ബെംഗളൂരു: കർണ്ണാടകയിൽ കോൺഗ്രസ് ഏറെ പ്രതീക്ഷിയിലാണ്. ഇവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നയിക്കുന്നത് കെസി വേണുഗോപാലാണ്. സഹായിയായി പിസി വിഷ്ണുനാഥും. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെസി വേണുഗോപാലാണ് കർണ്ണാടകയിൽ എല്ലാ കോൺഗ്രസുകാരേയും ഒരുമിച്ച് നിർത്തിയത്. പ്രവർത്തനം ഏകോപിപ്പിച്ചത് വിഷ്ണുനാഥും. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളും കർണ്ണാടകയിൽ നിറഞ്ഞു. ക്രൈസ്തവ മേഖലകളെ കോൺഗ്രസ് പക്ഷത്തേക്ക് നിർത്താനും നേതാക്കൾ കേരളത്തിൽ നിന്ന് കർണ്ണാടകയിലെത്തി. ഇവിടെ ബിജെപിയ്‌ക്കെതിരെ ജീവന്മരണ പോരാട്ടത്തിലാണ് കോൺഗ്രസ്. മുന്നേറ്റം ഉണ്ടാക്കാനുമായി. തെരഞ്ഞെടുപ്പിന് തൊട്ട് തലേന്ന് ഇത് തകർക്കാനായിരുന്നു സരിതാ എസ് നായരുടെ ശ്രമം. സോളാർ കേസിൽ സരിത ആരോപണമുന്നയിച്ച ഏറെ പേർ കോൺഗ്രസിനായി വയർപ്പൊഴുക്കുന്നുണ്ട്. ഇതല്ലാം മനസ്സിലാക്കിയായിരുന്നു സരിതയുടെ നീക്കം.

ഇതിന്റെ ഭാഗമായി കോൺഗ്രസിനെതിരെ വാർത്താസമ്മേളനം നടത്താനായി നഗരത്തിലെത്തിയ സോളർ കേസ് പ്രതി സരിത എസ്.നായരെ പൊലീസ് തടഞ്ഞു. ഇതിനായി രണ്ടു ദിവസമായി നഗരത്തിൽ തങ്ങിവരികയായിരുന്നു. സരിതയുടെ അപകീർത്തികരമായ പ്രസ്താവനകൾ തടഞ്ഞ് കോടതി ഉത്തരവു നിലവിലുള്ളതിനാലാണു വാർത്താസമ്മേളനത്തിന് അനുമതി നൽകാതിരുന്നത്. ഇതോടെ സരിതയുടെ നീക്കം പൊളിഞ്ഞു. സരിത ബംഗളൂരുവിലെത്തിയത് കോൺഗ്രസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവരുടെ ഓരോ നീക്കവും നിരീക്ഷിച്ചു. പ്രചരണത്തിന്റെ അവസാന ദിവസം ബിജെപിക്ക് നേട്ടമുണ്ടാക്കാനായി സരിത എത്തുമെന്ന് കോൺഗ്രസുകാർ വിലയിരുത്തിയിരുന്നു. ഈ കണക്കൂകൂട്ടൽ ശരിവച്ചായിരുന്നു വാർത്താ സമ്മേളനത്തിന് സരിത എത്തിയത്. മുൻകൂട്ടി എല്ലാം കണ്ടതു കൊണ്ട് പൊലീസിനെ കൊണ്ട് പത്രസമ്മേളനം തടയിക്കാനായതിന്റെ ആശ്വാസത്തിലാണ് പൊലീസ്.

കേരളത്തിലെ തെരഞ്ഞെടുപ്പ് കാലത്തെല്ലാം സോളാർ ചർച്ചയാകാറുണ്ട്. പിണറായി സർക്കാരിനെ കേരളത്തിൽ അധികാരത്തിൽ എത്തിച്ചതും സോളാറിലെ വിവാദങ്ങളാണ്. ജ്യൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലെ അന്വേഷണം വഴിമുട്ടുമ്പോഴാണ് കർണ്ണാടകയിൽ സോളാർ കഥകൾ ചർച്ചയാക്കാൻ സരിത ശ്രമിച്ചത്. ഉന്നതർ ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി എഴുതിയ കത്തിലെ വിവരങ്ങൾ സോളാർ കേസിലെ പ്രതി സരിതാ നായർ കോടതിയിലും പിന്നീട് വനിതാ പൊലീസ് സ്റ്റേഷനിലും നിഷേധിച്ചതിന്റെ തെളിവുകൾ പുറത്തു വന്നിരുന്നു. ഇതെല്ലാം ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാൻ തടസ്സമായി നിൽക്കുന്നുണ്ട്. പീഡന ആരോപണമാണ് കെസി വേണുഗോപാലിനും വിഷ്ണുനാഥിനുമെതിരെ സരിത ഉന്നയിച്ചത്. ഇത് കർണ്ണാടകയിൽ ചർച്ചയാക്കി കോൺഗ്രസിന്റെ പ്രതിച്ഛായ തകർക്കുകയായിരുന്നു ലക്ഷ്യം.

അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുമ്പോഴാണ് സരിത മൂന്നു കത്തുകളും എഴുതിയത്. 2013 ജൂലായ് 13-ന് എഴുതിയ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രിമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ അന്വേഷണം നടത്തണമെന്ന് സോളാർ ജുഡീഷ്യൽ കമ്മിഷൻ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ്, ആരും പീഡിപ്പിച്ചില്ലെന്നുകാട്ടി സരിത നൽകിയ മറ്റു രണ്ടുകത്തുകൾ പുറത്തുവന്നത്. പീഡനം ആരോപിക്കുന്ന ആദ്യ കത്തെഴുതി രണ്ടാഴ്ചയ്ക്കുള്ളിലാണ് ആദ്യകത്തിലെ പരാമർശങ്ങൾ നിഷേധിച്ചുള്ള രണ്ടാംകത്ത് എറണാകുളം അഡീഷണൽ ഒന്നാംക്ലാസ് മജിസട്രേട്ട് കോടതിയിൽ നൽകിയത്. തന്റെ പേരുചേർത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും കഥകൾ മെനയുന്നുവെന്നും അവ വാസ്തവവിരുദ്ധമാണെന്നുമായിരുന്നു കോടതിയെ അറിയിച്ചത്. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജയിൽ അധികൃതർ വഴിയാണ് സരിത കോടതിയിൽ സമർപ്പിച്ചത്.

2013 നവംബർ 22-നാണ് മൂന്നാമത്തെ കത്ത് എഴുതിയത്. ബിജെപി. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിക്കു മറുപടിയായിട്ടായിരുന്നു കത്ത്. അട്ടക്കുളങ്ങര ജയിലിൽനിന്നുതന്നെയാണ് ഈ കത്തും എഴുതിയത്. സരിതയുടെ ആദ്യ കത്തിലുള്ള പ്രമുഖർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്റെ പരാതി. ഇത് എസ്‌ഐ. മുഹമ്മദ് നിസാർ വനിതാ പൊലീസ് എസ്‌ഐ. എം.എൻ. ലൈലാകുമാരിക്ക് കൈമാറി. വനിതാ എസ്‌ഐ.യുടെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ അട്ടക്കുളങ്ങര ജയിലിൽ നേരിട്ടെത്തിയപ്പോഴാണ് ആരോപണങ്ങൾ നിഷേധിച്ച് സരിത കത്തു നൽകിയത്. രാഷ്ട്രീയ ലാഭത്തിനായി നൽകിയ പരാതിയിൽ മൊഴിനൽകാനാവില്ലെന്നും കത്തിലുണ്ടായിരുന്നു.

ഏറെ നാളായി വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന സോളാർ വിവാദത്തിലെ നായിക സരിതാ എസ് നായർ തിരക്കിലേക്ക് മാറിയിരുന്നു. കോടതികളിൽ നിന്ന് കോടതികളിലേക്ക് യാത്ര ചെയ്യുമ്പോഴും തന്റെ പുതിയ കച്ചവടം ക്ലച്ച് പിടിക്കുന്നതിന്റെ ആശ്വാസത്തിലാണ് സരിത. ഇതിനൊപ്പം മറ്റൊരു ജോലിയുമുണ്ട്. എങ്ങനേയും സ്വന്തം കാലിൽ നിൽക്കാനാണ് സരിതയുടെ നീക്കങ്ങൾ. സരിതാ നായർ തമിഴ്‌നാട്ടിൽ പുതിയ വ്യവസായ സംരംഭം തുടങ്ങിയത് അഞ്ചാറു മാസം മുമ്പായിരുന്നു. കന്യാകുമാരി ജില്ലയിലെ തക്കലയിൽ കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിർമ്മിച്ച് വിൽക്കുന്നതിനായി രണ്ട് യൂണിറ്റുകളാണ് തുടങ്ങിയത്. പ്ലാസ്റ്റിക് നിരോധനത്തോടെ കടലാസ് ഉൽപ്പനങ്ങൾക്ക് സാധ്യത കൂടി. ഇത് മുന്നിൽ കണ്ടാണ് സരിത ഇത്തരമൊരു പദ്ധതി തുടങ്ങിയത്. ഇതിനിടെ സരിതയുടെ രാഷ്ട്രീയ മോഹങ്ങളും ചർച്ചയായിരുന്നു. ഇത് മനസ്സിൽ വച്ചാണ് കർണ്ണാടക തെരഞ്ഞെടുപ്പിനെ പരീക്ഷണ വേദിയാക്കാൻ സരിത എത്തി.ത്.

സോളാർ കേസിൽ പരാതിക്കാർക്കു പണം മടക്കി നൽകി സരിത എസ്. നായർ കോടതിക്കു പുറത്ത് കേസുകൾ ഒത്തു തീർപ്പാക്കുന്നത് രാഷ്ട്രീയ മോഹങ്ങളുമായെന്ന സൂചന നേരത്തേയും പുറത്തുവന്നിരുന്നു. കേസുകൾ ഒതുക്കി ഇമേജ് കൂട്ടിയാൽ സരിതയ്ക്ക് വോട്ട് കിട്ടുമെന്നാണ്രേത വിലയിരുത്തൽ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മുന്നണി സംവിധാനത്തിൽ കടക്കാനാണ് നീക്കം. കേരളത്തിൽ ഇടത്-വലത് മുന്നണികൾ സരിതയെ അടുപ്പിക്കില്ല. ഇത് തിരിച്ചറിഞ്ഞാണ് കർണ്ണാടകയിലൂടെ ബിജെപിയെ കൈയിലെടുക്കാനുള്ള നീക്കമെന്നും വിലയിരുത്തലുണ്ട്.