കൊച്ചി: സോളാർ കമ്മീഷന്റെ അടുത്ത സിറ്റിംഗിന് സരിതാ നായർ എത്തിയില്ലെങ്കിൽ സോളാർ കമ്മീഷൻ കടുത്ത നടപടികളിലേക്ക് കടക്കും. സരിതയെ അറസ്റ്റ് ചെയ്തു കൊണ്ടു വരാൻ നിർദ്ദേശം നൽകുന്ന വാറണ്ട് പുറപ്പെടുവിക്കാനാണ് നീക്കം. നടപടിക്രമങ്ങൾ സരിതയുടെ മാത്രം നിലപാട് കാരണം വൈകുന്നുവെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് കടുത്ത നടപടികളിലേക്ക് കമ്മീഷൻ കടക്കുന്നത്. സരിത നൽകിയ തെളിവുകൾ സ്വീകരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് അവഗണിച്ച് പോകാനും കഴയില്ല. ഈ തെളിവുകൾ സംബന്ധിച്ച് നിരവധി വ്യാഖ്യാനങ്ങൾ മാദ്ധ്യമങ്ങളിലെത്തി കഴിഞ്ഞു. അതിനാൽ സരിതയെ എത്രയും വേഗമെത്തിച്ച് അന്തിമ നിഗമനത്തിലെത്താനാണ് സോളാർ കമ്മീഷന്റെ തീരുമാനം.

സ്വമേധയാ കമ്മിഷനിൽ നൽകിയ തെളിവുകളെക്കുറിച്ച് വിശദീകരിക്കാൻ സരിതയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് കമ്മീഷന്റെ നിലപാട്. ഇതിന് തയ്യാറായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് സരിതയുടെ അഭിഭാഷകനെ കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഇതോടെ കമ്മീഷന് മുന്നിൽ ഹാജരാകാതെ മറ്റ് വഴികളില്ലെന്ന അവസ്ഥയിലാണ് സരിതാ നായർ. അതിനിടെ എങ്ങനേയും തീയതി നീട്ടികൊണ്ട് പോകാനുള്ള സാധ്യതകൾ സരിത ആരായുന്നുണ്ടെന്നാണ് സൂചന. ഈ സാഹചര്യവും കമ്മീഷൻ തിരിച്ചറിയുന്നുണ്ട്. അതിനാൽ ജൂൺ ആറിന് എത്താമെന്ന വാക്ക് പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകമെന്നാണ് കമ്മീഷൻ വൃത്തങ്ങൾ വിശദീകരിക്കുന്നത്. എന്തായാലും കമ്മീഷൻ സിറ്റിങ് ഇനിയും നീട്ടികൊണ്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ജസ്റ്റീസ് ശിവരാജൻ.

ഇനിയും സരിത ഹാജരാകാതിരുന്നാൽ പ്രസ്തുത തെളിവുകൾ പരിഗണിക്കാതെ കമ്മീഷന് അന്തിമ നിഗമനത്തിലേക്ക് കടക്കാം. എന്നാൽ തെളിവുകൾ നൽകിയ ശേഷം പലതും സരിത പുറത്തു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വരെയുണ്ടെന്നും വിശദീകരിച്ചു. ഇതെല്ലാം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വിഷയമാവുകയും ഫലത്തെ സ്വാധീനിക്കുകുയം ചെയ്ത ഘടകങ്ങളാണെന്നും വിലയിരുത്തലുകളുണ്ട്. അതിനാൽ തെളിവ് പരിശോധിക്കാതെ തള്ളുന്നത് കമ്മീഷനെതിരയേും ആരോപണങ്ങൾ ഉയരാൻ കാരണമാകും. അതിനാൽ തെളിവ് നൽകിയ ആളെ എത്തിച്ച് അവ പരിശോധിക്കാൻ തന്നെയാണ് തീരുമാനം. ഈ നീക്കമാണ് സരിതയെ എല്ലാ അർത്ഥത്തിലും വെട്ടിലാക്കുന്നത്.

സരിത മെയ്‌ 13നാണ് കമ്മിഷനിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയത്. പൊലീസ് കസ്റ്റഡിയിൽവച്ചെഴുതിയ വിവാദകത്ത് 11ന് ഹാജരാക്കിയിരുന്നു. ഈ തെളിവുകൾ കമ്മിഷൻ സെക്രട്ടറിക്കാണ് സരിത കൈമാറിയത്. തെളിവെടുപ്പിന്റെ ഭാഗമായി ഇവ സ്വീകരിക്കണമെകിൽ അതു നൽകിയ സാക്ഷിയുടെ സാന്നിധ്യത്തിൽ തെളിവുകളോരോന്നായി കമ്മിഷൻ രേഖപ്പെടുത്തണം. നിയമപരമായി ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ അവ കമ്മിഷന് തെളിവിന്റെ ഭാഗമായി പരിശോധിക്കാനാവൂ. അതിനാണ് സരിതയോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങളുള്ളതിനാൽ ഹാജരാകാനാകില്ലെന്നും ജൂൺ 15 വരെ സമയമനുവദിക്കണമെന്നുമാവശ്യപ്പെട്ട് സരിത അഡ്വ. സി.ഡി. ജോണി വഴി അപേക്ഷ നൽകുകയായിരുന്നു. ഇത് നടപടിക്രമങ്ങൾ നീട്ടികൊണ്ടു പോകാനുള്ള ശ്രമം മാത്രമായി കമ്മീഷൻ വിലയിരുത്തുന്നു.

ജനപ്രതിനിധികളും സമൂഹത്തിൽ ഉന്നത പദവിയിലിരിക്കുന്നവരുമായ ചിലരെക്കുറിച്ചാണെന്ന് പറഞ്ഞ് ചില പെൻഡ്രൈവും മറ്റും ഹാജരാക്കിയശേഷം വിശദീകരണം നൽകാതെ മാറിനടക്കുന്നത് ശരിയല്ലെന്നാണ് കമ്മിഷൻ നിലപാട്. കമ്മിഷനോട് കളിക്കുന്നത് സൂക്ഷിച്ചുവേണം. കമ്മിഷൻ രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. സരിതയെ വിസ്തരിച്ച് തെളിവുപരിശോധിച്ചശേഷം വേണം ആവശ്യമെങ്കിൽ മറ്റുള്ളവരെ വിളിച്ചുവരുത്താൻ. ഇതിനൊപ്പം തെളിവുകൾ ആവശ്യപ്പെട്ട് എംപിയായ കെസി വേണുഗോപൽ നൽകിയ അപേക്ഷയുമുണ്ട്. വേണുഗോപാലിനെതിരെ സരിത തെളിവുകൾ നൽകിയെന്ന വാർത്തകൾ വന്നിരുന്നു. ഇതിലും തീരുമാനം എടുക്കാൻ കമ്മീഷന് കഴിയാത്ത സ്ഥിതിയാണുള്ളത്.

നാല് വീഡിയോ ഫയലുകൾ, നാല് ഓഡിയോ ഫയലുകൾ എന്നിവയടങ്ങിയ പെൻഡ്രൈവ്, ഇമെയിലിന്റെ പകർപ്പുകൾ, വിവിധ പദ്ധതികൾക്കായി നൽകിയ അപേക്ഷകൾ, ഇതോടനുബന്ധിച്ചുള്ള രേഖകൾ എന്നിവ കമ്മീഷന് നൽകിയെന്നാണ് സരിത പറയുന്നത്. ുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ, മന്ത്രി എ.പി. അനിൽകുമാർ എന്നിവരുൾപെടെയുള്ളവർ ശാരീരികമായി ബുദ്ധിമുട്ടിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളാണ് പെൻഡ്രൈവിലുള്ളതെന്ന് സരിത മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. മല്ലേലിൽ ശ്രീധരൻനായർക്കൊപ്പം മുഖ്യമന്ത്രിയെ കാണുന്നതിന്റെ വീഡിയോദൃശ്യങ്ങളും ഫോട്ടോയും പെൻഡ്രൈവിലുണ്ട്. മന്ത്രിമാരായ അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ് എന്നിവർ നടത്തിയ അശ്ലീല സംഭാഷണങ്ങളടങ്ങിയ ശബ്ദരേഖയും ഇതിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുമായുള്ളബന്ധം സൂചിപ്പിക്കുന്ന രേഖകളും കമ്മിഷനിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സരിത മാദ്ധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

കമ്മിഷനിൽ നൽകിയ തെളിവുകൾ പുറത്തുവിടാൻ തയാറാണെന്നും അതിന് കമ്മിഷന്റെ അനുവാദം ചോദിക്കുമെന്നും സരിത അറിയിച്ചു. അടുത്ത ദിവസം തന്നെ ഇതുണ്ടാകുമെന്നാണ് പറഞ്ഞത്. എന്നാൽ ഇതിന് ശേഷം മാദ്ധ്യമങ്ങൾക്ക് മുന്നിൽ സരിത പ്രത്യക്ഷപ്പെട്ടില്ല. തെരഞ്ഞെടുപ്പ് ഫലം അധികാര മാറ്റം സാധ്യമാക്കിയിട്ടും സരിത കൂടുതൽ പ്രതികരണങ്ങൾ നടത്തിയില്ലെന്നതാണ് വസ്തുത.