- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോജി റോയിക്കു വേണ്ടി ഫേസ്ബുക്ക് കുരച്ചാൽ എന്തു പേടിക്കാൻ? അട്ടപ്പാടിയിലെ പാവങ്ങൾക്ക് എന്ത് സ്വാധീനം? സരിതയ്ക്കുവേണ്ടി വിയർപ്പൊഴുക്കുന്ന സർക്കാരിനോട് സ്നേഹപൂർവ്വം ചില ചോദ്യങ്ങൾ
ഒരു പിടി മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാസങ്ങളായി നിൽപ്പ് സമരം നടത്തുന്ന ഒരുകൂട്ടം ആദിവാസികൾ ആ സെക്രട്ടറിയേറ്റ് നടയിൽ തന്നെയുണ്ട്. ഒരു നേരം ഭക്ഷണം കഴിക്കാനില്ലാതെ വെയിലേറ്റ് വാടി വീണു മരിച്ചു പോകുന്ന ആദിവാസി കുഞ്ഞുങ്ങൾ അനേകം അട്ടപ്പാടി എന്ന ഗ്രാമത്തിലുണ്ട്. തലസ്ഥാനത്തെ പ്രമുഖരായ ചിലർ നടത്തുന്ന കിംസ് എന്ന ആശുപത്രിയുടെ പത്താം നിലയിൽ നിന്നും മാനേജ്‌മെന്റിന്റെ പീഡനം സഹിക്കാനാകാതെ എടുത്തുചാടി മരിച്ച റോജി റോയ് എന്നൊരു പെൺകുട്ടിയുടെ കഥ ഈ കമ്മീഷനുകൾ കേട്ടിട്ടുണ്ടോ? ആശുപത്രിയുടെ പേരുപോലും പറയാതെ പത്രങ്ങൾ രക്ഷിച്ച കേസാണത്. ബധിരരായ മാതാപിതാക്കളുള്ള ഒരു പാവപ്പെട്ട കുടുംബത്തിലെ ഏക ആശ്രയമാണ് മരണപ്പെട്ടത്. ആരും പരാതി നൽകില്ലെങ്കിലും സ്വയം പരാതി രജിസ്റ്റർ ചെയ്ത് അന്വേഷിക്കപ്പെടേണ്ട കേസാണിത്. ഒരു പാവപ്പെട്ട നഴ്‌സിങ് വിദ്യർത്ഥിനിക്ക് എന്തു മനുഷ്യാവകാശം?
സോളാർ കേസ് ഇത്രയേറെ ശ്രദ്ധ നേടിയത് എന്തുകൊണ്ട് എന്ന് പലരും ഇതിന് മുമ്പ് ഉന്നയിച്ചിട്ടുള്ള ഒരു ചോദ്യമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല സർവ്വ പ്രമുഖരും ഇടയ്ക്കിടെ ചോദിക്കാറുണ്ട്? അതിനൊക്കെ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു. സെക്‌സും ക്രൈമും വഞ്ചനയും എല്ലാം ചേരുമ്പടി ചേർന്ന ഒരു ഡി്റ്റക്ടീവ് നോവൽ പോലെ സുന്ദരമായിരുന്നു സോളാർ നാടകം. ഇതിനേക്കാൾ പണം അടിച്ചുമാറ്റിയ തട്ടിപ്പുകൾ പലതും 'വെറും തട്ടിപ്പു' മാത്രമായിരുന്നപ്പോൾ ഈ കേസിൽ അനുനിമിഷം വിഐപി കഥാപാത്രങ്ങൾ കടന്നു വന്നു.
അതുകൊണ്ടു തന്നെ ഏറെ വൈകാതെ സോളാർ തട്ടിപ്പിലെ മുഖ്യകഥാപാത്രം സരിത എസ് നായർ ജയിലിൽ നിന്നും പുറത്തിറങ്ങുകയും കേരളം മുഴുവൻ നടന്ന് കേസുകൾക്ക് സെറ്റിൽമെന്റ് ഉണ്ടാക്കുകയും ചെയ്യുന്നു. അതിനിടയിൽ ഒരു സംഘം മാദ്ധ്യമ പ്രവർത്തകർ സരിതയെ ഒരു സെലബ്രിറ്റിയാക്കി മാറ്റുകയും ചാനൽ ചർച്ചകളിൽ സജീവമാകുകയും മാസികകളുടെ കവർ ഗേളാക്കുകയും ചെയ്തു. സരിത വായിക്കപ്പെടുമെന്ന വിഷയമായതോടെ എവിടെ ചെന്നാലും ചാനൽ ക്യാമറകൾ ഒപ്പം കൂടാനും പത്രസമ്മേളനങ്ങൾ ഒരുങ്ങാനും തുടങ്ങി. ഈ പ്രവണത അതിരുവിട്ടപ്പോൾ തികച്ചും തെറ്റായ ഈ മാതൃക സൃഷ്ടിക്കുന്നതിനെതിരെ കടുത്ത ഭാഷയിൽ മറുനാടൻ മലയാളി എഴുതുകയുണ്ടായി. ഒരു സംഘം മാദ്ധ്യമ പ്രവർത്തകരെ കൈയിലെടുത്തുകൊണ്ട് സരിത നടത്തിയ നീക്കങ്ങൾക്കിടയിൽ മറുനാടൻ മലയാളി നടത്തിയ ഇടപെടൽ സരിതയ്ക്ക് ഒട്ടൊന്നുമല്ല അസ്വസ്ഥതയുണ്ടാക്കിയത്.
കേരളത്തിലെ സർവപത്രങ്ങളും ചാനലുകളും ഓൺലൈൻ മീഡിയകളും സോഷ്യൽ നെറ്റ്‌വർക്കുകളും ഏതാണ്ട് ഒരു വർഷമായി സരിതയെ തുടർച്ചയായി ആഘോഷിച്ചിട്ടും ഇന്നേവരെ പരാതി കൊടുക്കാതിരുന്ന സരിത ഇതുവരെ ഏതെങ്കിലും ഒരു മാദ്ധ്യമത്തിനെതിരെ ആദ്യമായി പരാതിപ്പെടുന്നത് മറുനാടൻ മലയാളിയെക്കുറിച്ചാണ് എന്നത് മാത്രം മതി സരിത എത്രമാത്രം പ്രകോപിതയായി എന്നു മനസ്സിലാക്കാൻ. പരാതി കൊടുക്കാനുള്ള അവകാശം സരിതയ്ക്കുണ്ട്. അങ്ങനെ പരാതി ലഭിച്ചാൽ അത് അന്വേഷിക്കാനുള്ള ചുമതല ഉദ്യോഗസ്ഥന്മാർക്കുമുണ്ട്. എന്നാൽ അനേകം പാവപ്പെട്ടവർ നീതി നിഷേധത്തിന്റെ അങ്ങേത്തലയ്ക്കൽ ഇരിക്കുമ്പോൾ സരിത തന്നെ റെക്കോർഡ് ചെയ്തു എന്നു സമ്മതിച്ച ഒരു വീഡിയോ ദൃശ്യത്തിനുവേണ്ടി സർക്കാരിന്റെ മൂന്ന് വ്യത്യസ്തമായ സംവിധാനങ്ങൾ ഒരേ സമയം ഉപയോഗപ്പെടുത്തേണ്ടതുണ്ടോയെന്ന ചോദ്യമാണ് ഞങ്ങൾ ഉന്നയിക്കുന്നത്.
സരിതയുടെ പരാതിയെത്തുടർന്നാണ് മറുനാടൻ മലയാളിക്കെതിരെ കേസ് എടുത്ത് അന്വേഷിക്കാൻ സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനാണ് ഇന്നലെ ഡിജിപിക്ക് ഉത്തരവ് നൽകിയത്. വാട്ട്‌സാപ്പ് ദൃശ്യങ്ങൾ പുറത്ത് വന്ന ഉടൻ പത്തനംതിട്ട കോടതിയിൽ പരാതി നൽകുകയും പിറ്റേ ദിവസം തന്നെ കോടതി നിർദ്ദേശ പ്രകാരം പത്തനംതിട്ട സിഐ കേസ് എടുത്ത് അന്വേഷിക്കുകയും ചെയ്തു. ആ അന്വേഷണം തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം എഡിജിപി പത്മകുമാറിനെതിരെ സരിത മറ്റൊരു പരാതി നൽകിയത്. അതും പിറ്റേന്ന് തന്നെ അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി ഡിജിപിയെ ചുമതലപ്പെടുത്തി. അതിന് ശേഷമാണ് സമാന വിഷയത്തിൽ മറുനാടൻ മലയാളിക്കെതിരെ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടത്. ഇതനുസരിച്ച് പൊലീസ് ആസ്ഥാനത്തെ ഒരു അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
അതായത് സരിത തന്നെ റെക്കോർഡ് ചെയ്ത ഒരു വാട്ട്‌സാപ്പ് ദൃശ്യം പുറത്ത് വന്നതിനെക്കുറിച്ച് ഒരേ സമയം മൂന്നുതരം അന്വേഷണം നടക്കുന്നു എന്നർത്ഥം. ഇത് തികച്ചും നിയമവിരുദ്ധമായ നടപടിയാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഒരു വിഷയത്തെക്കുറിച്ച് ഒരു ഏജൻസി അന്വേഷണം നടത്തുമ്പോൾ മറ്റൊരു ഏജൻസിക്ക് അന്വേഷിക്കാൻ പാടില്ലെന്നും പുതിയ പരാതികൾ അതുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിൽ ആദ്യം അന്വേഷിക്കുന്ന ഏജൻസി തന്നെ ഇതും അന്വേഷിക്കണമെന്നും കോടതി നിർദ്ദേശങ്ങൾ പോലുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് സരിത പരാതി കൊടുക്കുന്ന അതേ നിമിഷം സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നത്. മറുനാടൻ മലയാളിക്കെതിരെ സരിതയ്ക്കുള്ള പരാതി വാസ്തവത്തിൽ മാനനഷ്ട കേസായി കോടതിയിൽ നൽകേണ്ടതാണ്. അതിൽ പൊലീസിന് പോലും കാര്യമില്ലെന്നിരിക്കവേയാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.[BLURB#1-H]
എന്തുകൊണ്ടാണ് സർക്കാർ സംവിധാനങ്ങൾ ഇത്ര കാര്യമായി സരിതയ്ക്കു വേണ്ടി പ്രവർത്തിക്കുന്നത്? ഒരു സാധാരണക്കാരൻ നീതി തേടി ചെന്നാൽ അത് പരിഗണിക്കാൻ പോലും മര്യാദയില്ലാത്ത സംവിധാനങ്ങളാണ് സരിതയ്ക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കുന്നത്. സരിതയുടെ കേസ് അന്വേഷിക്കാൻ താത്പര്യം കാട്ടിയ ഇതേ മനുഷ്യാവകാശ കമ്മീഷന് കഴിഞ്ഞ വർഷം മറുനാടൻ ഒരു പരാതി നൽകിയിരുന്നു. കരിക്കിനേത്തുകൊലപാതകത്തിലെ കള്ളത്തരങ്ങൾ അന്വേഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ പരാതി. എന്നാൽ അങ്ങനെ ഒരു പരാതി ലഭിച്ചു എന്നു പോലും അറിയിക്കാനുള്ള മര്യാദ ഈ കമ്മീഷൻ കാട്ടിയില്ല. എന്നാൽ മറുനാടനെതിരെ ഒരു വ്യാജ പരാതി നൽകിയപ്പോൾ അന്വേഷിക്കാൻ വലിയ ആവേശമാണ് കാട്ടിയത്.
പരാതി കൊടുക്കാൻ കമ്മീഷൻ ഓഫീസിൽ സരിത ചെന്നപ്പോൾ ആരാധനയോടെ ചുറ്റും കൂടിയ ജീവനക്കാരുടെ കാര്യം അവിടത്തെ ചില ജീവനക്കാർ തന്നെ പറഞ്ഞിട്ടുണ്ട്. കമ്മീഷൻ ചെയർമാനെ നേരിട്ട് ഫോണിൽ വിളിച്ച് ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു സരിതയുടെ സന്ദർശനം. ഇതേ കേസ് തന്നെ രണ്ട് ഏജൻസികൾ അന്വേഷിക്കുന്നതുകൊണ്ട് ഇതിൽ ഇടപെടാൻ ബുദ്ധിമുട്ടുണ്ട് എന്നു പറഞ്ഞ് ഒഴിയാൻ കമ്മീഷനിലുള്ള ഒരു നിയമ വിദ്വാന്മാരും ശ്രമിച്ചില്ല. സരിതയ്ക്ക് വേണ്ടി ശുപാർശ ചെയ്യാൻ പരാതികൊടുത്ത ഇടങ്ങളിൽ എല്ലാം മാദ്ധ്യമ പ്രവർത്തകരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു. മറുനാടനെതിരെ കൊടുത്ത പരാതിയിൽ സരിതയ്ക്ക് വേണ്ടി ശുപാർശ നൽകിയത് ചില പ്രമുഖ മാദ്ധ്യമപ്രവർത്തകർ തന്നെയാണ്. സരിതയുടെ പരാതി കൊണ്ട് മറുനാടന്റെ മൂക്കിൽ പൊടി വാരിയിടാമെന്ന് അവർ കരുതിയെങ്കിൽ അവരോട് സഹതാപം മാത്രമേയുള്ളൂ.
ഇവിടുത്തെ പ്രശ്‌നം മറുനാടനെതിരെയുള്ള പരാതിയല്ല. അത് നേരിടാനുള്ള തന്റേടം ഞങ്ങൾക്കുണ്ട്. എന്നു മാത്രമല്ല സരിത എന്ന ദുർമാതൃക കേരളീയ സമൂഹത്തിൽ ഒരു പടരാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ഞങ്ങൾ ചെയ്യുകയും ചെയ്യും. നാലും പതിനൊന്നും വയസ്സുള്ള മക്കളും വിധവയായ അമ്മയും 90 വയസ്സുള്ള മുത്തശ്ശിയുമടങ്ങുന്ന തന്റെ കുടുംബത്തിന് ഇത് അപമാനകരമാണെന്നും അതുകൊണ്ട് തന്നെ ഇത് തന്റെ മനുഷ്യാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നുമാണ് സരിത പരാതിയിൽ പറഞ്ഞിരിക്കുന്നത്. സരിതയുടെ ഏറ്റവും മൂല്യമുള്ളതായ വെളിപ്പെടുത്തലുകൾ മൂലവും ഭീഷണി മൂലവും എത്രയോ കുടുംബങ്ങൾ ഇതിനോടകം കുട്ടിച്ചോറായിട്ടുണ്ട് എന്നു ഈ യുവതി ആലോചിച്ചിട്ടുണ്ടോ? അബ്ദുള്ളക്കുട്ടി എന്ന എംഎൽഎ ബലാൽസംഗം ചെയ്തു എന്നു ചാനൽ കാമറയ്ക്ക് മുമ്പിൽ കൊട്ടിഘോഷിച്ച സരിത അയാൾക്കും ഒരു ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം വിസ്മരിച്ചോ. സരിതയുടെ വിഷയവുമായി ബന്ധപ്പെട്ടുള്ള കളിയാക്കലുകളെ തുടർന്നാണ് ഒരു പ്രമുഖ നേതാവിന്റെ സ്‌കൂളിൽ പഠിക്കുന്ന കുട്ടി ആത്മഹത്യ ചെയ്ത സംഭവം സരിതയ്ക്ക് അറിയില്ലെന്നുണ്ടോ? അതോ ഇവർക്കൊന്നും അമ്മയും പെങ്ങന്മാരും കുടുംബാംഗങ്ങളും ഇല്ല എന്നാണോ സരിത പറയുന്നത്.
സരിതയുടെ വിഷയത്തിൽ ആവേശം കാണിക്കുന്ന മനുഷ്യാവകാശ കമ്മീഷനും സൈബർ സെല്ലും ഡിജിപിയുമൊക്കെ മറന്നു പോകുന്ന ഒരുപാട് പാവപ്പെട്ടവരുടെ ജീവിത കഥകൾ കൂടി ഇവിടെ ബാക്കിയുണ്ട്. ഒരു പിടി മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാസങ്ങളായി നിൽപ്പ് സമരം നടത്തുന്ന ഒരുകൂട്ടം ആദിവാസികൾ ആ സെക്രട്ടറിയേറ്റ് നടയിൽ തന്നെയുണ്ട്. ഒരു നേരം ഭക്ഷണം കഴിക്കാനില്ലാതെ വെയിലേറ്റ് വാടി വീണു മരിച്ചു പോകുന്ന ആദിവാസി കുഞ്ഞുങ്ങൾ അനേകം അട്ടപ്പാടി എന്ന ഗ്രാമത്തിലുണ്ട്. തലസ്ഥാനത്തെ പ്രമുഖരായ ചിലർ നടത്തുന്ന കിംസ് എന്ന ആശുപത്രിയുടെ പത്താം നിലയിൽ നിന്നും മാനേജ്‌മെന്റിന്റെ പീഡനം സഹിക്കാനാകാതെ എടുത്തുചാടി മരിച്ച റോജി റോയ് എന്നൊരു പെൺകുട്ടിയുടെ കഥ ഈ കമ്മീഷനുകൾ കേട്ടിട്ടുണ്ടോ? ആശുപത്രിയുടെ പേരുപോലും പറയാതെ പത്രങ്ങൾ രക്ഷിച്ച കേസാണത്. ബധിരരായ മാതാപിതാക്കളുള്ള ഒരു പാവപ്പെട്ട കുടുംബത്തിലെ ഏക ആശ്രയമാണ് മരണപ്പെട്ടത്. ആരും പരാതി നൽകില്ലെങ്കിലും സ്വയം പരാതി രജിസ്റ്റർ ചെയ്ത് അന്വേഷിക്കപ്പെടേണ്ട കേസാണിത്. ഒരു പാവപ്പെട്ട നഴ്‌സിങ് വിദ്യർത്ഥിനിക്ക് എന്തു മനുഷ്യാവകാശം? അതുകൊണ്ട് ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.
എന്നാൽ എണ്ണിച്ചോദിക്കാൻ പിന്നെയും ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്. ജോമോൻ പുത്തൻപുരയ്ക്കൽ എന്നൊരു സാമൂഹ്യപ്രവർത്തകൻ 23 വർഷമായി സിസ്റ്റർ അഭയ എന്ന ഒരു കന്യാസ്ത്രീയെ കൊന്നവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. കേസുകളും മറുകേസുകളുമായി ജോമോൻ നടന്നിട്ട് എവിടെയായിരുന്നു ഈ കമ്മീഷൻ. മൂന്നോ നാലോ വട്ടം ആത്മഹത്യയാണ് എന്നു കണ്ടെത്തിയ ഏജൻസി പിന്നീട് കൊലപാതകം ആണ് എന്നു കണ്ടെത്തിയിട്ടും ഇതുവരെ പ്രതികളെ കണ്ടെത്തിയിട്ടില്ല. സരിതയ്ക്ക് മാത്രം മനുഷ്യാവകാശങ്ങളും ജീവിക്കാനുള്ള അവകാശങ്ങളും എന്ന അവസ്ഥ എങ്ങനെയാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടായത്. പാവപ്പെട്ടവർ സ്വന്തമായുള്ള രണ്ട് സെന്റ് പുരയിടത്തിന് വേണ്ടി ജീവിതകാലം മുഴുവൻ കോടതി കയറിയിറങ്ങുമ്പോൾ സരിതയുടെ ഒരു ഫോൺകോളിൽ പോലും ഇപ്പോഴും സർക്കാർ മേശയ്ക്കരികിൽ വേഗത്തിൽ ചലിക്കും എന്ന അവസ്ഥ നമ്മുടെ സമൂഹത്തെ അപമാനകരമായ ഒരു അവസ്ഥയിലേക്ക് നയിക്കുമെന്നു തീർച്ച. ഇതിനെതിരെ ജനവികാരം ഉണ്ടാവുക മാത്രമാണ് ഏക പോംവഴി.