തിരുവനന്തപുരം: സരിത എസ് നായരുടെ വാഹനം റോഡിലിറങ്ങിയാൽ അത് വാർത്തയാണ്. കാരണം എന്തിന്റെയെങ്കിലും പേരു പറഞ്ഞ് മാദ്ധ്യമങ്ങളെ വിളിച്ച് തനിക്ക് മുഖം കാണിക്കാനുള്ള അവസരം സരിത ഉണ്ടാക്കിയിരുന്നു. വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ വേണ്ടിയുള്ള സോളാർ തട്ടിപ്പുകാരി തന്ത്രങ്ങളായിരുന്നു ഇത്തരം വാഹനാപകട വിഷയങ്ങൾ. ഇക്കാര്യം മുമ്പ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. മറുനാടൻ വാർത്തയെ ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ് സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ നടത്തിയത്. ഇതോടെ സരിത പറഞ്ഞിരുന്ന രണ്ട് കള്ളങ്ങൾ പൊളിയുകയും ചെയ്തു.

എറണാകുളത്ത് സരിത സഞ്ചരിച്ച കാർ തകർത്ത സംഭവം സ്വയം ആസൂത്രണം ചെയ്തതാണെന്നാണ് റിപ്പോർട്ടർ ചാനൽ പുറത്തുവിട്ട ഒളിക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. എറണാകുളത്തു വച്ച് സരിത സഞ്ചരിച്ച ഫെനിയുടെ കാർ ഡാനി എന്ന ഗുണ്ടയെ ഉപയോഗിച്ച് തകർത്തതിനു പിന്നിൽ സരിത തന്നെയാണ്. പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നു അത്. സരിതയുടെ കാർ തടഞ്ഞു നിന്ന് ആക്രമിച്ചുവെന്ന് അന്ന് പൊലീസിൽ വിളിച്ചു പറഞ്ഞത് സരിത തന്നെയായിരുന്നു. എന്നാൽ, പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സരിത പോകുകയും ചെയ്തു.

പി.സി ജോർജിനെ കാണാൻ പോയപ്പോൾ തിരിച്ചറിയാതിരിക്കാൻ പർദ്ദയണിഞ്ഞാണ് സരിത പോയതെന്നും ഫെനിയും സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഇത് സ്ഥിരീകരിച്ച് പി സി ജോർജ്ജും രംഗത്തെത്തി. 21 പേജുള്ള കത്ത് താൻ വായിച്ചുവെന്ന് ജോർജ്ജും ഇന്ന് മാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി. അതിനിടെ സോളാർ കേസിൽ സരിത എസ് നായർ എഴുതിയതായി അവകാശപ്പെട്ട് പുറത്തുവിട്ട കത്ത് യഥാർത്ഥ കത്തല്ലെന്ന് അഡ്വ.ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തി.

താൻ എഴുതിയതായി അവകാശപ്പെട്ട് സരിത പുറത്തുവിട്ട കത്ത് ആദ്യം എഴുതിയ കത്തല്ലെന്ന് രാജശേഖരനുമായുള്ള സംഭാഷണത്തിൽ ഫെനി ബാലകൃഷ്ണന് പറയുന്നു. 19 പേജുള്ള കത്തെഴുതിയത് അട്ടക്കുളങ്ങര ജയിലിൽ വച്ചാണ്. അതിന്റെ പകർപ്പ് ആർ ബാലകൃഷ്ണപിള്ളയുടെ പക്കലുണ്ട്. അട്ടക്കുളങ്ങര ജയിലിൽ സഹോദരനെന്ന വ്യാജേന സരിതയെ കാണാൻ പോയത് ഗണേശ് കുമാറിന്റെ പി.എ ആയിരുന്ന പ്രദീപാണ്.

ചാണ്ടി ഉമ്മന് ബാലരാമപുരത്ത് സ്ഥലം വാങ്ങിയിരുന്നത് സോളാർ കേസ് വിവാദമായപ്പോൾ വിറ്റഴിച്ചെന്നും സരിതയും സലീംരാജും ഇടനിലക്കാരായി മുഖ്യമന്ത്രിക്കുവേണ്ടി വല്ലാർപാടത്ത് ഭൂമി വാങ്ങിയിട്ടുണ്ടെന്നും ഫെനി, രാജശേഖരൻ, രഘു എന്നിവർ നടത്തിയ സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നു.സോളാർ കേസിൽ ഇതുവരെ പുറംലോകമറിഞ്ഞതൊന്നുമല്ല സത്യമെന്ന് അഡ്വ. ഫെനിയുടെ വാക്കുകൾ വ്യക്തമാക്കുന്നു. കേസ് ഒതുക്കാൻ സരിതയെ സഹായിച്ച വമ്പന്മാർ എന്നെങ്കിലും നിയമത്തിനു മുന്നിൽ വരുമോ എന്നാണ് ഇനി അറിയേണ്ടത്.