കൊച്ചി: സരിതാ എസ് നായരുടെ നിസ്സഹകരണം മൂലം സോളാർ കമ്മീഷന്റെ പ്രവർത്തനം പോലും അവതാളത്തിലായിരുന്നു. ഈ ഘട്ടത്തിൽ സരിത ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജസ്റ്റീസ് ശിവരാജൻ വ്യക്തമാക്കുകയും ചെയ്തു. ഈ ഉറച്ച നിലപാട് ഫലം കണ്ടു. ഒടുവിൽ വ്യക്തിപരമായ തിരക്കുകൾ മാറ്റി വച്ച് സോളാർ കമ്മീഷണ് മുന്നിൽ സരിത എത്തി. നൽകിയ തെളിവുകളെല്ലാം മാർക്ക് ചെയ്തു. ഇനി വീണ്ടും ക്രോസ് വിസ്താരം. കമ്മിഷനു നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ 17നു ക്രോസ് വിസ്താരം ചെയ്യും. സരിത പുതിയതായി നൽകിയ തെളിവുകളിൽ പരാമർശ വിധേയരായവർക്കാണു ക്രോസ് വിസ്താരത്തിന് അവസരം. ഓരോരുത്തരെക്കുറിച്ചും പരാമർശിക്കുന്ന ഭാഗത്തിന്റെ പകർപ്പു മാത്രം അവർക്കു നൽകും. മല്ലേലിൽ ശ്രീധരൻനായരുമായി ബന്ധപ്പെട്ട കേസിന്റെ കൂടുതൽ രേഖകൾ 17നു ഹാജരാക്കുമെന്നും പുതിയ സർക്കാരിൽ തനിക്കു വലിയ പ്രതീക്ഷയുണ്ടെന്നും സരിത മാദ്ധ്യമങ്ങളോടു വിശദീകരിക്കുകയും ചെയ്തു.

പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിന്റെ ഒറിജിനലും അടുത്ത സിറ്റിംഗിന് വരുമ്പോൾ കമ്മീഷന് കൈമാറണം. എറണാകുളം ബോൾഗാട്ടിയിലെ ലുലു കൺവൻഷൻ സെന്ററുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ സംഭാഷണം താൻ കഴിഞ്ഞ മാസം ഹാജരാക്കിയ പെൻഡ്രൈവിലുണ്ടെന്ന് സരിത സോളാർ കമ്മിഷനെ അറിയിച്ചു. ഒരു മിനിറ്റ് 34 സെക്കൻഡാണു സംഭാഷണത്തിന്റെ ദൈർഘ്യം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവുകളും യോഗങ്ങളുടെ മിനിട്‌സുകളും താൻ അന്നു സമർപ്പിച്ച രേഖകളിലുണ്ടെന്നും സരിത മൊഴി നൽകി. മൂന്നു പെൻഡ്രൈവുകളും പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ എഴുതിയതെന്ന് അവകാശപ്പെടുന്ന കത്തിന്റെ പകർപ്പ് അടക്കം ഏഴു ഫയലുകളുമാണ് സരിത കഴിഞ്ഞ മാസം കമ്മിഷനു കൈമാറിയത്. ഇവ ഇന്നലെ സരിതയുടെ സാന്നിധ്യത്തിൽ അടയാളപ്പെടുത്തി കമ്മിഷൻ തെളിവായി സ്വീകരിച്ചു.

ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനായ തോമസ് കൊണ്ടോട്ടിയുമായി നടത്തിയ മൂന്നു മണിക്കൂർ നീണ്ട സംഭാഷണമാണ് രണ്ടാമത്തെ പെൻഡ്രൈവിലുള്ളതെന്ന് സരിത കമ്മിഷനെ അറിയിച്ചു. ലൈംഗികാരോപണങ്ങളെ സാധൂകരിക്കുന്ന അശ്ലീല ദൃശ്യങ്ങളാണ് മൂന്നാമത്തെ പെൻഡ്രൈവിന്റെ ഉള്ളടക്കം. ഉമ്മൻ ചാണ്ടിയുടെ പഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോനുമായുള്ള ഇമെയിൽ കത്തിടപാടിന്റെ വിവരങ്ങൾ, കോൺഗ്രസ് നേതാവ് ബെന്നി ബെഹനാനും സരിതയുടെ ബന്ധു വിനുമോനും തമ്മിലുള്ള സംഭാഷണങ്ങൾ, ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി വാസുദേവ ശർമ്മയുമായുള്ള സംഭാഷണം എന്നിവയും പെൻഡ്രൈവിലുണ്ടെന്ന് സരിത കമ്മിഷനിൽ വ്യക്തമാക്കി.

മുൻ എംഎ‍ൽഎ: പി.സി. വിഷ്ണുനാഥുമായുള്ള ബന്ധം സാധൂകരിക്കുന്ന തെളിവുകൾ, കടുത്തുരുത്തി മണ്ഡലത്തിൽ സോളാർ തെരുവുവിളക്ക് സ്ഥാപിക്കുന്നതിന് മോൻസ് ജോസഫ് എംഎ‍ൽഎ. വഴി നൽകിയ പദ്ധതിനിർദ്ദേശം, ഉമ്മൻ ചാണ്ടിക്കു വേണ്ടി ഡൽഹിയിൽ വച്ച് പണം നൽകിയെന്ന പരാമർശത്തെ തുടർന്ന് ഡൽഹിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിന്റെ ഇപ്പോഴത്തെ സ്ഥിതി, സുരാന വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിനു വേണ്ടി സോളാർ റാന്തൽ ഇടപാടിൽ ലക്ഷ്മി നായരെന്ന പേരിൽ അനർട്ടുമായി നടത്തിയ കത്തിടപാടുകൾ, 2011ൽ കൊച്ചിയിൽ സോളാർ സിറ്റി മാസ്റ്റർ പ്ലാനിനുവേണ്ടി മുൻ മേയർ ടോണി ചമ്മണിക്കു സമർപ്പിച്ച നിർദ്ദേശം, നികുതിയിളവിനുവേണ്ടി മുൻ കേന്ദ്ര ധനസഹമന്ത്രി പളനിമാണിക്കവുമായി ബന്ധപ്പെട്ടതിന്റെ രേഖകൾ, ഉമ്മൻ ചാണ്ടിയുടെ പഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്ന ടെന്നി ജോപ്പനുമായും കെപിസിസി. സെക്രട്ടറി എൻ. സുബ്രഹ്മണ്യനുമായും നടത്തിയ ഇമെയിൽ ആശയവിനിമയം എന്നിവയുടെ വിശദമായ രേഖകളും ഹാജരാക്കിയവയിൽ ഉണ്ടെന്ന് സരിത വിശദീകരിച്ചു.

കഴിഞ്ഞ 11നും 13നുമായാണ് ഈ തെളിവുകൾ നൽകിയത്. 11നു സമർപ്പിച്ചതു രണ്ടു പെൻഡ്രൈവുകൾ ആണ്. അതിനിടെ സാക്ഷി വിസ്താരത്തിന് ഇന്നലെ ഹാജരാകേണ്ട മുൻ മന്ത്രി ഷിബു ബേബിജോൺ കമ്മിഷന്റെ നോട്ടിസിനോടു പ്രതികരിക്കാതിരിക്കുകയും അഭിഭാഷകൻ ഹാജരാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഷിബുവിന് ആജ്ഞാപത്രം പുറപ്പെടുവിക്കാൻ ജസ്റ്റിസ് ജി.ശിവരാജൻ തയ്യാറെടുത്തെങ്കിലും സിറ്റിങ് തുടങ്ങി ഒരു മണിക്കൂറിനുശേഷം ഷിബുവിന്റെ അഭിഭാഷകൻ ശിവൻ മഠത്തിൽ ഹാജരായി. 14ന് ഷിബു ഹാജരാകുമെന്ന് അഭിഭാഷകൻ ഉറപ്പു നൽകിയതിനെത്തുടർന്ന്, ആജ്ഞാപത്രം പുറപ്പെടുവിക്കുന്നില്ലെന്നു ജസ്റ്റിസ് ശിവരാജൻ അറിയിച്ചു.

ഈ മാസം 30ന് തെളിവെടുപ്പ് പൂർത്തിയാക്കുമെന്നും ഈ മാസം ഹാജരാകാൻ നോട്ടിസ് ലഭിച്ചവർ വരാതിരുന്നാൽ അധികാരം ഉപയോഗിച്ചു വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.