക്കെതിരെയോ പൊതുജനത്തിന് മുന്നിൽ എങ്ങനെ സംസാരിക്കും. അങ്ങനെയാണ് താൻ അതിൽ നിന്നും പിന്മാറിയതെന്നും സരിത ടെലിവിഷൻ ചാനലിനോട് പ്രതികരിച്ചു.
സുഹൃത്തുമായുള്ള സ്വകാര്യ സംഭാഷണം പുറത്ത് വിട്ട വ്യക്തി എന്തുകൊണ്ട് മറ്റ് തെളിവുകൾ പുറത്ത് വിടുന്നില്ലെന്ന് സംശയം ഉണ്ട്. അക്കാര്യം തിരക്കിയപ്പോൾ ഒന്നര വർഷമായി കേന്ദ്ര ഏജൻസികളുടെ കൈയിലാണ് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും എന്നാണ് പറഞ്ഞത്. അവർ പറഞ്ഞത് ശരിയെങ്കിൽ മൊബൈൽ പരിശോധിച്ച ശേഷം തെളിവൊന്നും ലഭിക്കാത്തതിനാലായിരിക്കണമല്ലോ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആരിലേക്കും എത്താതിരുന്നതെന്നും സരിത ചോദിക്കുന്നു.
എച്ച്ആർഡിഎസിലെ അജി കൃഷ്ണൻ എന്നയാൾ പറഞ്ഞിട്ടാണ് സ്വപ്ന പി സി ജോർജിനെ വന്ന് കണ്ടിട്ടുള്ളതെന്നും സരിത എസ് നായർ പറഞ്ഞു. 'എച്ച് ആർഡിഎസിലെ കമ്മ്യൂണിക്കേഷന്റെ പുറത്തായിരിക്കും സ്വപ്ന പി സി ജോർജിനെ വന്ന് കണ്ടിട്ടുണ്ടാവുക. സ്വപ്നയുടെ പക്കൽ തെളിവുകൾ ഉണ്ടെന്ന് പി സി ജോർജ് കരുതി കാണണം. അല്ലെങ്കിൽ സാറിലെ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യത്തിന്റെ പുറത്തുള്ള നീക്കമാണോയെന്നും അറിയില്ല. ഇപ്പോൾ ഇടത്തും വലത്തും ഇല്ലാത്ത ആളാണ് പി സി ജോർജ്.' സരിത എസ് നായർ പറഞ്ഞു.
എന്തുകൊണ്ട് സംഘം സരിതയെ കരുവാക്കി എന്ന ചോദ്യത്തിന് തനിക്ക് ജയിലിൽ കിടന്ന് പരിചയം ഉണ്ടല്ലോ, താനും സ്വപ്നയും അവിടെ വെച്ച് കണ്ടതാണെന്ന് പറഞ്ഞാൽ മതിയാവും എന്നാണ് പറഞ്ഞത്. പിസി യുമായി സൗഹൃദം ഉള്ളതുകൊണ്ടാണോയെന്ന് അറിയില്ലെന്നും സരിത വിശദീകരിച്ചു. അതേസമയം, കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ, സരിതയുടെ പേര് കേട്ടപ്പോൾ, തനിക്ക് ആ പേര് കേൾക്കുന്നത് ഇഷ്ടമില്ല എന്ന് സ്വപ്‌ന പ്രതികരിച്ചതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ