കൊച്ചി: പൊലീസ് തന്നെ അറസ്റ്റു ചെയ്തത് തിരുവനന്തപുരത്തെ ഇടപഴിഞ്ഞിയിലുള്ള വീട്ടിൽനിന്നായിരുന്നുവെന്ന് സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായർ. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർക്കും കോടതിക്കും ഇപ്പോഴും സരിതയുടെ അറസ്റ്റ് സംബന്ധിച്ച കാര്യത്തിൽ വ്യക്തതയില്ല.

സോളാർ കേസ് അന്വേഷിക്കാൻ മുൻസർക്കാർ നിയോഗിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗവും ചങ്ങനാശ്ശേരി ഡിവൈ.എസ്‌പിയുമായ വി.അജിത്തിനെ ഇന്നലെ കമ്മീഷൻ വീണ്ടും ചോദ്യം ചെയ്തു. ക്രോസ് വിസ്താരം നടത്തുന്നതിനിടയിലാണ് നാടകീയമായി അറസ്റ്റു സംബന്ധിച്ചുള്ള കോടതി രേഖകളിലെ അപാകതകൾ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി ബി.രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയത്.

കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ മുമ്പാകെ വിധിപകർപ്പിന്റെ കോപ്പിയും രാജേന്ദ്രൻ സമർപ്പിച്ചിട്ടുണ്ട്. സരിതയെ 2013 ജൂൺ മൂന്നിന് പെരുമ്പാവൂർ എസ്.ഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തതെന്നാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുള്ളത്. പെരുമ്പാവൂർ സി.ഐ റോയിയുടെ നിർദ്ദേശപ്രകാരമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡിവൈഎസ്‌പി വി. അജിത്തും ഇത്തരം മൊഴിയാണ് നൽകിയിട്ടുള്ളത്.

എന്നാൽ പത്തനംതിട്ട കോടതിയിൽ സരിതയുടെ അറസ്റ്റ് സംബന്ധിച്ച് സമർപ്പിച്ച വിധപകർപ്പാണ് ഇപ്പോൾ പുലിവാല് പിടിക്കുന്നത്. സരിതയെ സി.ഐ റോയ് അറസ്റ്റു ചെയ്‌തെന്നും സരിതയുടെ ലാപ് ടോപ്പുകളും മൊബൈൽ ഫോണുകളും പാൻകാർഡും മറ്റ് വസ്തുക്കളും എറണാകുളത്തെ ഓഫിസിൽ നിന്നും പിടിച്ചെടുത്തെന്നുമാണ് കോടതി പുറപ്പെടുവിച്ച വിധിയിൽ പറയുന്നത്. എന്നാൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്തെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ കമ്മിഷനിൽ മൊഴിനൽകിയത്.

താനും അമ്മയും മക്കളുമായി പുറത്തേക്ക് പോയി തിരിച്ചു വരുന്ന വേളയിൽ പൊലീസ് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ വീടിന്റെ പരിസരത്തുവച്ച് കാറിന് കൈ കാണിച്ച് പുറത്തിറക്കി അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് സരിതയും മൊഴി നൽകിയിട്ടുണ്ട്. അമ്മയെയും തന്റെ മക്കളെയും വഴിയിൽ ഇറക്കിവിടുകയായിരുന്നുവെന്നും സരിത പറയുന്നു. സോളാർ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരിൽ വച്ച് അറസ്റ്റ്‌ചെയ്ത കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി സുരേഷ്‌കുമാറിനെ കോടതി വിസ്തരിച്ചതിനെപ്പറ്റി അറിയാമെന്നും ഡിവൈ.എസ്‌പി വി.അജിത് ക്രോസിങ്ങിനിടെ പറഞ്ഞു.

സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ മറ്റ് അംഗങ്ങൾക്കില്ലാത്ത പ്രത്യേക ചുമതല തനിക്ക് കേസ് അന്വേഷണത്തിൽ എ.ഡി.ജി.പി. എ.ഹേമചന്ദ്രൻ നൽകിയിരുന്നു. ഏഴു കേസുകളുടെ അന്വേഷണചുമതലയാണ് തനിക്ക് നൽകിയിരുന്നത്. എന്നാൽ മറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കേസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ശേഖരിച്ച് നൽകുക, നിയമസഭയിലെ ചോദ്യങ്ങൾക്ക് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു നൽകുക തുടങ്ങിയ പ്രത്യേക ചുമതലകളും തനിക്കുണ്ടായിരുന്നതായി ഡിവൈ.എസ്‌പി ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

നിയമസഭയിലെ പ്രതിപക്ഷബഹളത്തെതുടർന്ന് ഇടക്കാല റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉമ്മൻ ചാണ്ടിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് ടെനി ജോപ്പനെ ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്നാൽ ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫിൽപെട്ട ജിക്കുമോനും ഗൺമാനായിരുന്ന സലീം രാജും സരിതയുമായി നടത്തിയ ഫോൺകോളുകൾ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഇവരുടെ പെരുമാറ്റദൂഷ്യത്തെപ്പറ്റിയായിരുന്നു റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നത്. സോളാർ കമ്പനിയുടെ ബിസിനസുമായി ബന്ധപ്പെട്ട ഒരുകാര്യവും സർക്കാരിന് സമർപ്പിച്ച ഈ റിപ്പോർട്ടിൽ ഇല്ലായിരുന്നു.സരിതയുമായുള്ള ഇവരുടെ സ്വകാര്യസംഭാഷണങ്ങൾ മാത്രമാണ് അന്വേഷിച്ചത്. മല്ലേലിൽ ശ്രീധരൻനായർ ഉൾപ്പെട്ട കോന്നി കേസിലാണ് ടെനി ജോപ്പനെ വിശദമായി ചോദ്യം ചെയ്തിട്ടുള്ളത്.