ആലപ്പുഴ: ക്ഷേത്രപുനർനിർമ്മാണത്തിന്റെ ശിലയിടൽ വേദിയിൽ സോളാർ കേസിലെ വിവാദനായിക സരിത എസ് നായർ കടന്നുവന്നു. ക്ഷേത്രാങ്കണത്തിൽ സരിതയെത്തിയതോടെ ഭക്തജനങ്ങൾക്കൊപ്പം നാട്ടുകാരും തടിച്ചുകൂടി.

ആര്യാട് പഞ്ചായത്തിലെ വ്യാസപുരം ശിവക്ഷേത്രസന്നിധിയിലാണ് ഇന്നലെ ഭക്തിനിർഭരമായ ചടങ്ങിൽ വിവാദനായികയുടെ ചൂടൻ പ്രവേശനം ഉണ്ടായത്.

ക്ഷേത്രാചാരപ്രകാരം ശിലയിടാൻ തീരുമാനിച്ചത് ഭക്തനും ബാംഗ്ലൂർ ആർഷ ഭാരത ഹിന്ദു ആചാര്യസഭയുടെ സന്ന്യാസിവര്യനുമായ സ്വാമി സൗപർണിക വിജയേന്ദ്രപുരിയായിരുന്നു. ഇദ്ദേഹത്തോടൊപ്പം ചലച്ചിത്രതാരം കലാഭവൻ മണിയും വിശിഷ്ടാതിഥിയായി എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു. ഇതോടെ വൻജനക്കൂട്ടമാണ് അമ്പലത്തിലും പരിസരത്തുമായി തടിച്ചുകൂടിയത്.

രാവിലെ 11 മണിയോടെ വിശിഷ്ടാതിഥികളെ ക്ഷേത്രാങ്കണത്തിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. ഈ സമയത്താണ് സോളാർ നായികയുടെ കടന്നുവരവ്. സരിത എത്തിയതോടെ ജനത്തിരക്കേറി. സരിതയും ഒപ്പം ചേർന്നതോടെ സ്വാമി സൗപർണിക ഉദ്ഘാടനച്ചടങ്ങിൽ സരിതയെ ഒഴിവാക്കണമെന്ന് ശാഠ്യം പിടിച്ചു. സരിതയെ ഒഴിവാക്കിയില്ലെങ്കിൽ താൻ ചടങ്ങിൽനിന്നും വിട്ടുനിൽക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു.

രംഗം പന്തിയല്ലെന്നു കണ്ട് സരിതയെ ക്ഷണിച്ച ഒരുവിഭാഗം ക്ഷേത്രഭാരവാഹികൾ സരിതയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സന്ന്യാസിയുടെ നിലപാടിൽ കുപിതയായ സരിത പലപ്രാവശ്യം പ്രതികരിക്കാൻ ഒരുങ്ങിയെങ്കിലും സംഘാടകരുടെ കനത്ത സമ്മർദ്ദത്തിന്റെ ഫലമായി ഒഴിവാകുകയായിരുന്നു. ഒടുവിൽ വിവാദങ്ങൾക്ക് ഇടംനൽകാതെ അനുനയത്തിന് വഴങ്ങിയ സരിതയെ സമീപത്തെ വീട്ടിലേക്ക് കയറ്റിയിരുത്തുകയായിരുന്നു. ഇതിനിടെ ആലപ്പുഴയിലെത്തിയ കലാഭവൻ മണി സരിതയുടെ വിവരങ്ങളറിഞ്ഞതോടെ സ്ഥലം വിട്ടു.

സരിതയില്ലാതെയുള്ള കല്ലിടൽ ചടങ്ങുകൾക്കും അനുബന്ധ പൂജകൾക്കും ശേഷം സ്വാമികളും മറ്റുള്ളവരും ക്ഷേത്രവളപ്പിൽ നിന്നും പോയതിനുശേഷമാണ് സരിതയെ അമ്പലത്തിൽ പ്രവേശിപ്പിച്ചത്. പിന്നീട് നിശ്ചയിക്കപ്പെട്ട പ്രകാരം ക്ഷേത്രഗാനങ്ങളുടെ സിഡി പ്രകാശനം സരിത നടത്തി. ക്ഷേത്രഭാരവാഹികൾ ക്ഷമാപണത്തിന് മുതിർന്നതോടെ രംഗം ശാന്തമായി. അതേസമയം ഏറെ പവിത്രമായ ചടങ്ങിനിടയിൽ നാടകീയരംഗങ്ങൾ ഉണ്ടായതോടേ ക്ഷേത്ര ഭാരവാഹികൾ രണ്ടുചേരിയായി തിരിഞ്ഞ് നിലപാടുകൾ വ്യക്തമാക്കുകയാണ്. രാവിലെ 10.30 ന് എത്തിയ സരിത എസ് നായർ ഉച്ചയ്ക്ക് 1.45 നാണ് ആര്യാട് വ്യാസപുരത്തുനിന്നും മടങ്ങിയത്.