കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാർ മാറി പിണറായി സർക്കാർ അധികാരമേറ്റതോടെ പ്രഭാവം മങ്ങിയവർ നിരവധിയാണ്. മതനേതാക്കൾ മുതൽ വലിയ തട്ടിപ്പുകാർ വരെ ഇക്കൂട്ടത്തിൽപ്പെടും. എന്തായാലും കഴിഞ്ഞ സർക്കാറിനെ തന്റെ പാവാടച്ചരടിൽ കോർത്തു നടക്കുകയാണെന്ന ധാരണയോടെ നടന്ന സരിത എസ് നായർ എന്ന തട്ടിപ്പുക്കാരിക്കും ഇപ്പോൾ പഴയതു പോലെ പരിഗണനയൊന്നും ലഭിക്കുന്നില്ല. യുഡിഎഫ് സർക്കാറിനെ മുൾമുനയിൽ നിർത്തി വെളിപ്പെടുത്തൽ നടത്തുമെന്ന് പറഞ്ഞ് മാദ്ധ്യമങ്ങളുടെയും പ്രിയങ്കരിയായ സരിതയെ ഇപ്പോൾ ആർക്കും വേണ്ടാത്ത അവസ്ഥയിലാണ്. ഇതോടെ സോളാർ തട്ടിപ്പു കേസും എങ്ങുമെത്താതെ ഇരുളടയുന്ന വക്കിലാണ്.

പ്രതിപക്ഷത്തിരുന്നപ്പോൾ സിപിഎമ്മിന് ആവോളം ആയുധം നൽകിയത് സരിതയുടെ വെളിപ്പെടുത്തലുകളായിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റ് സമരം പോലും നടത്തി സിപിഐ(എം). എന്നാൽ, ജയിലിൽ നി്ന്നും പുറത്തിറങ്ങിയ സരിത തന്റെ വിശ്വാസ്യത സ്വയം നശിപ്പിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളാണ് നടത്തിയത്. ഉന്നത നേതാക്കൾ അടങ്ങുന്ന സിഡിയുണ്ടെന്നും പറഞ്ഞ സരിത ബ്ലാക്‌മെയിൽ രാഷ്ട്രീയവുമായി മുന്നോട്ടു പോയി. ഏറ്റവും ഒടുവിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും താൻ പുറത്തുവിടുന്ന തെളിവുകൾ കേരളം താങ്ങില്ലെന്ന് പറഞ്ഞാണ് സരിത മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചത്. തെളിവുകളായി സിഡികൾ പുറത്തുവിടുമെന്ന സരിത പി്ന്നീട് ഇതുവരെ പൊങ്ങിയില്ല. മാദ്ധ്യമങ്ങളിൽ നിന്നും മുങ്ങി നടക്കുകയായിരുന്നു അവർ.

ഭരണം മാറിയതോടെ ഇനി എന്തൊക്കെ വന്നാലും കുഴപ്പമില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. ഭരണം കിട്ടിയതോടെ ഇനിയും അധികം പ്രാധാന്യം നൽകേണ്ടെന്ന നിലപാടിൽ സരിതയും. ഇതോടെ സോളാർ കമ്മീഷന്റെ പ്രവർത്തവും മുന്നോട്ടു പോകാനാവാതെ കുരുങ്ങിയിരിക്കയാണ്. ഹാജരാക്കിയ തെളിവുകൾ സംബന്ധിച്ചു വിശദീകരിക്കുന്നതിനായി ജൂൺ 15 വരെ സമയം നൽകണമെന്നാവശ്യപ്പെട്ട് സോളർ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായർ നൽകിയ അപേക്ഷ സോളാർ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ തള്ളി. തെളിവുകളൊന്നുമില്ലാത്തതിനാൽ ഒളിച്ചു കളിക്കാൻ വേണ്ടിയാണ് സരിതയുടെ തന്ത്രമെന്നാണ് കരുതുന്നത്.

ജൂൺ ആറിനു സരിത നിർബന്ധമായും ഹാജരാകണമെന്ന് അഭിഭാഷകനെ കമ്മിഷൻ അറിയിച്ചു. സരിത കമ്മിഷനിൽ ഹാജരാക്കിയ തെളിവുകളുടെ പകർപ്പാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി നൽകിയ ഹർജി പരിഗണിച്ച കമ്മിഷൻ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ആവശ്യമെങ്കിൽ പകർപ്പുനൽകാമെന്ന് അഭിഭാഷകനെ അറിയിച്ചു. തെളിവുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കമ്മിഷന് 13നു കത്തു നൽകിയെന്ന് വേണുഗോപാൽ പത്രങ്ങളിൽ നൽകിയ പ്രസ്താവന നുണയാണെന്ന് ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ നൽകിയ പരാതിയിൽ വേണുഗോപാലിനോട് വിശദീകരണം എഴുതി നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു.

സരിത ഈ മാസം 13നാണ് കമ്മിഷനിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയത്. പൊലീസ് കസ്റ്റഡിയിൽവച്ചെഴുതിയ വിവാദകത്ത് 11ന് ഹാജരാക്കിയിരുന്നു. ഈ തെളിവുകൾ കമ്മിഷൻ സെക്രട്ടറിക്കാണ് സരിത കൈമാറിയത്. തെളിവെടുപ്പിന്റെ ഭാഗമായി ഇവ സ്വീകരിക്കണമെകിൽ അതു നൽകിയ സാക്ഷിയുടെ സാന്നിധ്യത്തിൽ തെളിവുകളോരോന്നായി കമ്മിഷൻ രേഖപ്പെടുത്തണം. നിയമപരമായി ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ അവ കമ്മിഷന് തെളിവിന്റെ ഭാഗമായി പരിശോധിക്കാനാവൂ. അതിനാണ് സരിതയോട് മുപ്പതിന് കമ്മിഷനിൽ ഹാജരാകാനാവശ്യപ്പെട്ടത്. വ്യക്തിപരമായ ആവശ്യങ്ങളുള്ളതിനാൽ ഹാജരാകാനാകില്ലെന്നും ജൂൺ 15 വരെ സമയമനുവദിക്കണമെന്നുമാവശ്യപ്പെട്ട് സരിത അഡ്വ. സി.ഡി. ജോണി വഴി അപേക്ഷ നൽകുകയായിരുന്നു.

അപേക്ഷ തള്ളിയ കമ്മിഷൻ സരിതയുടെ നടപടിയെ വിമർശിച്ചു. ജനപ്രതിനിധികളും സമൂഹത്തിൽ ഉന്നത പദവിയിലിരിക്കുന്നവരുമായ ചിലരെക്കുറിച്ചാണെന്ന് പറഞ്ഞ് ചില പെൻഡ്രൈവും മറ്റും ഹാജരാക്കിയശേഷം വിശദീകരണം നൽകാതെ മാറിനടക്കുന്നത് ശരിയല്ലെന്ന് കമ്മിഷൻ പറഞ്ഞു. കമ്മിഷനോട് കളിക്കുന്നത് സൂക്ഷിച്ചുവേണം. കമ്മിഷൻ രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല. സരിതയെ വിസ്തരിച്ച് തെളിവുപരിശോധിച്ചശേഷം വേണം ആവശ്യമെങ്കിൽ മറ്റുള്ളവരെ വിളിച്ചുവരുത്താൻ.

സ്വമേധയാ കമ്മിഷനിൽ നൽകിയ തെളിവുകളെക്കുറിച്ച് വിശദീകരിക്കാൻ സരിതയ്ക്ക് ഉത്തരവാദിത്വമുണ്ട് എന്നു ചൂണ്ടിക്കാട്ടിയ കമ്മിഷൻ ജൂൺ ആറിന് ഹാജരാകുന്നതിനായി സരിതയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ തീരുമാനിച്ചതായി അഭിഭാഷകനെ അറിയിച്ചു. ഇക്കാര്യം ഫോണിൽ വിളിച്ചറിയിച്ചതോടെ ആറിന് ഹാജരാകാമെന്ന് സരിത തന്നെ അറിയിച്ചതായി അഭിഭാഷകൻ കമ്മിഷനെ അറിയിച്ചു. ഇതെത്തുടർന്ന് അറസ്റ്റ് വാറന്റ് ഉത്തരവിറക്കാനുള്ള തീരുമാനം പിൻവലിച്ചു.