- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ തട്ടിപ്പു കേസിൽ സരിതയുടെ പങ്ക് കൂടുതൽ വ്യക്തമാക്കി ഒന്നാം പ്രതി; പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കെന്ന് സിപിഐ പഞ്ചായത്തംഗം; വ്യാജ നിയമന ഉത്തരവു നൽകിയതും സരിതയെന്ന് രതീഷ്; വാറണ്ടു കേസുകളിൽ പോലും അറസ്റ്റു ചെയ്യാതെ സരിതയെ പൊലീസ് സംരക്ഷിക്കുന്നത് ചർച്ചയാക്കി പ്രതിപക്ഷം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വ്യാജ നിയമന ഉത്തരവു വഴി തൊഴിൽ തട്ടിപ്പു നടത്തിയ കേസിൽ സരിത എസ്. നായരുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നു. കേസിലെ ഒന്നാം പ്രതിയായ സിപിഐ പഞ്ചായത്തംഗമാണ് സരിതയാണ് മുഖ്യ ആസൂത്രക എന്ന് വ്യക്തമാക്കുന്നത്. സിപിഐ പഞ്ചായത്തംഗമായ രതീഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സരിതക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്.
തട്ടിപ്പിന്റെ മുഖ്യ ആസൂത്രണം സരിതയാണെന്നും തന്നെയും കബളിപ്പിച്ചു എന്നുമാണു ടി.രതീഷ് ഹർജിയിൽ ആരോപിക്കുന്നത്. പണം വാങ്ങിയതും വ്യാജ നിയമന ഉത്തരവു നൽകിയതും സരിതയാണെന്നും രതീഷ് പറയുന്നു. പിൻവാതിൽ നിയമനത്തിനു ശ്രമിക്കുന്ന സരിതയുടെ ശബ്ദരേഖയടക്കം പുറത്തു വന്നപ്പോൾ അതെല്ലാം വ്യാജമാണെന്നും തട്ടിപ്പിൽ പങ്കില്ലെന്നുമായിരുന്നു സരിതയുടെ വാദം. എന്നാൽ ഇതു നിഷേധിച്ചു കൊണ്ടാണ് രതീഷിന്റെ രംഗപ്രവേശനം. മാത്രമല്ല, താനും സരിതയുടെ തൊഴിൽ തട്ടിപ്പിന്റെ ഇരയാണെന്നും വ്യക്തമാക്കുന്നു. ഷൈജു പാലിയോട് എന്ന മൂന്നാം പ്രതിയാണു സർക്കാർഅർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലി നൽകാമെന്നു പറഞ്ഞ് ആദ്യം സമീപിച്ചത്. ഇതു വിശ്വസിച്ച താൻ 3 ലക്ഷം രൂപ നൽകി.
ഇത് അറിഞ്ഞാണു തട്ടിപ്പിനെതിരെ പരാതി നൽകിയ മറ്റ് 2 യുവാക്കളും ഷൈജുവിനെ ബന്ധപ്പെടുന്നതും പണം നൽകുന്നതും. പണം നൽകിയിട്ടും ജോലി ലഭിക്കാതെ വന്നപ്പോൾ അവർ പ്രതിഷേധിച്ചു. അപ്പോൾ സരിതയെ ഷൈജു പരിചയപ്പെടുത്തി. പണമെല്ലാം സരിതയുടെ അക്കൗണ്ടിലേക്കാണു കൈമാറിയതെന്നും പറഞ്ഞു. ഇതിനുശേഷം സരിത വ്യാജ നിയമന ഉത്തരവു നൽകി.
ഇതു വഴിയും ജോലി ലഭിക്കാതായതോടെ പരാതി നൽകാതിരിക്കാൻ സരിത 3 ലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നും രതീഷ് ഹർജിയിൽ പറയുന്നു. ചെക്കിന്റെ പകർപ്പും ജാമ്യാപേക്ഷയ്‌ക്കൊപ്പം കോടതിയിൽ ഹാജരാക്കി. സരിതയ്‌ക്കെതിരെ കൂടുതൽ തെളിവു പുറത്തു വന്നെങ്കിലും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ അനങ്ങുന്നില്ല. ഒരു പ്രതിയെ പോലും കണ്ടെത്താനോ ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ പൊലീസ് തയാറായിട്ടില്ല. സരിതയാകട്ടെ മിക്ക ദിവസങ്ങളിലും ഫോണിൽ ടിവി ചാനലുകാരോടു സംസാരിക്കുന്നുണ്ട്.
പൊലീസിനു വേണമെങ്കിൽ നിമിഷങ്ങൾക്കകം ഇവരെ കണ്ടെത്താം. എന്നാൽ കോടതിയുടെ തീരുമാനം വരട്ടെയെന്നാണു മേലുദ്യോഗസ്ഥർ ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. ഇതോടെ അന്വേഷണം ത്വരിതപ്പെടുത്താൻ റേഞ്ച് ഡിഐജി നൽകിയ നിർദ്ദേശം പരാതിക്കാരെ തൽക്കാലം അടക്കി നിർത്താൻ വേണ്ടി മാത്രമെന്നാണു സൂചന.
അതേസമയം സോളാർ തട്ടിപ്പുകേസുകളിൽ ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴിൽത്തട്ടിപ്പുകേസിൽ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പൊലീസ് നടപടിയും വിമർശിക്കപ്പെടുന്നുണ്ട്. സോളാർ തട്ടിപ്പുകേസിൽ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിൽ സരിതയ്‌ക്കെതിരേ വാറണ്ട് നിലനിൽക്കുന്നുണ്ട്. ആലപ്പുഴ കോടതിയിൽ ഹാജരാകാത്തതിനാൽ ജാമ്യക്കാർക്കെതിരേ കോടതി നടപടി സ്വീകരിച്ചു. ഈ വാറണ്ടുകളിൽ ഒരുവർഷം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല.
ഇതിനിടെയാണ് നെയ്യാറ്റിൻകര പൊലീസ് തൊഴിൽത്തട്ടിപ്പു കേസെടുത്തത്. കഴിഞ്ഞ ഡിസംബർ 12-നാണ് സരിതയെ മൂന്നാം പ്രതിയാക്കി കേസെടുത്തത്. പണം ആവശ്യപ്പെട്ടുകൊണ്ട് സരിത നെയ്യാറ്റിൻകര തിരുപുറം സ്വദേശി അരുണിനെ ഫോൺവിളിച്ചതിന്റെ വിശദാംശങ്ങളും പൊലീസിന് ലഭിച്ചിരുന്നു. കെ.ടി.ഡി.സി., ബെവ്കോ എന്നിവിടങ്ങളിൽ ജോലിനൽകാമെന്നു പറഞ്ഞ് സരിതയും കൂട്ടുപ്രതികളായ ഷാജു, രതീഷ് എന്നിവരും ചേർന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പ്രതിയായ രതീഷ് കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്ത് അംഗമാണ്. കൂട്ടുപ്രതി ഷാജു പാലിയോടിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു.
കേസ് രജിസ്ട്രർ ചെയ്തശേഷവും സരിത ഒട്ടേറെത്തവണ തലസ്ഥാനത്തുണ്ടായിരുന്നു. ഉന്നതങ്ങളിൽനിന്നുള്ള നിർദേശപ്രകാരമാണ് സരിത പ്രതിയായ കേസിലെ പൊലീസ് അന്വേഷണം നിലച്ചതെന്നാണ് സൂചന. എന്നാൽ, അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയായി ചിത്രീകരിച്ച് കേസ് അവസാനിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
സംഭവത്തിൽ റെയ്ഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാർ ഗുരുദിൻ വകുപ്പുതല അന്വേഷണം ആരംഭിച്ചു. കേസ് അനിശ്ചിതമായി വൈകിയതിന്റെ കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ നെയ്യാറ്റിൻകര സിഐ. ആയിരുന്ന പി. ശ്രീകുമാരൻ നായരിൽനിന്നു വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ നിയമനങ്ങൾ നടത്തുന്നതു സോളർ കേസ് പ്രതി സരിതയാണെന്നും സർക്കാരിന് അവരെ പേടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. വിഷയം കൂടുതൽ ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ