ആലപ്പുഴ: സോളാർ കേസിലെ സരിത എസ് നായരുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെ സരിത പുറത്താക്കി. എത്രയും വേഗം കേസുകളുടെ വക്കാലത്ത് ഒഴിഞ്ഞ് ഫയലുകൾ തിരികെ നൽകാൻ ഫെനിയോട് സരിത ആവശ്യപ്പെട്ടു. അയാൾ ഇനി എന്റെ കേസുകൾ വാദിക്കില്ല. അഭിഭാഷകനെന്ന തരത്തിൽ അയാൾ പരാജയമാണ്. പെട്ടെന്നു കൈവന്ന പ്രശസ്തിയിൽ അയാൾ എല്ലാം മറന്നു. വാർത്തകൾക്കും ചാനലുകൾക്കും പിന്നാലെ അയാൾ പാഞ്ഞു. ഇതെല്ലാം എന്റെ പേരിലായിരുന്നു. സോളാർ കേസ് എത്തുന്നതിനു മുമ്പ് അയാൾ ആരായിരുന്നു എന്ന് ഓർത്തില്ല. എന്റെ പേരിൽ മാത്രം വളർന്ന വക്കീലാണ്. അതു വേണ്ടവണ്ണം വിനിയോഗിക്കാൻ അയാൾക്കു കഴിഞ്ഞില്ല. എന്റെ കേസുകൾ നടത്തുന്നതിന് മുമ്പ് അയാളുടെ അഭിഭാഷക ചരിത്രം എനിക്ക് നല്ലതുപോലെ അറിയാവുന്നതാണ്. നല്ല വസ്ത്രം ധരിക്കാനും ജിംനേഷ്യത്തിൽ പോകാനും തുടങ്ങിയതു സോളാർ കേസിൽ അഭിഭാഷകനായ ശേഷമാണ്, സരിത എസ് നായർ പറഞ്ഞു.

ഫെനി ബാലകൃഷ്ണൻ തന്റെ നാലു കേസുകൾ മാത്രമാണു വാദിക്കുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളിലും എനിക്കു കേസുകൾ ഉണ്ട്. ഇതെല്ലാം വാദിക്കുന്നത് ഫെനി അല്ല. അയാൾ എന്നെ വിറ്റു കാശാക്കാൻ നോക്കി. ചില അഭിഭാഷകരും അയാൾക്കൊപ്പം കൂടിയിട്ടുണ്ട്. അയാൾ എന്റെ പേരിൽ മൂന്നുതവണ കാശ് പലരിൽനിന്നായി വാങ്ങിയിട്ടുണ്ട്. ഇതിനു വ്യക്തമായ തെളിവുണ്ട്. ആവശ്യം വന്നാൽ അതു വെളിപ്പെടുത്തും. ഇപ്പോൾ അയാൾ ഏറ്റെടുത്തിരിക്കുന്ന നാലുകേസുകൾ വക്കാലത്ത് ഒഴിഞ്ഞു തരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സോളാർ വിഷയത്തിൽ ഇത്രയും നാൾ കൂടെനിന്ന ഫെനിയെ ഒഴിവാക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് സരിത ഇങ്ങനെ പ്രതികരിച്ചു- ഫെനി ടീം സോളാറിന്റെ ഉടമ്പടി തയ്യാറാക്കാൻ കമ്പനിയിലെത്തിയ ആളാണ്. ഈ സാഹചര്യത്തിൽ കമ്പനിയുടെ ചില രേഖകൾ ഫെനിയുടെ കൈവശമായിരുന്നു. ഇതിനിടയിലാണ് ഞാൻ ജയിലിലാകുന്നത്. എനിക്ക് പുറത്തിറങ്ങാൻ ആ രേഖകളുടെ ആവശ്യമുണ്ടായിരുന്നു . മാത്രമല്ല ജയിലിൽ കിടക്കുന്ന എന്നെ സഹായിക്കാൻ എന്റെ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. ഈ സമയത്താണ് ഞാൻ ഫെനിയെ സമീപിക്കാൻ അമ്മയോട് പറഞ്ഞത്.

ഇങ്ങനെയാണ് അയാൾ എന്റെ കേസ് നടത്തിപ്പുകാരനായത്. അല്ലാതെ അഭിഭാഷക വൃത്തിയിൽ പ്രഗൽഭനായതുകൊണ്ടൊന്നുമല്ല. മാത്രമല്ല ഇയാൾ രണ്ടാഴ്‌ച്ച മുമ്പ് മാവേലിക്കര പൊലീസ് സ്‌റ്റേഷനിൽ ടിം സോളാർ മുൻ ജി എം രാജശേഖരനെതിരെ പെറ്റീഷൻ ഫയൽ ചെയ്തതായറിഞ്ഞു. അതൊരു പൊറാട്ടുനാടകമാണ്. അയാളും രാജശേഖരനും ചേർന്നു നടത്തിയ ഒത്തുകളി. അടുത്ത സമയത്ത് എനിക്ക് അനുകൂലമായി ചില ചാനലുകളിൽ അയാൾ സംസാരിച്ചിരുന്നു. അതും ഞാൻ മുഖവിലക്കെടുക്കുന്നില്ല, സരിത പറഞ്ഞു.