കൊച്ചി: സോളാർ വിവാദം ഉണ്ടായ വേളയിൽ ഇതിലെ ലൈംഗിക കഥകളാണ് കൂടുതലായി പുറത്തുവന്നിരുന്നത്. മന്ത്രിമാർ അടക്കമുള്ള ഉന്നതരുമായി സരിതയ്ക്ക് ഉണ്ടായിരുന്ന ബന്ധമായിരുന്നു ഇത്തരം കഥകൾക്ക് പിന്നാലെ പോകാൻ മാദ്ധ്യമങ്ങളെ പ്രേരിപ്പിച്ചതും. ഇപ്പോൾ സോളാർ കമ്മീഷനിൽ സിറ്റിങ് നടക്കുന്നതിന് ഇടെയിലാണ് സോളാറിലെ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങൾ കൂടുതലായി പുറത്തുവന്നത്. വൻ സാമ്പത്തിക - ലൈംഗിക ചൂഷണമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് സരിതയും അവകാശപ്പെടുന്നു. ലൈംഗികമായി തന്റെ ഉപയോഗിച്ചവരുടെ പേര് വിവരങ്ങൾ അടങ്ങിയ കത്ത് സരിത ഇന്നലെ മുദ്രവച്ച കവറിൽ കവറിൽ സോളാർ അന്വേഷണ കമ്മിഷനു കൈമാറി. ഇത് രഹസ്യസ്വഭാവമുള്ള കത്താണെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കൈമാറ്റം. തന്റെ പക്കലുള്ള ഡിജിറ്റൽ തെളിവുകൾ ഇന്നു ഹാജരാക്കുമെന്നും സരിത അറിയിച്ചു.

സരിത നൽകിയ കത്തിന്റെ വിവരങ്ങൾ പുറത്തുവന്നു തടുങ്ങിയിട്ടുണ്ട്. സോളാർ പദ്ധതിക്ക് സഹായ വാഗ്ദാനം ചെയ്ത് ചില മന്ത്രിമാരും നിരവധി എംഎൽഎമാരും പീഡിപ്പിച്ചു എന്നാണ് സരിതയുടെ ആരോപണം. സോളാർ കേസിൽ തനിക്കെതിരേ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി കമ്മിഷനെ അറിയിക്കാനായാണ് വിവരങ്ങൾ എഴുതി മുദ്ര വച്ച കവറിലാക്കി നൽകിയത്. നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും അവയിലുള്ള വിശദീകരണം പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ല. തനിക്കെതിരേ നിലനിൽക്കുന്ന ആരോപണങ്ങൾ കേസിനെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് രഹസ്യമായി തെളിവ് നൽകുന്നതെന്നു സരിത മാദ്ധ്യമങ്ങളോടു പറഞ്ഞു.

മന്ത്രി ആര്യാടൻ മുഹമ്മദ് അപമരിയാദയായി പെരുമാറിയെന്ന് സരിത സോളാർ കമ്മീഷന് നൽകിയ മുദ്രവച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി ആവശ്യത്തിനായി സമീപിക്കേണ്ടിവന്ന പല മന്ത്രിമാരും എംഎ‍ൽഎമാരും തന്നെ ചൂഷണം ചെയ്‌തെന്നും ഇത്തരമൊരു കൂടിക്കാഴ്ചയിൽ മന്ത്രി ആര്യാടൻ മുഹമ്മദ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും കത്തിൽ സരിത വ്യക്തമാക്കുന്നു.

കമ്പനിയുടെ ആവശ്യങ്ങൾക്കായി ആര്യാടനെ നിരവധി തവണ കാണേണ്ടിവന്നു. അത്തരമൊരു സന്ദർഭത്തിൽ ആര്യാടൻ മോശമായി പെരുമാറുകയായിരുന്നു. അച്ഛന്റെ പ്രായമുള്ള ആര്യാടൻ മോശമായി പെരുമാറിയത് വേദനിപ്പിച്ചു. കമ്പനിയുടെ വിവിധ ആവശ്യങ്ങൾക്കായി കേന്ദ്ര, സംസ്ഥാന മന്ത്രിമാരുമായി ഇടപെഴകേണ്ടിവന്നുവെന്നും കത്തിൽ സരിത പറയുന്നു.

കമ്പനി ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി അടക്കം പല മന്ത്രിമാരെയും എംഎൽഎമാരെയും നേരിൽ കണ്ടിട്ടുണ്ട്. ഇവരിൽ പലരിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും സരിത കമ്മീഷനിൽ നൽകിയ കത്തിൽ പറയുന്നു. പത്തനംതിട്ട ജയിലിൽ കഴിയവേ സരിത എഴുതിയ കത്താണ് കമ്മീഷനിൽ ഹാജരാക്കിയത്. സരിതയും നേതാക്കളുമായി അവിഹിതബന്ധമുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകളെ കുറിച്ചുള്ള സത്യാവസ്ഥ സീൽ ചെയ്ത കവറിൽ നൽകാൻ കമ്മീഷൻ അറിയിച്ചിരുന്നു. ഇതേതുടർന്ന് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് കമ്മീഷനിൽ ഹാജരാക്കിയത്.

മുഖ്യമന്ത്രി, ജോപ്പൻ, സലിംരാജ്, തോമസ് കുരുവിള, കെ.സി വേണുഗോപാൽ, അനിൽകുമാർ, ആര്യാടൻ മുഹമ്മദ്, കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസ്.കെ.മാണി, എംഐ ഷാനവാസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ടി.സിദ്ദിഖ് എന്നിവരുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ സരിത കമ്മീഷനിൽ ഹാജരാക്കിയിരുന്നു. ഇത് സോളാർ വിഷയമായിരുന്നോ എന്ന് കമ്മീഷൻ അഭിഭാഷകൻ ചോദിച്ചപ്പോൾ അതു മാത്രമായിരുന്നില്ല, വ്യക്തിപരമായി പലതും ഉണ്ടായിരുന്നുവെന്ന് സരിത മറുപടി നൽകി.

2013ൽ അറസ്റ്റിലാകുന്നതിനു 6 മാസം മുമ്പ് തന്റെ യഥാർത്ഥ പേര് സരിത എസ് നായർ ആണെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്ന് സരിത മൊഴി നൽകി. മല്ലേലിൽ ശ്രീധരൻ നായരിൽ നിന്ന് വാങ്ങിയ തുകയുടെ ഒരു ഭാഗമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ഇതുസംബന്ധിച്ച ബാങ്ക് രേഖകൾ പൊലീസിന്റെ പക്കലുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ക്യാമ്പ് ഹൗസിലും കടുത്തുരുത്തി പഞ്ചായത്തിലും ടീം സോളാർ, സോളാർ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എംആർ അജിത് കുമാർ ആയിരുന്നു അന്ന് കമ്മീഷണറെന്നും സരിത വ്യക്തമാക്കിയിരുന്നു.

എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി യാഥാർഥ്യമാണ്. എന്നാൽ പരാതി നൽകാൻ താൽപര്യമില്ലായിരുന്നു. തന്നെക്കൊണ്ടു പരാതി കൊടുപ്പിച്ചത് ഒരു രാഷ്ട്രീയ നാടകത്തിലെ ഒരധ്യായം മാത്രമായിരുന്നു. തന്നെ കണ്ടിട്ടില്ലെന്ന അബ്ദുള്ളക്കുട്ടിയുടെ വാദം തെറ്റാണ്. പരസ്പരം കണ്ടിട്ടുണ്ട്, സോളാർ പദ്ധതിയെക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിനെതിരായ പരാതി യഥാർഥമാണ്. അതു നൽകിയത് അനവസരത്തിലായിരുന്നു എന്ന് മാത്രമേ താൻ പറഞ്ഞിട്ടൂള്ളുവെന്നും സരിത വ്യക്തമാക്കി.

മന്ത്രിമാരും എംഎൽഎമാരും അടക്കം നിരവധി പേർ പീഡിപ്പിച്ചു എന്ന സരിതയുടെ കത്ത് തെരഞ്ഞെടുപ്പ് വേദിയിലെ ചൂടുള്ള വിവാദമായി മാറുമെന്ന കാര്യം ഉറപ്പാണ്. കത്തിലെ വിവരങ്ങൾ പുറത്തുവരുമ്പോൾ രാഷ്ട്രീയമായി പലർക്കും തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലും ശക്തമാണ്.